Disaster | ചുള്ളിക്കര ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് എംഎൽഎയും ജില്ലാ കളക്ടറും
വെള്ളരിക്കുണ്ട്: (KasargodVartha) താലൂക്കിലെ കള്ളാർ വില്ലേജിലെ ചുള്ളിക്കര ജിഎൽപി സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് ഇ ചന്ദ്രശേഖരൻ എംഎൽഎയും ജില്ലാ കളക്ടർ കെ ഇമ്പശേഖറും സന്ദർശിച്ചു. ക്യാമ്പിലെ സ്ഥിതിഗതികൾ വിലയിരുത്തി.
ജില്ലാ കളക്ടർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് നിർദ്ദേശിച്ചു. ക്യാമ്പിലേക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.
കുട്ടിക്കാനം, ഓട്ടക്കണ്ടം, നീലിമല എന്നീ പ്രദേശങ്ങളിൽ നിന്നുള്ള 26 പട്ടികവർഗ്ഗ കുടുംബങ്ങളിലെ 100 പേരാണ് ഈ ക്യാമ്പിൽ താമസിക്കുന്നത്. ഇതിൽ 12 മുതിർന്ന പൗരന്മാരും ഒരു നവജാത ശിശുവും ഉൾപ്പെടുന്നു.
കുട്ടിക്കാനം മുണ്ടമാണി പട്ടികവർഗ്ഗ നഗറും ജില്ലാ കളക്ടർ സന്ദർശിച്ചു. 13 കുടുംബങ്ങൾ താമസിക്കുന്ന ഈ നഗരത്തിലെ നിവാസികളുടെ പരാതികൾ കേട്ട അദ്ദേഹം, വില്ലേജ് ഓഫീസറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണൻ, സബ് കളക്ടർ സൂഫിയാൻ അഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, കുറ്റിക്കോൽ പ്രസിഡന്റ് മുരളി പയ്യങ്ങാനം, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ ജെയ്‌സൺ മാത്യു, തഹസിൽദാർ പി.വി മുരളി, പരപ്പ ടി.ഇ.ഒ കെ.എൽ ബിജു, വില്ലേജ് ഓഫീസർ റുഖിയ പാട്ടിലത്ത്, ആരോഗ്യ വകുപ്പ് ജീവനക്കാർ, പട്ടികവർഗ്ഗ മേഖലയിലെ പ്രവർത്തകർ തുടങ്ങിയവർ ഈ സന്ദർശനത്തിൽ പങ്കെടുത്തു.