Missing | ചൈനയിൽ നിന്ന് കപ്പൽ യാത്രയ്ക്കിടെ യുവാവിനെ കാണാതായ സംഭവത്തിൽ കാസർകോട്ട് കേസ്
● സംഭവം ചൈനയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്രയ്ക്കിടെ.
● കപ്പൽ അധികൃതർ കുടുംബത്തെ അറിയിച്ചു.
● കാണാതാകുന്നതിന് മുമ്പ് വീട്ടിലേക്ക് വിളിച്ചിരുന്നു.
രാജപുരം: (KasargodVartha) ചൈനയിൽ നിന്ന് കപ്പൽ യാത്രയ്ക്കിടെ കാസർകോട് സ്വദേശിയായ യുവാവ് കാണാതായ സംഭവത്തിൽ രാജപുരം പൊലീസ് കേസെടുത്തു. കള്ളാർ അഞ്ചാല അഞ്ചിറക്കാട്ട് ആൽബർട്ട് ആൻറണിയെ (22) ഈ മാസം നാലിന് രാവിലെ 11 മണിയോടെ കാണാതായെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം.
കപ്പലിൽ ജോലി ചെയ്യുന്ന മകൻ ഇതുവരെ തിരിച്ചെത്തിയില്ലെന്ന് പറഞ്ഞാണ് പിതാവ് ഇപ്പോൾ പരാതി നൽകിയത്. ഫിനാജി മാരിടൈം എന്ന കപ്പലിൽ നിന്നും യാത്രക്കിടെ കാണാതായെന്നാണ് കപ്പൽ അധികൃതർ വീട്ടുകാരെ അറിയിച്ചത്. ആറ് മാസം മുൻപ് ജോലി ലഭിച്ച് കപ്പലിൽ ജോലിക്ക് കയറിയ ആൽബർട്ട്, ചൈനയിൽ നിന്നും ദക്ഷിണാഫ്രികയിലേക്കുള്ള യാത്രക്കിടെയാണ് കാണാതായത്.
കപ്പൽ അധികൃതർ ഇതേ കംപനിയിൽ ജോലി ചെയ്യുന്ന മറ്റൊരു ജീവനക്കാരനായ യുവാവിനെ ഇ-മെയിൽ വഴിവിവരം അറിയിക്കുകയായിരുന്നു. അവധിയിൽ കാസർകോടുള്ള ഇദ്ദേഹമാണ് വിവരം വീട്ടുകാരെ കള്ളാറിലെത്തി അറിയിച്ചത്. കാണാതാവുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വരെ ആൽബർട്ട് വീട്ടിലേക്ക് വിളിച്ച് സംസാരിച്ചിരുന്നു. കപ്പലിൽ കയറുന്നതിന് മുൻപ് എടുത്ത തൻ്റെ ഫോടോയും യുവാവ് വീട്ടുകാർക്ക് അയച്ച് കൊടുത്തിരുന്നു.
യുവാവിനെ കുറിച്ച് യാതൊരു വിവരം ലഭിക്കാതെ വന്നതോടെയാണ് പിതാവ് കെ എം ആൻറണി ബുധനാഴ്ച വൈകീട്ടോടെ രാജപുരം പൊലീസിൽ പരാതി നൽകിയത്. പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്. തുടർ അന്വേഷണം എങ്ങനെയായിരിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
#missingperson #indiansailor #chinesewaters #kasaragod #kerala #findalbertantony