Complaint | വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിക്കാതെ ദേശീയപാതയിൽ നടപ്പാത നിർമാണം; കാൽനട യാത്രക്കാരെ കാത്തിരിക്കുന്നത് ദുരിതം
● നടപ്പാതയുടെ വീതി പലയിടത്തും ഒരു മീറ്ററിൽ ഒതുങ്ങുന്നു.
● ദേശീയപാതയ്ക്ക് ഏറ്റെടുത്ത സ്ഥലം പൂർണമായും ഉപയോഗിക്കുന്നില്ല.
● വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് പ്രയാസം
മൊഗ്രാൽ: (KasargodVartha) ദേശീയപാത വികസനത്തോടൊപ്പം നടപ്പാതയുടെ നിർമാണം വൈകുന്നത് കാൽനടയാത്രക്കാർക്ക് ഏറെ ദുരിതമാവുന്നത് ചൂണ്ടിക്കാട്ടിയതിന് പിന്നാലെ ആരംഭിച്ച നിർമാണ പ്രവൃത്തിയും അശാസ്ത്രീയമെന്ന് പരാതി. ഇന്റർലോക്ക് സംവിധാനത്തിലൂടെയാണ് നടപ്പാത ഒരുങ്ങുന്നത്. ദേശീയപാത പടിഞ്ഞാർ ഭാഗത്തുള്ള സർവീസ് റോഡിന് സമാനമായാണ് ആദ്യഘട്ടം എന്ന നിലയിൽ നടപ്പാത നിർമ്മാണം നടന്നുവരുന്നത്.
രണ്ട് മീറ്ററിൽ (ആറ് ഫീറ്റ്) ഒതുങ്ങുന്ന നടപ്പാതയിൽ ഒട്ടനവധി വൈദ്യുതി പോസ്റ്റുകളുണ്ട്. ഇത് മാറ്റി സ്ഥാപിക്കാതെയാണ് നടപ്പാതയിൽ ഇന്റർലോക്ക് പാകിയിരിക്കുന്നത്. നടപ്പാത നിർമാണത്തിലെ കാലതാമസം ചൂണ്ടിക്കാട്ടി നേരത്തെ മൊഗ്രാൽ ദേശീയവേദി നൽകിയ പരാതിക്കുള്ള മറുപടിയിൽ നിർമാണ കരാർ ഏറ്റെടുത്ത യുഎൽസിസി അധികൃതർ വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നു. ഇത് ലംഘിച്ചുകൊണ്ടുള്ള നിർമ്മാണ പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ആക്ഷേപം.
അതിനിടെ രണ്ട് മീറ്റർ വീതിയിൽ നിർമ്മിക്കുന്ന നടപ്പാത പലസ്ഥലങ്ങളിലും സ്ഥലസൗകര്യ കുറവ് മൂലം ഒരു മീറ്ററിലും ഒതുങ്ങി പോകുന്നുണ്ട്. ദേശീയപാതയ്ക്ക് ഏറ്റെടുത്ത സ്ഥലം എന്തുകൊണ്ട് കൃത്യമായി ഉപയോഗപ്പെടുത്തുന്നില്ലെന്ന ആക്ഷേപവും ഇതോടൊപ്പം ഉയരുന്നുമുണ്ട്. ഏറ്റെടുത്ത ഭൂമി അളന്ന് തിട്ടപ്പെടുത്തിയ ശേഷമാണ് ദേശീയപാത നിർമ്മാണ പ്രവൃത്തികൾ തുടങ്ങിയത്. പിന്നീട് സ്ഥലം എവിടെപ്പോയെന്ന് കാൽനടയാത്രക്കാർ ചോദിക്കുന്നുമുണ്ട്.
വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടയാത്രക്കാർക്ക് തടസങ്ങളില്ലാത്ത രീതിയിൽ വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിച്ച് നടപ്പാത നിർമ്മാണം പൂർത്തിയാക്കണമെന്നാണ് കാൽനടയാത്രക്കാരുടെ ആവശ്യം.
#mogral #footpath #constructiondelay #qualityissues #electricpoles #walkway #ulcc #nationalhighway #kerala #india