Criticism | 'പത്രം വായിക്കില്ല', കാസർകോട്ടുകാരുടെ പ്രതികരണ ശേഷിയില്ലായ്മയെ രൂക്ഷമായി വിമർശിച്ച് പിവി അൻവർ എംഎൽഎ
● ഖാസി കേസും, റിയാസ് മൗലവി കേസും ഓർമിപ്പിച്ചു
● മെഡിക്കൽ കോളജിന്റെയും ടാറ്റ ആശുപത്രിയുടെയും അവസ്ഥയും അൻവർ വിമർശിച്ചു.
● പൊലീസ് അതിക്രമങ്ങളെക്കുറിച്ച് പ്രതിഷേധിക്കാത്തതിനെയും ചോദ്യം ചെയ്തു
കാസർകോട്: (KasargodVartha) ജില്ലയിലെ വിവിധ സംഭവങ്ങളിൽ ജനം പ്രതികരിക്കാത്തതിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പി വി അൻവർ എംഎൽഎ. കാസർകോട്ടുകാർക്ക് മന്തി തിന്നാൻ മാത്രമേ നേരമുള്ളൂവെന്നും പത്രം വായിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഓടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മരിച്ച നിലയിൽ കണ്ടെത്തിയ അബ്ദുൽ സത്താറിന്റെ കുടുംബാംഗങ്ങളെ കണ്ട ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഖാസി കേസും, റിയാസ് മൗലവി കേസും, കാസർകോട് മെഡിക്കൽ കോളജിനെക്കുറിച്ചും അൻവർ പ്രതികരിച്ചു. കാസർകോട് നിർമിച്ച ടാറ്റ ആശുപത്രിയുടെ ഇന്നത്തെ സ്ഥിതിയും അദ്ദേഹം ചോദ്യം ചെയ്തു. കാസർകോട്ടും മലപ്പുറത്തും സംസ്ഥാനത്തെ ഏറ്റവും മോശമായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതായും, ഇവരുടെ കൊള്ളരുതായ്മകൾ സഹിക്കാൻ തയ്യാറുള്ളവരാണ് ഈ ജില്ലക്കാരെന്നും അൻവർ ആരോപിച്ചു. പൊലീസിനെതിരെ പ്രതികരിക്കാത്തതിന് കാരണം എന്താണെന്നും അദ്ദേഹം ചോദിച്ചു.
എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് അഞ്ചുവർഷത്തിൽ വച്ചത് എന്നുപോലും ജനങ്ങൾ ആലോചിക്കാറില്ല. കാസർകോട് ജില്ലയിൽ കഴിഞ്ഞ 10 വർഷത്തിനിടെ എത്ര കൊലപാതകങ്ങൾ നടന്നു? ആരാണ് ഉത്തരവാദി? ഖാസി കേസിന്റെ അവസ്ഥയെന്താണ്? പൊലീസും സിബിഐയുമൊക്കെ അന്വേഷിച്ചിട്ടും ഒരു തെളിവും കണ്ടെത്തിയില്ല. ഇതിനൊക്കെ കാരണം ജനങ്ങളുടെ പ്രതികരണശേഷിയുടെ കുറവാണ്.
ഒരു മെഡിക്കൽ കോളജ് കിട്ടിയിട്ട് എത്ര കാലമായി, വലതും നടക്കുന്നുണ്ടോ, കിട്ടിയത് അതേപോലെ കിടക്കുകയാണ്. കോവിഡ് കാലത്ത് ടാറ്റ 68 കോടി രൂപ മുടക്കി 90 ദിവസംകൊണ്ട് ആശുപത്രി ഉണ്ടാക്കി തന്നു. സർകാരിനെ ഏൽപിച്ച ഈ ആശുപത്രിയിൽ ഇപ്പോൾ കാക്കയും പൂച്ചയും പട്ടിയും നിരങ്ങുകയാണ്. അതിനെതിരെ ഒന്ന് പ്രതികരിക്കുകയോ കമിറ്റി ഉണ്ടാക്കുകയോ ചെയ്‌തോ? സർകാരിന് ആശുപത്രിയോട് താത്‌പര്യമില്ല. നാട്ടുകാരെ ഏൽപ്പിച്ചിരുന്നെങ്കിൽ അവർ പിരിവെടുത്ത് നല്ല ഡോക്‌ടർമാരെ വയ്ക്കുമായിരുന്നു. അതിനെതിരെയും കാസർകോട്ടുകാർ പ്രതികരിച്ചിട്ടിലല്ലെന്നും അൻവർ വിമർശിച്ചു.
ഓടോറിക്ഷ നടുറോഡിലിട്ട് താക്കോൽ ഊരിപ്പോവുകയാണ് പൊലീസിലെ ഒരു ഗുണ്ട. റോഡ് ബ്ലോകാവുന്നു. താക്കോൽ കൊണ്ടുപോയാൽ ഞാൻ എങ്ങനെ വണ്ടിയെടുക്കുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. നാലുദിവസം വണ്ടി പൊലീസ് സ്‌റ്റേഷനിൽ പിടിച്ചുവെച്ചു. എന്നിട്ടും എന്തുകൊണ്ട് കാസർകോട്ടുകാർ പ്രതികരിച്ചില്ലെന്നും യൂണിയൻ നേതാക്കളൊക്കെ എവിടെയായിരുന്നു എന്നും അദ്ദേഹം ചോദിച്ചു. കാസർകോട്ടുകാർ തങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പ്രതിഷേധിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ലെന്നും ജനം അലംഭാവം കാണിക്കുന്നത് അധികാരികളെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് അൻവർ ചൂണ്ടിക്കാട്ടുന്നത്.
#PVAnwar #Kasaragod #Criticism #PublicResponse #PoliceMisconduct #Kerala