ML Ashwini | 'സംസ്ഥാന പാർട്ടിയായി ചുരുങ്ങി', സിപിഎം ജനാധിപത്യ അവകാശങ്ങളെ അംഗീകരിക്കണമെന്ന് എം എൽ അശ്വിനി
* 'അക്രമമാർഗത്തിൽ നിന്ന് സിപിഎം പിന്തിരിഞ്ഞിട്ടില്ല'
കല്യാശേരി: (KasaragodVartha) സംസ്ഥാന പാർട്ടിയായി ചുരുങ്ങിയിട്ടും അക്രമമാർഗത്തിൽ നിന്ന് സിപിഎം പിന്തിരിഞ്ഞിട്ടില്ലെന്നും നിരന്തരമായുണ്ടാകുന്ന തിരിച്ചടികളുടെ പശ്ചാത്തലത്തില്ലെങ്കിലും ജനാധിപത്യ അവകാശങ്ങളെ അംഗീകരിക്കാൻ സിപിഎം തയ്യാറാകണമെന്നും കാസർകോട് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എം.എൽ. അശ്വിനി പറഞ്ഞു.
ലോകസഭാ തെരഞ്ഞെടുപ്പിനിടെ സിപിഎം പ്രവർത്തകരുടെ അക്രമത്തിനിരയായ കല്യാശേരി നിയോജക മണ്ഡലത്തിലെ ബിജെപി ബൂത്ത് ഏജൻ്റ് ബാബുവിനെയും കുടുംബാംഗങ്ങളെയും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ. അക്രമത്തിന് നേതൃത്വം നൽകിയവർക്കെതിരെ കർശനനടപടി വേണമെന്നും എംഎൽ അശ്വിനി ആവശ്യപ്പെട്ടു.
ബിജെപി മാടായി മണ്ഡലം പ്രസിഡൻ്റ് സി. ഭാസ്കരൻ, ജനറൽ സെക്രട്ടറിമാരായ സുജിത്ത് വടക്കൻ, സജീവൻ വെങ്ങര, പയ്യന്നൂർ മണ്ഡലം പ്രസിഡൻ്റ് പനക്കീൽ ബാലകൃഷ്ണൻ, ബിജെപി ജില്ലാ കമ്മിറ്റി അംഗം മോഹനൻ കുഞ്ഞിമംഗലം, കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് സുമേഷ് ദാമോദരൻ, രമേശൻ, ശ്രീജു ആലക്കോട് എന്നിവരും ഒപ്പമുണ്ടായിരുന്നു.