കേന്ദ്ര സര്‍വകലാശാല മെഡിക്കല്‍ കോളേജ് പെരിയ ക്യാമ്പസില്‍ തന്നെ: മന്ത്രി പള്ളം രാജു
Jan 5, 2013, 23:01 IST
പെരിയ: കേന്ദ്ര സര്‍വകലാശാലയുടെ കീഴില്‍ ആരംഭിക്കുന്ന മെഡിക്കല്‍ കോളജ് പെരിയയില്‍ തന്നെ സ്ഥാപിക്കുമെന്ന് കേന്ദ്രമാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി ഡോ. എം എം പള്ളം രാജു വ്യക്തമാക്കി. കേന്ദ്രസര്‍വകലാശാലയുടെ ശിലാസ്ഥാപനം ശനിയാഴ്ച രാവിലെ പെരിയയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ കേരളത്തിന് വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ പരിഗണന നല്‍കും. വിദ്യാഭ്യാസത്തിന്റെ നിലവാരവും, ഗുണവും ഉയര്‍ത്താനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചുവരുന്നത്. സ്ഥാപനങ്ങള്‍ ഉണ്ടാക്കുകയോ, കെട്ടിടം നിര്‍മിക്കുകയോ ചെയ്യുന്നതിനല്ല പ്രധാന്യം നല്‍കേണ്ടതെന്നും, മറിച്ച് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനുള്ള മനോഭാവമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം ലഭിക്കുന്നതിനുള്ള പാഠ്യ പദ്ധതിക്ക് മുന്‍തൂക്കം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പെരിയയിലെ കേന്ദ്ര സര്‍വ്വകലാശാല ക്യാമ്പസില്‍ വൈദ്യുതിയും വെള്ളവും എത്തിക്കാന്‍ അടുത്ത ബജറ്റില്‍ മതിയായ ഫണ്ട് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാരായ ശശി തരൂര്‍, ഇ അഹ്മദ്, സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പി കരുണാകരന്‍ എം പി, എംഎല്‍എ മാരായ കെ കുഞ്ഞിരാമന്‍ തൃക്കരിപ്പൂര്‍, എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍ ഉദുമ, ഇ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ജാന്‍സി ജെയിംസ് സ്വാഗതം പറഞ്ഞു. ആധുനിക രീതിയിലുള്ള ഹരിത ക്യാമ്പസാണ് പെരിയയില്‍ 310 ഏക്കറില്‍ സ്ഥാപിക്കുന്നത്.
കേന്ദ്ര പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല. ആദ്യ ബ്ലോക്കിന്റെ നിര്‍മാണം ജൂലൈയില്‍ പൂര്‍ത്തിയാക്കും. മെഡിക്കല്‍ കോളേജിനായി 220 കോടി രൂപയുടെ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. സര്‍വകലാശാലയില്‍ ആറ് സ്‌കൂളുകളുടെ കീഴിലായി 15 വകുപ്പുകളും 14 ബിരുദാനന്തര കോഴ്‌സുകളും ഏഴ് എംഫില്‍, പിഎച്ച്ഡി കോഴ്‌സുകളും നടത്തുന്നുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും രണ്ട് വനിത ഹോസ്റ്റലുകളും തുടങ്ങും. അടുത്ത വര്‍ഷം തുടങ്ങുന്ന കോഴ്‌സുകളും സ്വന്തം കെട്ടിടത്തിലാണ് നടക്കുക.
|
Keywords: Central University Inauguration, Kasaragod, Medical College Periya, Minister Dr. M.M. Pallam Raju, Chief Minister Oommen Chandy, Shashi Taroor, Abdurabb, K. Kunhiraman MLA, N.A. Nellikunnu MLA, C.T. Ahmad Ali, E. Ahmad, Malayalam News, Kerala Vartha.