കൃഷ്ണന് മഹ്‌മൂദിന്റെ ഖബറിടത്തിൽ പോകാതിരിക്കാനാവുന്നില്ല; നാട്ടുകാർക്ക് ഇത് നൊമ്പരക്കാഴ്ച
● ചളിയങ്കോട് റേഷൻ കട നടത്തുകയാണ് കൃഷ്ണൻ
● കാസർകോട്ടെ മുൻ വസ്ത്ര വ്യാപാരിയായിരുന്നു മഹ്‌മൂദ്
● രണ്ടര വർഷം മുമ്പ് ഹൃദയാഘാതം മൂലമായിരുന്നു മഹ്‌മൂദിൻ്റെ മരണം
● മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദിലാണ് ഖബറിടമുള്ളത്
● മിക്ക ദിവസങ്ങളിലും കൃഷ്ണൻ സുഹൃത്തിൻ്റെ ഖബറിടത്തിൽ എത്തും
മൊഗ്രാൽ: (KasargodVartha) മനുഷ്യൻ ഒരു സാമൂഹിക ജീവി എന്ന നിലയ്ക്ക് നല്ല സൗഹൃദ ബന്ധങ്ങൾ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. അത് ജീവിതത്തിൽ സന്തോഷവും ആനന്ദവും പ്രദാനം ചെയ്യുന്നുമുണ്ട്. ഒരു ചെറുപുഞ്ചിരിയിൽ തുടങ്ങിയ സൗഹൃദം പലപ്പോഴും ചിലരിലെങ്കിലും ഒരിക്കലും വേർപ്പെടുത്താനാവാത്ത വിധം ദൃഢമാകാറുമുണ്ട്. ജാതി-മത-പ്രായ ഭേദമന്യേ മനസ്സുകൾ തമ്മിൽ ഇടപഴകുന്ന ഈ ബന്ധത്തിന്റെ ഒരു നേർക്കാഴ്ചയാണ് മൊഗ്രാലിൽ ചളിയങ്കോട് റേഷൻ കട നടത്തുന്ന കൃഷ്ണൻ പെർവാഡിൻ്റേത്.
ഹൃദയത്തിൽ തങ്ങിനിൽക്കുന്ന ഓർമകൾ
വലിയ സൗഹൃദബന്ധമായിരുന്നു കാസർകോട് വസ്ത്ര വ്യാപാരിയായിരുന്ന മൊഗ്രാൽ മഹ്‌മൂദ് ബ്രാൻഡും കൃഷ്ണനും തമ്മിലുണ്ടായിരുന്നത്. സൗഹൃദം പലപ്പോഴും അങ്ങനെയാണ്, മരിച്ചാലും ആ ബന്ധം ഹൃദയത്തിൽ എന്നും തങ്ങിനിൽക്കും.
'ചങ്ക്' എന്നൊക്കെ പറയാറില്ലേ, അതായിരുന്നു മഹ്‌മൂദും കൃഷ്ണനുമായുള്ള സൗഹൃദബന്ധം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു രണ്ടര വർഷം മുമ്പ് മഹ്‌മൂദ് മരിച്ചത്. മൊഗ്രാലിനെ നൊമ്പരപ്പെടുത്തിയ മരണവാർത്ത. അത് കൃഷ്ണന്റെ മനസ്സിലുണ്ടാക്കിയ മുറിവ് ചെറുതായിരുന്നില്ല.
കരഞ്ഞുതീർത്ത ദിനങ്ങൾ
മരണവിവരം കേട്ടത് മുതൽ കൃഷ്ണൻ അസ്വസ്ഥനായിരുന്നു. ഒരാഴ്ചക്കാലം ഭക്ഷണം പോലും ഉപേക്ഷിച്ച് കൃഷ്ണൻ സങ്കടം കരഞ്ഞു തീർക്കുകയായിരുന്നു. സുഹൃത്തുക്കൾക്ക് പോലും കൃഷ്ണനെ ആശ്വസിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ആശ്വസിപ്പിക്കുന്നവരിലും കണ്ണുനീരുണ്ടായിരുന്നു.
ഖബറിടത്തിലെ കണ്ണീർക്കാഴ്ച
മഹ്‌മൂദ് വിടപറഞ്ഞു പോയിട്ട് രണ്ടര വർഷം കഴിഞ്ഞിട്ടും കൃഷ്ണന്റെ മനസ്സിൽ നിന്ന് മഹ്‌മൂദിനെ മാറ്റിനിർത്താനാവുന്നില്ല. മഹ്‌മൂദ് എന്നും തന്റെ മുൻപിൽ നിൽക്കുന്നത് പോലെ തോന്നും. സുഹൃത്തിനെ കാണാൻ ഒട്ടുമിക്ക ദിവസങ്ങളിലും കൃഷ്ണൻ മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറിനരികിലെത്തും.
അവിടെനിന്ന് സുഹൃത്തിന് വേണ്ടി കണ്ണുനീർ പൊഴിക്കും. ചന്ദനത്തിരി കത്തിച്ചുവെക്കും. പൂച്ചെടികൾ നടും, ഖബർ വൃത്തിയായി സൂക്ഷിച്ചു വെക്കും. ഈ കാഴ്ച നാട്ടുകാരെ പോലും നൊമ്പരപ്പെടുത്തുന്നുണ്ട്. രക്തബന്ധത്തിനപ്പുറം സ്നേഹവും വിശ്വാസവും പരസ്പര പിന്തുണയും കൊണ്ട് സ്വയം തിരഞ്ഞെടുക്കപ്പെടുന്ന സൗഹൃദ ബന്ധങ്ങളുടെ നേർക്കാഴ്ചയാണ് കൃഷ്ണൻ്റേതെന്ന് നാട്ടുകാർ പറയുന്നുമുണ്ട്.
മതങ്ങൾക്കും അതിർവരമ്പുകൾക്കും അപ്പുറമുള്ള ഈ സൗഹൃദത്തിന്റെ നേർക്കാഴ്ച നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ രാഷ്ട്രീയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Krishnan visits his late friend Mahmood's grave every day in Mogral.
#TrueFriendship #MogralNews #KasaragodNews #HumanInterest #KeralaNews #CommunalHarmony #AparnaNews






