Disaster | കരുതലും കൈത്താങ്ങും: നീലേശ്വരം വെടിപ്പുര ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവര്‍ അദാലത്തിലെത്തി; സാന്ത്വനമേകി മന്ത്രിമാര്‍
വെള്ളരിക്കുണ്ട്: (KasargodVartha) നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവര്‍ വെള്ളരിക്കുണ്ടില്‍ കരുതലും കൈത്താങ്ങും അദാലത്തിലെത്തി. കിനാനൂറിലെ കെ വി ഉഷ, കിണാവൂരിലെ യു ജാനകി, മഞ്ഞളംകാട്ടെ കെ സുശീല എന്നിവരാണ് തങ്ങളുടെ കഷ്ടപ്പാടുകള്‍ മന്ത്രിമാരുടെ മുന്നില്‍ അവതരിപ്പിച്ചത്. വീരര്‍ക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ തങ്ങളുടെ കുടുംബത്തിലെ പ്രധാന വരുമാന സ്രോതസ്സുകള്‍ നഷ്ടപ്പെട്ടതോടെ ജീവിതം ദുരിതമയമായെന്നും നിലവിലെ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് എ.എ.വൈ കാര്‍ഡാക്കി ഉയര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
മകന്‍ അപകടത്തില്‍ മരിച്ചതോടെ ആശ്രയമില്ലാതായ കെ സുശീലയുടെ ദുരവസ്ഥ അദാലത്തിനെ കണ്ണീരിലാഴ്ത്തി. മകന്റെ ഭാര്യയും കൊച്ചുകുട്ടികളും 60 വയസ് കഴിഞ്ഞ ഭര്‍ത്താവും മാത്രമാണ് സുശീലയ്ക്ക് ഉള്ളത്. ജോലിക്ക് പോകാന്‍ പോലും സാധിക്കാത്ത അവസ്ഥയാണെന്നും എ.എ.വൈ. റേഷന്‍ കാര്‍ഡ് അനുവദിക്കണമെന്നും സുശീല മന്ത്രിമാരോട് അപേക്ഷിച്ചു. അതുപോലെ, കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മകന്‍ രാജേഷ് അപകടത്തില്‍ മരിച്ചതോടെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണ് താനെന്നും രോഗിയായതിനാല്‍ ജോലിക്ക് പോകാന്‍ സാധിക്കുന്നില്ലെന്നും ജാനകി മന്ത്രിമാരെ അറിയിച്ചു. വിധവയായ താനും വിവാഹം കഴിയാത്ത മകളും മാത്രമാണ് വീട്ടിലുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വേദിയില്‍ നിന്ന് സദസ്സിലേക്ക് ഇറങ്ങിച്ചെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ദുരിതബാധിതരുടെ പരാതികള്‍ നേരിട്ട് കേട്ടു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും ദുരന്തബാധിതരെ ആശ്വസിപ്പിക്കുകയും സര്‍ക്കാര്‍ കൂടെയുണ്ടെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. അദാലത്തില്‍ പരിഗണിച്ച വിഷയമെന്ന നിലയില്‍ ഇവര്‍ക്ക് എ.എ.വൈ. കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ലെന്ന കെ വി ഉഷയുടെ പരാതിയില്‍ മന്ത്രിമാര്‍ അടിയന്തര ഇടപെടല്‍ നടത്തി. ഫണ്ട് ലഭ്യമാക്കുന്നതിനായി ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ എ.ഡി.എമ്മിന് മന്ത്രിമാര്‍ നിര്‍ദേശം നല്‍കി. ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എല്ലാവിധ സഹായവും എത്തിക്കുമെന്നും സര്‍ക്കാര്‍ കൂടെയുണ്ടെന്നും മന്ത്രിമാര്‍ ഉറപ്പുനല്‍കി.
#Kerala #Nileshwaram #fireworkaccident #tragedy #governmentaid #disasterrelief #AAYcard