city-gold-ad-for-blogger

മൊഗ്രാൽ ജിവിഎച്ച്എസിൽ സാമ്പത്തിക ക്രമക്കേട്; പ്രിൻസിപ്പൽ ഇൻ ചാർജിന് സസ്പെൻഷൻ

 Mogral Government Vocational Higher Secondary School
Photo: Special Arrangement

● സമഗ്ര ശിക്ഷാ അഭിയാൻ, ബിആർസി ഫണ്ടുകൾ എന്നിവയിൽ തിരിമറി നടന്നു
● 33,50,000 രൂപ വ്യക്തിപരമായ ആവശ്യങ്ങൾക്ക് പിൻവലിച്ചതായി സമ്മതിച്ചെന്ന് റിപ്പോർട്ട്
● ജോലിക്ക് ഹാജരാകാതെ രണ്ടു മാസത്തെ ശമ്പളം അനധികൃതമായി കൈപ്പറ്റി
● പിടിഎയും വിവിധ സന്നദ്ധ സംഘടനകളും നടപടിക്കായി നിരന്തരം പരാതി നൽകി
● മന്ത്രി കെ എം ഷാജി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു

കാസർകോട്: (KasargodVartha) മൊഗ്രാൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് അനിൽ കെയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഹയർസെക്കൻഡറി വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ബിന്ദു ആർ ആർ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

ഉത്തരവാദിത്തപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ മാതൃകാപരമായി പ്രവർത്തിക്കേണ്ട അധ്യാപകൻ്റെ ഭാഗത്തുനിന്നുണ്ടായ പ്രവൃത്തികൾ ഗുരുതരമായ സാമ്പത്തിക ക്രമക്കേടും അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ട ലംഘനവുമാണെന്ന് സർക്കാരിന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു.

ഫണ്ട് തിരിമറി ഇങ്ങനെ

ഹയർസെക്കൻഡറി വിഭാഗം സീനിയർ ഫിനാൻഷ്യൽ ഓഫീസർ 2025 ഓഗസ്റ്റ് 21-ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. സ്കൂളിൻ്റെ അക്കൗണ്ടിൽ നിന്നും പിൻവലിച്ച 34,69,100 രൂപയും, സ്കിൽ ഡെവലപ്മെൻ്റ് സെൻ്റർ നിർമാണത്തിനായി സമഗ്ര ശിക്ഷാ അഭിയാൻ അനുവദിച്ച 21,50,000 രൂപയും, ക്ലാസ് റൂം നവീകരണത്തിനായി ബിആർസിയിൽ നിന്ന് ലഭിച്ച 12 ലക്ഷം രൂപയും ഉൾപ്പെടുന്ന ഫണ്ടുകളിൽ നിന്നാണ് തിരിമറി നടത്തിയതെന്നാണ് കണ്ടെത്തൽ.

2024 ഏപ്രിൽ മൂന്നു മുതൽ 2025 ഫെബ്രുവരി 21 വരെയുള്ള കാലയളവിൽ പല ഘട്ടങ്ങളിലായി 33,59,600 രൂപ പിൻവലിച്ചിട്ടുള്ളതായും, ഇതിൽ 33,50,000 രൂപ വ്യക്തിപരമായ ആവശ്യങ്ങൾക്ക് പിൻവലിച്ചതായി രേഖാമൂലം അനിൽ കെ സമ്മതിച്ചിട്ടുള്ളതായും റിപ്പോർട്ടിലുണ്ട്.

കൂടാതെ 2025 ഏപ്രിൽ, മേയ് മാസങ്ങളിൽ ജോലിക്ക് ഹാജരാകാതെയും യഥാസമയം അവധി അപേക്ഷ സമർപ്പിക്കാതെയും രണ്ടു മാസത്തെ ശമ്പളം അനധികൃതമായി കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊതുവിദ്യാഭ്യാസ ഹയർസെക്കൻഡറി വിഭാഗം ഡയറക്ടർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

പരാതിയുമായി സംഘടനകൾ

അധ്യാപകനെതിരെ നടപടി നീളുന്നതിലും പണം തിരിച്ചുപിടിക്കുന്നതിലെ കാലതാമസത്തിലും പ്രതിഷേധിച്ച് സ്കൂൾ പിടിഎ, മൊഗ്രാൽ ദേശീയവേദി, മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് തുടങ്ങിയ സംഘടനകൾ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് നിരന്തരം പരാതികൾ നൽകിയിരുന്നു.

മുൻ മുഖ്യമന്ത്രിക്കും, കണ്ണൂർ ഹയർസെക്കൻഡറി വിഭാഗം പൊതുവിദ്യാഭ്യാസ വകുപ്പ് മേഖല ഉപമേധാവിക്കും, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമായ കെ എം ഷാജിക്കും ഇവർ പരാതി നൽകിയിരുന്നു. ഒടുവിൽ പ്രിൻസിപ്പൽ ഇൻ ചാർജിനെതിരെ വകുപ്പുതല സസ്പെൻഷൻ നടപടി സ്വീകരിച്ചതിനെ പിടിഎ കമ്മിറ്റിയും മറ്റ് സംഘടനകളും സ്വാഗതം ചെയ്തു.

വിദ്യാഭ്യാസ മേഖലയിലെ ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകൾക്കും പങ്കുവെക്കുക. പുതിയ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: Anil K, the Principal in-charge of Mogral Government Vocational Higher Secondary School, has been suspended following an investigation that revealed the misappropriation of over Rs 33.5 lakh from various school funds for personal use.

#MogralGVHSS #KasaragodNews #EducationDepartment #Suspension #FraudCase #KeralaNews #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia