കലോത്സവ സമാപനത്തിൽ 'പതിവ് തെറ്റിച്ചില്ല': മൊഗ്രാൽ സ്കൂളിൽ വിദ്യാർഥി സംഘർഷം
● നാട്ടുകാർ ഇടപെട്ടിട്ടും സംഘർഷം നിയന്ത്രിക്കാനായില്ല.
● സംഘർഷത്തിൽ പരിക്കേറ്റ വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി.
● സംഘർഷത്തിൽ ഭാഗമല്ലാത്തവരെയും പോലീസ് അടിച്ചോടിച്ചതായി ആക്ഷേപം.
● സമീപ സ്കൂളുകളിലെ വിദ്യാർഥികളും യുവാക്കളും സംഘർഷത്തിൽ പക്ഷം ചേർന്നതായി നാട്ടുകാർ.
മൊഗ്രാൽ: (KasargodVartha) മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ കലോത്സവ സമാപനത്തിൽ പതിവ് തെറ്റിക്കാതെ വിദ്യാർഥികൾ തമ്മിലടിച്ചു. സംഘർഷം നിയന്ത്രിക്കാൻ സ്ഥലത്തെത്തിയ പോലീസ് ലാത്തി വീശി. നാട്ടുകാർ ഇടപെട്ടിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് കുമ്പള പോലീസിന്റെ ഇടപെടലുണ്ടായത്.
സ്കൂൾ പരിസരത്തും, മൊഗ്രാൽ ടൗണിലും കൂട്ടംകൂടി സംഘർഷത്തിൽ ഏർപ്പെട്ട വിദ്യാർഥികളെയാണ് പോലീസ് അടിച്ചോടിച്ചത്.
എന്നാൽ, സംഘർഷത്തിൽ ഭാഗമല്ലാത്ത നിരപരാധികളായ വിദ്യാർഥികളെയാണ് പോലീസ് ലാത്തി കൊണ്ട് അടിച്ചോടിച്ചതെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. സംഘർഷത്തിനിടെ പരിക്കേറ്റ ചില വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടിയതായും റിപ്പോർട്ടുകളുണ്ട്.
കലോത്സവ സമാപനത്തിൽ അടി ഉണ്ടാക്കുക എന്നത് വിദ്യാർഥികൾ ഒരു 'ട്രെൻഡായി' മാറ്റുകയാണെന്ന് നാട്ടുകാർ പറയുന്നു. വിദ്യാർഥികളുടെ കൂട്ടയടിയിൽ സമീപ പ്രദേശങ്ങളിലെ സ്കൂളുകളിൽ നിന്ന് വന്ന വിദ്യാർഥികളും യുവാക്കളും പക്ഷം ചേർന്നത് സംഘർഷത്തിന്റെ വ്യാപ്തി വർധിപ്പിച്ചതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
സംഘർഷ സാധ്യത കണക്കിലെടുത്ത് പിടിഎ കമ്മിറ്റി നേരത്തേ തന്നെ പോലീസിൻ്റെ സാന്നിധ്യം അഭ്യർഥിച്ചിരുന്നതുമാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ പങ്കുവെക്കുക. വാർത്ത സുഹൃത്തുക്കളുമായി പങ്കിടുക.
Article Summary: Student clash during Mogral GVHSS Kalolsavam closing; Police baton charge, many injured.
#Mogral #Kalolsavam #StudentClash #PoliceAction #Kasargod #GVHSS






