Waterlog | കനത്ത മഴയിൽ ദേശീയപാതയിൽ ദുരിത യാത്ര; സർവീസ് റോഡ് പുഴയായി; പലയിടത്തും ഗതാഗത കുരുക്ക്
പലയിടത്തും ഓവുചാലുകളുടെ പണി പാതിവഴിയിലുപേക്ഷിച്ചത് ദുരിതത്തിന് കാരണമായി
കാസർകോട്: (KasargodVartha) കനത്ത മഴയിൽ ദേശീയപാതയിൽ യാത്രക്കാർക്ക് ദുരിതയാത്ര. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ദേശീയപാതയുടെ സർവീസ് റോഡ് പുഴയായി മാറിയിരിക്കുകയാണ്. ഇത് ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്. വാഹനങ്ങൾ തിങ്ങിനിറഞ്ഞതോടെ റോഡുകളിൽ നീങ്ങാൻ പോലും സാധിക്കാത്ത സ്ഥിതിയായി. ഇരുചക്രവാഹനങ്ങൾ വെള്ളം നിറഞ്ഞ് നിൽക്കുന്ന കുഴികളിൽ വീഴുന്നതും നിത്യസംഭവമായിട്ടുണ്ട്.
ദേശീയപാതയോരത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും ഇടവഴികളിലേക്കും വെള്ളം കയറി. തീവ്ര മഴയെ അശാസ്ത്രീയമായി നിർമിക്കുന്ന ഒരു സംവിധാനത്തിനും തടുക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പാണ് തോരാമഴയിൽ നിന്ന് മനസിലാക്കേണ്ടതും, അധികൃതർ കണ്ണുതുറന്നു കാണേണ്ടതുമെന്ന് യാത്രക്കാർ പറയുന്നു.
മൊഗ്രാൽപുത്തൂരിൽ അടക്കം വെള്ളക്കെട്ട് മണിക്കൂറുകളോളം ഗതാഗത സ്തംഭനത്തിന് വഴിവെച്ചു. ഇവിടെ രണ്ടാഴ്ച മുമ്പ് തന്നെ, വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ ഗതാഗതം പുതിയ റോഡിലേക്ക് തിരിച്ചു വിടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. അധികൃതർ ഇത് ചെവി കൊള്ളാത്തതിനാലാണ് ഞായറാഴ്ച രാത്രി വൈകുവോളം ഗതാഗതം തടസപ്പെടാൻ ഇടയാക്കിയതെന്നാണ് ആക്ഷേപം.
മൊഗ്രാൽ ദേശീയപാതയിൽ സർവീസ് റോഡിൽ വലിയ തോതിലുള്ള വെള്ളക്കെട്ട് വാഹനഗതാഗതത്തെ ബാധിച്ചു. എങ്ങും സർവീസ് റോഡുകളിൽ മുട്ടോളം വെള്ളക്കെട്ടാണ് കാണാൻ കഴിയുന്നത്. അശാസ്ത്രീയമായി നിർമിച്ച ഓവുചാലുകളൊക്കെ മഴവെള്ളപ്പാച്ചിലിൽ നോക്കുകുത്തിയായി മാറി. പലയിടത്തും ഓവുചാലുകളുടെ പണി പാതിവഴിയിലുപേക്ഷിച്ചത് ദുരിതത്തിന് കാരണമായി.
സർവീസ് റോഡിനരികിലെ നടപ്പാത നിർമാണവും എങ്ങും എത്തിയിട്ടുമില്ല. ഇതുമൂലം സർവീസ് റോഡുകളിലൂടെ നടക്കേണ്ടിവരുന്ന വിദ്യാർഥികൾ അടക്കമുള്ള കാൽനടയാത്രക്കാരും വലിയ ഭീഷണിയാണ് നേരിടുന്നത്. ഒരു മീറ്റർ മുതൽ ഒന്നര മീറ്റർ വരെ ഉയരത്തിലാണ് ദേശീയപാതയുടെ നിർമാണം നടക്കുന്നത്. ഇക്കാരണത്താൽ പാതയോരത്തുള്ള സ്ഥാപനങ്ങളും വീടുകളും മറ്റും താഴ്ചയിലായതും ഓവുചാലുകളും മറ്റും ഇല്ലാതായതും വെള്ളം ഇരച്ചുകയറുന്നതിന് വഴിവെച്ചിട്ടുണ്ട്.