Dead Body | കീഴൂരിൽ നിന്ന് കാണാതായ റിയാസിന്റെ മൃതദേഹം തൃശൂരിൽ കടലിൽ കണ്ടെത്തിയെന്ന് സൂചന; ബന്ധുക്കളും പൊലീസും ഉടൻ പുറപ്പെടും
ബന്ധുക്കൾ നേരിട്ടെത്തി മൃതദേഹം തിരിച്ചറിയും
കാസർകോട്: (KasragodVartha) കീഴൂർ ഹാർബറിൽ ചൂണ്ടയിടുന്നതിനിടയിൽ കാണാതായ ചെമ്മനാട് കല്ലുവളപ്പ് സ്വദേശിയും പ്രവാസിയുമായ മുഹമ്മദ് റിയാസിന്റെ (37) മൃതദേഹം തൃശൂർ അഴീക്കോട് കടലിൽ കണ്ടെത്തിയതായി വിവരം ലഭിച്ചു. ഇത് റിയാസിന്റേതാണെന്ന് വസ്ത്രം കണ്ടുള്ള പരിശോധനയിൽ ബന്ധുക്കൾ ഉറപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മേൽപറമ്പ് പൊലീസും റിയാസിന്റെ ബന്ധുക്കളും ഉടൻ തൃശൂരിലേക്ക് പുറപ്പെടുമെന്ന് പൊലീസ് പറഞ്ഞു.
10 ദിവസം മുമ്പ് ഓഗസ്റ്റ് 31ന് പുലർച്ചെ അഞ്ച് മണിക്കാണ് ചൂണ്ടയിടാനായി റിയാസ് വീട്ടിൽ നിന്നും പോയത്. രാവിലെ ഒമ്പത് മണിയായിട്ടും കാണാത്തതിനെ തുടർന്ന് സഹോദരൻ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ഇതിനിടയിൽ കീഴൂർ ഹാർബറിൽ റിയാസിന്റെ സ്‌കൂടറും ചൂണ്ടയ്ക്ക് ഉപയോഗിക്കുന്ന അത്യാധുനിക സാധങ്ങൾ അടങ്ങിയ ബാഗും പ്രദേശവാസികൾ കണ്ടെത്തി പൊലീസിൽ വിവരം അറിയിച്ചിരുന്നു.
തുടർന്ന് മേൽപറമ്പ് പൊലീസും അഗ്നിരക്ഷാ സേനയും കോസ്റ്റൽ പൊലീസും ഫിഷറീസ് വകുപ്പും പ്രദേശത്തെ മീൻപിടുത്ത തൊഴിലാളികളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഒരു പ്രയോജനവും ഉണ്ടായിരുന്നില്ല. പിന്നീട് കർണാടകയിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ സ്ഥലത്തെത്തി മൂന്ന് മണിക്കൂറിലധികം കീഴൂർ കടലിൽ ഡൈവിംഗ് നടത്തിയെങ്കിലും റിയാസിനെ കണ്ടെത്താനായിരുന്നില്ല.
രണ്ട് ദിവസം നാവികസേനയും തിരച്ചിലിന്റെ ഭാഗമായി. ഇതിനിടയിൽ പയ്യോളിയിൽ നിന്നും മീൻ പിടിക്കാൻ പോയ തൊഴിലാളികൾ പുറംകടലിൽ ഒരു മൃതദേഹം കണ്ടുവെന്ന വിവരത്തെ തുടർന്ന് പയ്യോളി മുതൽ ബേപ്പൂർ വരെയും പൊന്നാനി മുതൽ ബേപ്പൂർ വരെയും രണ്ട് ദിവസങ്ങളിലായി മറൈൻ വകുപ്പിന്റെ ബോടിൽ പുറം കടലിൽ തിരച്ചിൽ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല
ഈ സാഹചര്യത്തിൽ നാവിക സേനയുടെ ഹെലികോപ്റ്റർ ഉപയോഗിച്ച് ആകാശ നിരീക്ഷണം നടത്താനുള്ള നടപടിയിലേക്ക് നീങ്ങുന്നതിനിടെയാണ് ഇപ്പോൾ തൃശൂരിൽ മൃതദേഹം കണ്ടെത്തിയെന്ന ദു:ഖകരമായ വാർത്ത പുറത്തുവന്നിരിക്കുന്നത്. മൃതദേഹം ഇപ്പോൾ കൊടുങ്ങല്ലൂർ സർകാർ ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ നേരിട്ടെത്തി തിരിച്ചറിയുന്നതോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. റിയാസിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
#missingperson #founddead #kerala #tragedy #rip #justiceforriyas