Overflowed | അരക്കോടി രൂപ ചിലവഴിച്ച് പാതിവഴിയിൽ ഉപേക്ഷിച്ച മൊഗ്രാൽ കാടിയംകുളം നിറഞ്ഞുകവിഞ്ഞു; കെകെ പുറം നിവാസികൾക്ക് ദുരിതം
മൊഗ്രാൽ: (KasargodVartha) രണ്ടു പതിറ്റാണ്ടിനുള്ളിൽ ശുദ്ധജല പദ്ധതിക്കായും, കൃഷി ആവശ്യത്തിനുള്ള വെള്ളം ശേഖരിക്കുന്നതിനായും അരക്കോടി രൂപ ചിലവഴിച്ച് പാതിവഴിയിൽ ഉപേക്ഷിച്ച കാടിയംകുളം, ശക്തമായ മഴയിൽ വെള്ളം നിറഞ്ഞു കവിഞ്ഞതോടെ ദുരിതത്തിലായത് കെകെ പുറം പ്രദേശവാസികൾ. കാടിയംകുളത്ത് നിന്ന് നിറഞ്ഞു കവിഞ്ഞൊഴുകുന്ന വെള്ളം കഴിഞ്ഞവർഷം പുതുതായി നിർമിച്ച കെകെ പുറം ലിങ്ക് റോഡിലൂടെയാണ് ഒഴുകുന്നത്.
ഇവിടെ ഓവുചാല്‍ സംവിധാനമില്ലാത്തതാണ് പ്രദേശവാസികൾക്ക് ദുരിതമായി മാറിയത്. മുട്ടോളം വെള്ളത്തിലാണ് വിദ്യാർഥികൾ അടക്കമുള്ള പ്രദേശവാസികൾ തൊട്ടടുത്ത മൊഗ്രാൽ ഗവ. വൊകേഷണൽ ഹയർ സെകഡറി സ്കൂളിലേക്കും, വിവിധ ആവശ്യങ്ങൾക്കായി മൊഗ്രാൽ ടൗണിലേക്കും പോകുന്നത്.
കാടിയംകുളത്ത് നിന്ന് ലിങ്ക് റോഡ് വഴി വരുന്ന വെള്ളത്തിന് വലിയ രീതിയിൽ ഒഴുക്കുള്ളത് രക്ഷിതാക്കളെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. ലിങ്ക് റോഡ് വഴി സ്കൂളിലെത്താൻ എളുപ്പവഴിയായതിനാൽ ഈ റോഡിനെയാണ് വിദ്യാർഥികൾ ഏറെയും ആശ്രയിക്കുന്നത്.
2010-15 കാലയളവിലാണ് കുമ്പള ഗ്രാമപഞ്ചായതിന്റെ പണവും, ഹാർബർ വകുപ്പിന്റെ പണവും ഉപയോഗപ്പെടുത്തി 40 ലക്ഷം രൂപ ചെലവിൽ ചളിയങ്കോട് ജംഗ്ഷൻ-കെകെ പുറം റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. താഴ്ന്ന പ്രദേശമായതിനാൽ അന്ന് തന്നെ റോഡിന് ഓവുചാൽ സംവിധാനവും ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹാർബർ എൻജിനീയർ വിഭാഗം എസ്റ്റിമേറ്റിൽ ഓവുചാൽ സംവിധാനം ഉൾക്കൊള്ളിക്കാത്തത് ദുരിതത്തിന് കാരണമായതായി പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.
കെ കെപുറം റോഡിന് സമീപത്തായി ഓവുചാൽ സംവിധാനം ഒരുക്കണമെന്ന് പ്രദേശവാസികൾ വർഷങ്ങളായി ആവശ്യപ്പെട്ടുവരികയാണ്. നാമമാത്രമായ പഞ്ചായത് തുക അപര്യാപ്തമാകുമെന്നതിനാൽ എംപി ഫണ്ടോ, ഹാർബർ ഫണ്ടോ ലഭ്യമാക്കി അര കിലോമീറ്റർ ദൈർഘ്യമുള്ള കെകെ പുറം റോഡിന് ഓവുചാൽ സംവിധാനമൊരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.