അജാനൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ മാതൃകാ പഠനം നടത്തും: ഫിഷറീസ് വകുപ്പ് മന്ത്രി
Jul 27, 2012, 17:35 IST
കാസര്‍കോട്: അജാനൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ സ്ഥാപിക്കാന്‍ പൂനയിലെ സിഡബ്ല്യുപിആര്‍എസ് എജന്‍സിയെക്കൊണ്ട് മോഡല്‍ സ്റ്റഡി നടത്തുമെന്ന് എക്‌സൈസ്-ഫിഷറീസ്-ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി കെ.ബാബു പറഞ്ഞു. പഠനം അടുത്ത രണ്ടാഴ്ചക്കകം തുടങ്ങും.
അജാനൂര്‍ പുഞ്ചാവി എന്നീ ഫിഷ് ലാന്റിംഗ് സെന്ററുകള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വ്വെ നടത്താന്‍ അനുവദിച്ച 40 ലക്ഷത്തിന് പുറമെ 18 ലക്ഷം കൂടി അനുവദിക്കുന്നതാണ്. മോഡല്‍ സ്റ്റഡി കഴിഞ്ഞശേഷം പരിസ്ഥിതി പഠനവും നടത്തും. സമഗ്രമായ റിപ്പോര്‍ട്ടും പ്രോജക്റ്റും കേന്ദ്രത്തിന് സമര്‍പ്പിക്കും. ഹാര്‍ബര്‍ നിര്‍മ്മാണ ചെലവിന്റെ 75 ശതമാനം തുക കേന്ദ്രവും ബാക്കി 25 ശതമാനം സംസ്ഥാന സര്‍ക്കാരും വഹിക്കും.
അജാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ മാതൃകാ മത്സ്യ ഗ്രാമ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതിയനുസരിച്ച് പഞ്ചായത്തില്‍ 14 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടിനായി അപേക്ഷ നല്‍കിയ പഞ്ചായത്തിലെ 152 മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ 2.5 ലക്ഷം രൂപ വീതം അനുവദിച്ചു. സംസ്ഥാനത്തെ 222 കടലോര ഗ്രാമങ്ങളിലും, 113 ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലുമായി 30,000 വീടുകള്‍ പദ്ധതിയനുസരിച്ച് നര്‍മ്മിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി ആദ്യഘട്ടത്തില്‍ 3,000 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സംയോജിത മത്സ്യ ഗ്രാമ പദ്ധതി പ്രകാരം ജില്ലയിലെ രണ്ട് മത്സ്യ ഗ്രാമങ്ങള്‍ക്ക് കുടിവെള്ളം, വൈദ്യുതി, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കാന്‍ രണ്ട് കോടി രൂപ വീതം അനുവദിക്കും. ജില്ലയിലെ ഫിഷറീസ് മേഖലയിലെ 23 റോഡുകളുടെ വികസനത്തിനായി 9.57 കോടി രൂപയുടെ ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് 20,000 രൂപയുടെ കക്കൂസ് നിര്‍മ്മിച്ചു നല്‍കും. ഇതില്‍ 17,500 രൂപ ഗ്രാന്റായി അനുവദിക്കും.
ജില്ലയില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് കാസറഗോഡ് ഹാര്‍ബര്‍ ഉള്‍പ്പെടെ 70 കോടിയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കിവരുന്നു. ഇതുകൂടാതെ വലിയപറമ്പ പാലം, മഞ്ചേശ്വരം ഹാര്‍ബര്‍ ഉള്‍പ്പെടെ 60 കോടി രൂപയുടെ വേറെയും വികസന പദ്ധതികള്‍ നടപ്പിലാക്കും. രാമന്തളി-വലിയപറമ്പ പാലം നിര്‍മ്മിക്കാന്‍ 1210 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കും. മത്സ്യസമൃദ്ധി പദ്ധതിയനുസരിച്ച് സംസ്ഥാനത്തെ മത്സ്യോല്പദനം ഒന്നര ലക്ഷം ടണ്ണില്‍ നിന്ന് രണ്ടര ലക്ഷം ടണ്ണായി ഉയര്‍ത്താന്‍ പദ്ധതി തയ്യാറാക്കിയതായി മന്ത്രി അറിയിച്ചു. മത്സ്യക്കുഞ്ഞുങ്ങളെ കൂടുതലായി ഉല്പാദിപ്പിക്കാന്‍ പൊതു സ്വകാര്യ മേഖലകളില്‍ കൂടുതല്‍ ഹാച്ചറികള്‍ സ്ഥാപിക്കും. ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
Keywords: Model study, Ajanur fishing harbour, Minister K.Babu, Kasaragod