എന്‍ഡോസള്‍ഫാന്‍ ലിസ്റ്റ്: മന്ത്രിതല സംഘം പരിശോധന തുടങ്ങി
Sep 18, 2012, 17:43 IST
മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം.കെ. മുനീര്‍, കൃഷി മന്ത്രി കെ.പി. മോഹനന് എന്നിവരടങ്ങുന്ന മന്ത്രിതല സംഘം പരിശോധന നടത്തുന്നത്. എന്‍ഡോസള്‍ഫാന്‍ സെല്‍ മുമ്പാകെ എത്തിയ 7,000 ത്തോളം അപേക്ഷകളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് മന്ത്രിതല സംഘമാണ്.
കാസര്‍കോട് കലക്ട്രേറ്റില്‍ നടക്കുന്ന ഉന്നതതല യോഗം എല്ലാകാര്യങ്ങളും വിശദമായി പരിശോധിക്കും. അര്‍ഹതയുള്ള എല്ലാവരെയും ലിസ്റ്റില്‍ ഉള്‍പെടുത്തുന്നതോടൊപ്പം അനര്‍ഹരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയും ചെയ്യും. മന്ത്രിതല സംഘം തയ്യാറാക്കുന്ന ലിസ്റ്റായിരിക്കും അന്തിമം. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ രോഗികളുടെ കാര്യത്തിലും മന്ത്രിതല സംഘം തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം മന്ത്രിതല സംഘത്തിന്റെ യോഗം നടക്കുന്ന കലക്ട്രേറ്റില്‍ എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ച നൂറോളം കുട്ടികളുമായി അമ്മമാര്‍ മന്ത്രിമാരെ കാണാന്‍ കാത്തിരിക്കുകയാണ്.
നേരത്തെ കാസര്‍കോട്ടെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടും എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പെടാത്ത ചിറ്റാരിക്കല്‍ മണ്ഡപത്തെ ബാബു-റസ്വി ദമ്പതികളുടെ മകള്‍ ആന്മേരി (എട്ട്) യും മന്ത്രിമാരെ കാണാന്‍ പുറത്ത് കാത്തിരിക്കുകയാണ്. മന്ത്രിമാരെ കൂടാതെ എം.പി. പി. കരുണാകരന്, എം.എല്‍.എ.മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, വിവിധ ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും എന്‍ഡോസള്‍ഫാന്‍ ഉന്നതതല യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
Keywords: Endosulfan, Kasaragod, Collectorate, Conference, Minister, Kerala