Missing | ചൂണ്ടയിടാൻ പോയി കടലിൽ കാണാതായതായി സംശയിക്കുന്ന പ്രവാസിയെ കണ്ടെത്താനുള്ള തിരച്ചിലിന് അഞ്ചാം നാളിലും കാര്യക്ഷമമായ നടപടി സ്വീകരിക്കാതെ ഭരണകൂടം; നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടി
* പ്രവാസിയെ കാണാതായിട്ടും പ്രവാസി വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം
മേൽപറമ്പ്: (KasargodVartha) വിദേശ ചൂണ്ടയുമായി മീൻ പിടിക്കാൻ പോയി കടലിൽ കാണാതായതായി സംശയിക്കുന്ന പ്രവാസിയെ കണ്ടെത്താനുള്ള തിരച്ചിലിന് അഞ്ചാം നാളിലും കാര്യക്ഷമമായ നടപടി സ്വീകരിക്കാതെ ഭരണകൂടം. ചൊവ്വാഴ്ച വൈകീട്ട് മേൽപറമ്പിൽ നിന്നും ചട്ടഞ്ചാലിലെ മേൽപറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് പ്രദേശവാസികളും ബന്ധുക്കളും നടത്തിയ മാർചിൽ പ്രതിഷേധം അണപൊട്ടി. ഏറെനേരം ചെമ്മനാട് വെച്ച് നാട്ടുകാർ കാഞ്ഞങ്ങാട് - കാസർകോട് സംസ്ഥാന പാത ഉപരോധിച്ചു.
ചെമ്മനാട് കല്ലുവളപ്പിലെ കെ റിയാസിനെ (36) യാണ് ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്കും ഒമ്പത് മണിക്കും ഇടയിൽ കാണാതായത്. കോസ്റ്റൽ പൊലീസ് ചെറിയ ബോടിൽ തിരച്ചിൽ നടത്തിയതല്ലാതെ മറ്റ് കാര്യമായ തിരച്ചിലൊന്നും ഉണ്ടായില്ല. ആകാശ നിരീക്ഷണത്തിനും പരിശോധനയ്ക്കുമായി കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ എത്തുമെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ പൊലീസ് മേധാവി ഡി ശിൽപ പ്രദേശവാസികൾക്ക് ഉറപ്പ് നൽകിയിരുന്നുവെങ്കിലും 48 മണിക്കൂർ കഴിഞ്ഞിട്ടും ഹെലികോപ്റ്റർ എത്തിയില്ല. നിസാരമായ രീതിയിലാണ് പ്രശ്‌നം അധികൃതർ കണ്ടിരിക്കുന്നതെന്നാണ് ആക്ഷേപം.
നാട്ടുകാരുടെ റോഡ് ഉപരോധത്തെ തുടർന്ന് മേൽപറമ്പ് ഇൻസ്‌പെക്ടർ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു. തുടർന്ന് കലക്ടർ രാത്രി തന്നെ നാട്ടുകാരെ ചേംബറിലേക്ക് വിളിപ്പിച്ചിരുന്നു. ജനപ്രതിനിധികളായ മൻസൂർ കുരിക്കൾ, ബദ്‌റുൽ മുനീർ, അമീർ പാലോത്ത്, അഹ്‌മദ് കല്ലട്ര , കാണാതായ റിയാസിന്റെ സഹോദരങ്ങളായ റാഫി, ഹബീബ് എന്നിവരാണ് കലക്ടറെ കണ്ട് സംസാരിച്ചത്.
യുവാവിന്റെ സ്‌കൂടറും ബാഗും കണ്ടെത്തിയതിന് പിന്നാലെ റവന്യൂ വകുപ്പും പൊലീസും ഫിഷറീസ് വകുപ്പും നാട്ടുകാരും തിരച്ചിൽ നടത്തുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ശക്തമായ അടിയൊഴുക്ക് തിരച്ചിലിന് പ്രതിബന്ധമായി തീർന്നിട്ടുണ്ട്. തിങ്കളാഴ്ച കോസ്റ്റ് ഗാർഡ് ബേപ്പൂരിലെ ഡോർണൽ വിമാനം ലഭ്യമാക്കി തിരച്ചിൽ നടത്തിയതായി അധികൃതർ ഇവരെ ബോധിപ്പിച്ചിട്ടുണ്ട്.
ഇതിനിടെ തദ്ദേശ അദാലതിൽ പങ്കെടുക്കാൻ കാസർകോട്ട് എത്തിയ മന്ത്രി എംബി രാജേഷിന് കാണാതായ റിയാസിന്റെ ഭാര്യ തിരച്ചിൽ ഊർജിതമാക്കാൻ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. സർകാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്. എംഎൽഎമാരായ അഡ്വ. സി എച് കുഞ്ഞമ്പു, എൻ എ നെല്ലിക്കുന്ന്, എ കെ എം അശ്‌റഫ് എന്നിവരെല്ലാം സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നൽകിയിരുന്നു.
കലക്ടർ ബന്ധുക്കളുമായും ജനപ്രതിനിധികളുമായും നടത്തിയ ആശയ വിനിമയത്തിന് ശേഷം നാവിക സേനയുടെ സ്‌കൂബാ ഡൈവിംഗ് സംഘത്തെ സ്ഥലത്ത് എത്തിക്കാനും തീരുമാനമായിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെ സ്‌കൂബാ ഡൈവിങ് സംഘം എത്തുമെന്നാണ് കലക്‌ടറെ അറിയിച്ചിട്ടുള്ളത്.
അതിനിടെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ ബുധനാഴ്ച സംഭവ സ്ഥലത്ത് എത്തുമെന്ന് എ കെ എം അശ്‌റഫ് എംഎൽഎ അറിയിച്ചു. കീഴൂരിലെത്തിയ ശേഷമാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്. ഈശ്വർ മൽപെ വരുന്നതിന്റെ ചിലവുകൾ സർകാർ വഹിക്കുമെന്ന് എംഎൽഎ വ്യക്തമാക്കി. റവന്യു മന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യം അഭ്യർഥിക്കും. സർകാർ തുക നൽകിയില്ലെങ്കിൽ ബദൽ മാർഗം കണ്ടെത്താൻ ഇഷ്ടം പോലെ വഴിയുണ്ടെന്നും എംഎൽഎ വിശദീകരിച്ചു.
ഷിരൂർ ദുരണത്തിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പോലെ സർവ സന്നാഹങ്ങളുമായുള്ള തിരച്ചിലാണ് ആവശ്യമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎയും ചൂണ്ടിക്കാട്ടി. യുദ്ധകാലാടിസ്ഥാനത്തിൽ തിരച്ചിൽ വേണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ ജെനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പ്രവാസിയായ യുവാവിനെ കടലിൽ കാണാതായിട്ടും മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന പ്രവാസി വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രവാസികളും ചൂണ്ടിക്കാട്ടുന്നു. ഷിരൂരിൽ അർജുനെ പോലെ കീഴൂരിൽ റിയാസും കാണാമറയത്തായത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
#missingperson #kerala #protest #rescue #expatriate