Complaint | മൊഗ്രാൽ-പേരാൽ പിഡബ്ല്യുഡി റോഡ്: മഴ കനത്തതോടെ വീണ്ടും ദുരിതം; ഇന്റർലോക്ക് പാകണമെന്ന് ആവശ്യം
മൊഗ്രാൽ-പേരാൽ റോഡ് തകർന്നു, യാത്രക്കാർക്ക് ദുരിതം, റോഡ് സുരക്ഷിതമാക്കണമെന്ന ആവശ്യം.
മൊഗ്രാൽ: (KasargodVartha) തുടർച്ചയായ മഴയെ തുടർന്ന് മൊഗ്രാൽ-പേരാൽ കണ്ണൂർ പിഡബ്ല്യുഡി റോഡിന്റെ അവസ്ഥ ദിനംപ്രതി വഷളാകുകയാണ്. ചളിയങ്കോട് വളവിൽ റോഡിന്റെ കരകൾ വ്യാപകമായി ഇടിഞ്ഞതിനാൽ വാഹന ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
മഴക്കാലത്തിന് മുന്നോടിയുള്ള ശുചീകരണം നടത്താത്തതിനാൽ ഓവുചാലുകൾ മൂടപ്പെട്ട കിടക്കുന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. ഇതോടെ റോഡിലൂടെ ഒഴുകിയ മഴവെള്ളമാണ് റോഡിന്റെ അടിത്തറയെ തകർത്ത് കരകൾ ഇടിയുന്നതിന് കാരണമായത്.
യാത്രക്കാരുടെയും വാഹന ഉടമകളുടെയും ആവലാതി
രണ്ടാഴ്ചയായി തുടരുന്ന തീവ്ര മഴയിലാണ് റോഡിന് ഈ അവസ്ഥ ഉണ്ടായിരിക്കുന്നത്. മഴയ്ക്ക് ശമനമുണ്ടായാൽ റോഡിന് ഇരുവശങ്ങളിലുമായി കോൺക്രീറ്റ് ചെയ്യുകയോ, ഇന്റർലോക്ക് സംവിധാനം ഒരുക്കുകയോ വേണമെന്നാണ് യാത്രക്കാരുടെയും, വാഹന ഉടമകളുടെയും ആവശ്യം.
ഇരുവശങ്ങളിലുമായി വ്യാപകമായി കര ഇടിഞ്ഞതിനാൽ വാഹനങ്ങൾ റോഡിൽ ഒതുക്കി നിർത്താൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്. ഇത് ഗതാഗതക്കുരുക്കിന് കാരണമായി മാറിയിരിക്കുകയാണ്.
ഈ റൂട്ടിലൂടെ നിരവധി ടൂറിസ്റ്റ് ബസുകളും കെഎസ്ആർടിസി ബസുകളും ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങളും, സ്വകാര്യ വാഹനങ്ങളും സഞ്ചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ റോഡ് സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
#MogralPeral #Kerala #roaddamage #rainfall #disaster #infrastructure #PWD #traffic #transportation