ചീമേനിയെ പച്ചപ്പട്ടണിയിക്കുവാന്‍ കുരുന്നുകള്‍
Jul 8, 2012, 11:12 IST
ചീമേനി: ചീമേനി ടൗണിനെ ഹരിതാഭമാക്കുവാന്‍ കര്‍മ്മശേഷിയുടെ മികവത്രയും ഉപയോഗപ്പെടുത്തുവാനുള്ള നീക്കത്തിലാണ് പൊതാവൂരിലെ കുരുന്നുകള്‍. അനുദിനം വളര്‍ച്ചയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ചീമേനി ടൗണിനെ ഹരിത വര്‍ണ്ണമണിയിക്കുവാന്‍ കുരുന്നുകള്‍ അണിനിരക്കുമ്പോള്‍ അവര്‍ക്ക് ഊര്‍ജ്ജവുമായി എത്തുന്നത് മലയാളത്തിലെ വിഖ്യാതനായ എഴുത്തുകാരന്‍ എം. മുകുന്ദന്‍.
വനം വകുപ്പിന്റെ സഹകരണത്തോടെ പൊതാവൂര്‍ മുതല്‍ പാല വരെയും ചീമേനി മുതല്‍ ചാനടുക്കം വരെയും കഴിഞ്ഞ മൂന്ന് വര്‍ഷക്കാലംകൊണ്ട് വനവല്‍ക്കരണത്തിന്റെ ശാശ്വത സന്ദേശം എത്തിച്ച് രണ്ടായിരത്തിലധികം മരങ്ങള്‍ വെച്ചുപിടിപ്പിച്ച പൊതാവൂര്‍ ഏ. യു. പി. സ്‌കൂളിലെ ഹരിതസേന പൊതുസമൂഹത്തിന് മുന്നില്‍ തികച്ചും വേറിട്ട കര്‍മ്മപദ്ധതി എന്ന നിലയിലാണ് സാമൂഹ്യ വനവല്‍ക്കരണത്തിന്റെ സന്ദേശം ഉയര്‍ത്തുന്നത്.
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നടത്തിയ പഠന നിരീക്ഷണങ്ങള്‍ക്കൊടുവില്‍ ചീമേനിയെ പച്ചയണിയിക്കുന്ന ശ്രമങ്ങള്‍ സ്വാഗതാര്‍ഹമെന്ന തിരിച്ചറിവാണ് ജൂലായ് 7 ന് നടക്കുന്ന പരിപാടിക്ക് മികച്ച പിന്തുണയായത്. തന്റെ നിരീക്ഷണങ്ങളിലൂടെ പൊതാവൂരിലെ കുരുന്നുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ മാനിച്ച് കോളമെഴുതിയ മുകുന്ദന്റെ ആഗ്രഹസാഫല്യം കൂടിയാണ് ഈ പരിപാടി. ജൂലായ് 7 ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനത്തോടൊപ്പം ജില്ലാ വനമിത്രാ പുരസ്‌ക്കാര സമര്‍പ്പണവും എം. മുകുന്ദന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കയ്യൂര്‍ - ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ചീമേനി യൂണിറ്റ്, റോട്ടറി ക്ലബ്ബ് ചെറുവത്തൂര്‍, ചീമേനി സര്‍വ്വീസ് സഹകരണ ബേങ്ക്, തിമിരി സര്‍വ്വീസ് സഹകരണ ബേങ്ക്, നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ചീമേനി ശാഖ, യൂനിറ്റി ഹോസ്പിറ്റല്‍ ചെറുവത്തൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീമേനി ശാഖ, കെ. എ. എച്ച്. ഹോസ്പിറ്റല്‍ ചെറുവത്തൂര്‍, കൊടക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക്, ചീമേനി കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ സൊസൈറ്റി, അര്‍ബന്‍ സൊസൈറ്റി ചീമേനി, ചെറുവത്തൂര്‍ ഫാര്‍മേര്‍സ് സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവരാണ് ചീമേനിയെ പച്ചയണിയിക്കുവാനുള്ള പരിശ്രമത്തില്‍ പൊതാവൂര്‍ ഏ. യു. പി. സ്‌കൂളുമായി കൈകോര്‍ക്കുന്നത്.
Keywords: M.Mukundan, Vanamithra award, Podavoor AUP school, Cheemeni, Kasaragod