Public Grievances | ജനങ്ങളുടെ പരാതി കേൾക്കാൻ മന്ത്രിമാരെത്തും; 'കരുതലും കൈത്താങ്ങും' 28ന് കാസർകോട് ടൗൺഹാളിൽ
● താലൂക്ക് തലത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.
● ന്യൂനപക്ഷ ക്ഷേമം, കായികം, ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിക്കും.
● ജില്ലാ കലക്ടർ കെ ഇമ്പശേഖർ സ്വാഗത പ്രസംഗം നടത്തും. എഡിഎം പി അഖിൽ നന്ദി പറയും.
കാസർകോട്: (KasargodVartha) സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിനായി സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് ഡിസംബർ 28ന് കാസർകോട് മുൻസിപ്പൽ ടൗൺഹാളിൽ നടക്കും.
സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾക്ക് അടിയന്തര പരിഹാരം കാണുകയാണ് അദാലത്തിന്റെ പ്രധാന ലക്ഷ്യം. താലൂക്ക് തലത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. കാസർകോട് താലൂക്കിലെ ജനങ്ങളുടെ ചിരകാല ആവശ്യങ്ങൾക്കും പരാതികൾക്കും ഈ അദാലത്തിലൂടെ പരിഹാരമുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
ശനിയാഴ്ച രാവിലെ 10 മണിക്ക് കാസർകോട് മുൻസിപ്പൽ ടൗൺഹാളിൽ വെച്ച് നടക്കുന്ന അദാലത്ത് സംസ്ഥാന രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു പുരാരേഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിക്കും. ന്യൂനപക്ഷ ക്ഷേമം, കായികം, ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി പങ്കെടുക്കും. എൻ എ നെല്ലിക്കുന്ന് എംഎൽഎ, സി എച്ച് കുഞ്ഞമ്പു എംഎൽഎ സംബന്ധിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, കാസർകോട് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ അബ്ബാസ് ബീഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ സിഎ സൈമ, സിജി മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുക്കും. ജില്ലാ കലക്ടർ കെ ഇമ്പശേഖർ സ്വാഗത പ്രസംഗം നടത്തും. എഡിഎം പി അഖിൽ നന്ദി പറയും.
#KasargodEvent #PublicGrievances #MinistersMeet #GovernmentEvent #CareAndSupport #PublicOutreach