35ലക്ഷം പിൻവലിച്ച സംഭവം: മുൻ പ്രിൻസിപ്പൽ ഇൻ ചാർജിനെതിരെ എസ്എംസി ചെയർമാൻമാർ പോലീസിൽ പരാതി നൽകി
-
മുൻ, നിലവിലെ എസ്.എം.സി ചെയർമാൻമാർ പോലീസിൽ പരാതി നൽകി.
-
വ്യാജ ഒപ്പിട്ടും ചെക്കുകളിൽ തുക തിരുത്തിയും തട്ടിപ്പ് നടത്തിയെന്ന് പരാതിയിൽ പറയുന്നു.
-
പിടിഎ യോഗത്തിലാണ് ക്രമക്കേട് പുറത്തുവന്നത്.
-
അധ്യാപകർ യോഗത്തിൽ മൗനം പാലിച്ചത് വിമർശനത്തിന് ഇടയാക്കി.
-
വിവിധ സർക്കാർ ഫണ്ടുകൾ ദുരുപയോഗം ചെയ്തതായും കണ്ടെത്തി.
മൊഗ്രാൽ: (KasargodVartha) മൊഗ്രാൽ ജിവിഎച്ച് എസ്എസിലെ സ്കൂൾ വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ മുൻ പ്രിൻസിപ്പൽ ഇൻ ചാർജ് കെ. അനിൽ തട്ടിയെടുത്ത സംഭവം പുറത്തുവന്നതിന് പിന്നാലെ പൊലീസിൽ പരാതി.
ഈ ക്രമക്കേടിനെതിരെ മുൻ എസ്.എം.സി ചെയർമാൻ സെയ്യിദ് ഹാദി തങ്ങളും നിലവിലെ എസ്.എം.സി ചെയർമാൻ എൻജിനീയർ ആരിഫും ആണ് കുമ്പള പോലീസിൽ പരാതി നൽകിയത്.
സ്കൂളിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പിടിഎ വിജിലൻസിനും ഡി.ഡി.ക്കും പോലീസിലും പരാതി നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന സ്കൂൾ പിടിഎ യോഗത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ക്രമക്കേട് വെളിച്ചത്തുവന്നത്.
സർവീസിൽ നിന്ന് വിരമിച്ച മുൻ ഹെഡ്മാസ്റ്റർ സുകുമാരൻ കെ. തന്റെ ഭരണകാലത്തെ സാമ്പത്തിക ഇടപാടുകൾ ഓഡിറ്റിന് വിധേയമാക്കിയപ്പോഴാണ് ഈ ക്രമക്കേട് കണ്ടെത്തിയത്. ഇത് പിടിഎ യോഗത്തിൽ വലിയ ഒച്ചപ്പാടിന് വഴിവെച്ചു.
പിന്നീട് പിടിഎ അംഗങ്ങൾ ബാങ്കിൽ അന്വേഷിച്ചപ്പോൾ പണം പിൻവലിച്ചതായും സ്ഥിരീകരിക്കുകയായിരുന്നു. അതിനിടെ, പിടിഎ യോഗത്തിൽ അധ്യാപകർ മൗനം പാലിച്ചത് ഏറെ വിമർശനങ്ങൾക്കും ഇടയാക്കി.
2023-24, 2024-25 വർഷങ്ങളിലെ സ്കൂൾ വികസനത്തിനായുള്ള എസ്എസ്കെ ഫണ്ട് ഉൾപ്പെടെയുള്ള തുകയാണ് മുൻ പ്രിൻസിപ്പൽ ഇൻ ചാർജ് അനിൽ കെ. ദുരുപയോഗം ചെയ്തത്. ചെക്ക് ലീഫിൽ തങ്ങൾ ഇട്ടുകൊടുത്ത ഒപ്പ് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് എസ്.എം.സി ചെയർമാൻമാർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വ്യാജ ഒപ്പിട്ടും പണം പിൻവലിച്ചിട്ടുണ്ട്. സ്കൂളിലെ ദൈനംദിന ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് ചെറിയ തുക എഴുതി ഒപ്പിട്ട ചെക്കിൽ പിന്നീട് വലിയ തുക എഴുതി ലക്ഷങ്ങൾ തട്ടിപ്പ് നടത്തി തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നാണ് എസ്.എം.സി മുൻ ചെയർമാൻ സെയ്യിദ് ഹാദി തങ്ങളും ആരിഫ് എഞ്ചിനീയറും ആരോപിക്കുന്നത്. അനിലിനെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂ.
സ്കൂൾ കെട്ടിട നിർമ്മാണം, കക്കൂസ് നിർമ്മാണം, പഠനോപകരണങ്ങൾ വാങ്ങാനുള്ള ഫണ്ട് തുടങ്ങി സർക്കാരിന്റെ വിവിധ ഫണ്ടുകളിൽ നിന്നാണ് മുൻവർഷം 13 ലക്ഷം രൂപയും ഈ വർഷം 22 ലക്ഷം രൂപയും സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി തട്ടിയെടുത്തത്. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.
Also Read: മൊഗ്രാൽ സ്കൂളിൽ 35 ലക്ഷം കാണാതായി; മുൻ പ്രിൻസിപ്പൽ ഇൻ ചാർജിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പിടിഎ
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായം രേഖപ്പെടുത്തുക.
Article Summary: Mogral GVHSS former principal accused of ₹35 lakh fund embezzlement.
#MogralGVHSS #FundFraud #KeralaNews #PoliceComplaint #FinancialScandal #EducationScam






