മന്ത്രിമാരുടെ പേരിനൊപ്പം 'എ' എന്ന ഇനീഷ്യല്‍ ചേര്‍ക്കേണ്ട ഗതികേടില്‍: ഉഴവൂര്‍ വിജയന്‍
Mar 25, 2013, 16:02 IST
കാസര്‍കോട്: യു.ഡി.എഫിലെ ചില മന്ത്രിമാരുടെ പേരിനൊപ്പം 'എ' എന്ന ഇനിഷ്യല്‍ ചേര്‍ക്കേണ്ട ഗതികേടിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അഭിപ്രായപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്‌ട്രേറ്റ് മാര്‍ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിമാരില്‍ ചിലര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാരുടെ പേരിനു മുന്നില്‍ 'എ' എന്ന് ചേര്‍ക്കണമെന്ന് അദ്ദേഹം പരിഹസിച്ചത്. യു.ഡി.എഫ് ഭരണത്തില്‍ പെണ്‍വാണിഭക്കാരെയും ഗുണ്ടകളെയും കൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുകയാണ്. നാറിയ ഭരണത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വഴി നടക്കാന്‍ കഴിയുന്നില്ല. ഇതൊന്നും അറിയാതെ മുഖ്യമന്ത്രി ഭരണം നിലനിര്‍ത്താനുള്ള തത്രപ്പാടിലാണ്.
വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ വലയുകയാണ്. വിലക്കയറ്റം തടയുക, കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന നയം തിരുത്തുക, പീഡനവും ഗുണ്ടാരാജും അരങ്ങുവാഴുന്ന ക്രമസമാധാന തകര്‍ച പരിഹരിക്കുക, കേരളത്തെ ഇരുട്ടിലാക്കുന്ന വൈദ്യുതി നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എല്‍.ഡി.എഫ് മാര്‍ച് സംഘടിപ്പിച്ചത്.
കാസര്‍കോട് ഗവ കോളജ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച് കലക്‌ട്രേറ്റിന് സമീപമെത്തി ബി.സി റോഡില്‍ ധര്‍ണയോടെ സമാപിച്ചു. കെ.പി സതീഷ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി. രാഘവന്‍ സ്വാഗതം പറഞ്ഞു. എ.കെ നാരായണന്‍, കമലാ സദാനന്ദന്‍, അനന്ദന്‍ നമ്പ്യാര്‍, ഹരീഷ് ബി. നമ്പ്യാര്‍, അസീസ് കടപ്പുറം, പി.പി കുഞ്ഞിരാമന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.