Found Dead | കാണാതായ കാസർകോട്ടെ യുവാവിനെ ബെംഗ്ളൂറിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇക്കഴിഞ്ഞ മെയ് 31ന് രാവിലെ 8.15 മണിയോടെ വീട്ടിൽ നിന്ന് പോയതായിരുന്നു
ബെംഗ്ളുറു: (KasargodVartha) കാണാതായ കാസർകോട്ടെ യുവാവിനെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി. സന്തോഷ് നഗർ കുഞ്ഞിക്കാനം റോഡിൽ മിഹ്റാജ് ശീൻ മൻസിലിലെ ബി എ മുഹമ്മദ് - ശാഹിദ ദമ്പതികളുടെ മകൻ എം എം അബ്‌ശർ അബ്ബാസ് (24) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ് മോർടം നടപടിക്രമങ്ങൾക്ക് ശേഷം ഞായറാഴ്ച രാത്രിയോടെ നാട്ടിലെത്തിക്കും. ബെംഗ്ളുറു പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
വിദ്യനഗറിൽ ചായക്കട നടത്തിവന്നിരുന്നു യുവാവ്. ഇക്കഴിഞ്ഞ മെയ് 31ന് രാവിലെ 8.15 മണിയോടെ കടയിലേക്കെന്ന് പറഞ്ഞു വീട്ടിൽ നിന്ന് പോയ അബ്‌ശർ അബ്ബാസിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സൈബർ സെലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഡെൽഹി, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ബെംഗ്ളുറു എന്നിവിടങ്ങളിൽ മൊബൈൽ ഫോൺ ടവർ ലൊകേഷൻ കാണിച്ചെങ്കിലും കണ്ടെത്താനായില്ല.
ബന്ധുക്കളടക്കം സാമൂഹ്യ മാധ്യമങ്ങളിൽ സന്ദേശങ്ങൾ പങ്കുവെച്ചും യുവാവിനെ കണ്ടെത്താൻ സഹായം അഭ്യർഥിച്ചിരുന്നു. ഇതിനിടയിലാണ് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. യുവാവിന് ഒരു വിധത്തിലുള്ള പ്രശ്‌നങ്ങളൂം ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. കുടുംബത്തിന്റെ ഏക ആൺതരിയായിരുന്നു മരിച്ച അബ്‌ശർ അബ്ബാസ്. സഹോദരങ്ങൾ: അസീല നിസാർ, അൻസീല. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.