Search | റിയാസിനെ തിരഞ്ഞ് ആറാം ദിനം; കീഴൂർ അഴിമുഖത്ത് നിന്നും തലശേരി ഭാഗത്തേക്കും തിരിച്ചും തിരച്ചിൽ തുടങ്ങി
റിയാസിനെ കണ്ടെത്താനുള്ള തിരച്ചിലിന് നാവിക സേനയുടെ സ്കൂബ ഡൈവിംഗ് സംഘം വ്യാഴാഴ്ച കാസർകോട്ട് എത്തുമെന്ന് കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ അറിയിച്ചിരുന്നു
മേൽപറമ്പ്: (kasargodVartha) കീഴൂർ കടപ്പുറത്ത് ചൂണ്ടയിടുന്നതിനിടെ കാണാതായ ചെമ്മനാട് കല്ലുവളപ്പ് സ്വദേശിയും പ്രവാസിയുമായ മുഹമ്മദ് റിയാസിനെ (36) കണ്ടെത്താനുള്ള തിരച്ചിൽ ആറാം ദിവസവും തുടരുന്നു. ഫിഷറീസ് വകുപ്പിന്റെ പട്രോൾ ബോട് വ്യാഴാഴ്ച രാവിലെ കീഴൂർ അഴിമുഖത്തു നിന്നും തലശേരി ഭാഗത്തേക്ക് തിരച്ചിൽ ആരംഭിച്ചു. കണ്ണൂർ ജില്ലയിലെ ഫിഷറീസിന്റെ പട്രോൾ ബോട് എഴിമല ഭാഗത്ത് നിന്നും തലശേരി ഭാഗത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
റിയാസിനെ കണ്ടെത്താനുള്ള തിരച്ചിലിന് നാവിക സേനയുടെ സ്കൂബ ഡൈവിംഗ് സംഘം വ്യാഴാഴ്ച കാസർകോട്ട് എത്തുമെന്ന് കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ അറിയിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്കും ഒമ്പത് മണിക്കും ഇടയിലാണ് കീഴൂർ ഹാർബറിൽ ചൂണ്ടയിടാനെത്തിയ റിയാസിനെ കാണാതായത്. പ്രദേശത്ത് നിന്നും റിയാസിന്റെ ബാഗും സ്‌കൂടറും കണ്ടെത്തിയിരുന്നു.
ദൃക്സാക്ഷികളില്ലാത്തതിനാൽ, കടലിൽ വീണിട്ടുണ്ടെങ്കിൽ ഏതു ഭാഗത്താണ് റിയാസിനെ കാണാതായതെന്നത് വ്യക്തമല്ലാത്തത് തിരച്ചിലിനെ ദുർഘടമാക്കുന്നു. അടിത്തട്ടിലെ ശക്തമായ അടിയൊഴുക്കും തിരച്ചിലിനെ ബാധിക്കുന്നു. റവന്യൂ വകുപ്പ്, പൊലീസ്, ഫയർഫോഴ്സ്, കോസ്റ്റൽ പൊലീസ്, ഫിഷറീസ് വകുപ്പ്, നാട്ടുകാർ എന്നിവർ ശക്തമായ തിരച്ചിൽ നടത്തിവരുന്നുണ്ട്. കോസ്റ്റ് ഗാർഡ് ഡോർണിയർ വിമാനം ഉപയോഗിച്ചും തിരച്ചിൽ നടത്തിയിരുന്നു.
ബുധനാഴ്ച കർണാടകയിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ സ്ഥലത്തെത്തി മൂന്ന് മണിക്കൂറോളം കീഴൂർ കടലിൽ ഡൈവിംഗ് നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. 700 മീറ്ററോളം താഴ്ചയിൽ വരെ തിരച്ചിൽ നടത്തിയിരുന്നു. റിയാസ് ഒരുമാസം മുൻപാണ് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്.
റിയാസിനെ കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും കണ്ടെത്തുന്നതിനായി ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ നടപടികൾ ഉണ്ടാവാത്തത് രൂക്ഷമായ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്ന് നാട്ടുകാരുടെ ശക്തമായ പ്രതിഷേധവും ഇടപെടലും ഉണ്ടായതിന് പിന്നാലെയാണ് ഭരണകൂടം ചില നടപടികൾ സ്വീകരിച്ചത്.
#MissingFisherman #Kerala #Kasargod #SearchOperation #RescueMission #MarineAccident #LocalNews #BreakingNews