city-gold-ad-for-blogger

അക്ഷരം ജീവിതം മാറ്റിയെഴുതി; കാസർകോടിൻ്റെ പ്രിയകവി എം എച്ച് സീതിക്ക് സാഹിത്യ വേദിയുടെ സ്നേഹാദരം

 MH Seethi honored by Sahitya Vedi members
Photo: Special Arrangement
  • പതിനൊന്നാം വയസ്സിൽ ഉപ്പയുടെ മരണത്തോടെ സീതിയുടെ കുടുംബം അനാഥമായി.

  • വട്ടിയിൽ സാധനങ്ങൾ വിറ്റാണ് സീതി ജീവിതം ആരംഭിച്ചത്.

  • പാട്ടുപുസ്തകങ്ങൾ വിൽക്കാൻ തുടങ്ങിയത് അക്ഷരം പഠിക്കാൻ പ്രചോദനമായി.

  • ടി. ഉബൈദ് സീതിയെ വഴിയിൽ തടഞ്ഞുനിർത്തി അഭിനന്ദിച്ചിരുന്നു.

  • ഫ്രൈഡേ ക്ലബ്ബ് രൂപീകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

കാസർകോട്: (KasargodVartha) പതിനൊന്നാം വയസ്സിൽ ഉപ്പയുടെ മരണത്തോടെ അനാഥമായ കുടുംബത്തെ പട്ടിണിയില്ലാതെ കരകയറ്റാൻ വട്ടി നിറയെ സാധനങ്ങളുമായി വീടുതോറും നടന്ന് വിൽപന നടത്തി ജീവിതം തുടങ്ങിയ എം.എച്ച്. സീതി എന്ന ചെമ്മനാട്ടുകാരൻ, തൻ്റെ ജീവിതാനുഭവങ്ങൾ വിവരിച്ചപ്പോൾ വീട്ടിലെ സ്വീകരണമുറിയിൽ കൂടിനിന്നവർ സാകൂതം കേട്ടുനിന്നു. അക്ഷരങ്ങളിലൂടെ ജീവിതം മാറ്റിമറിച്ച അദ്ദേഹത്തിന് സ്നേഹാദരം അർപ്പിക്കാനാണ് കാസർകോട് സാഹിത്യ വേദി പ്രവർത്തകർ എരുതുംകടവിലെ വീട്ടിലെത്തിയത്.

പാട്ടുപുസ്തകങ്ങളിൽ നിന്ന് അക്ഷരങ്ങളിലേക്ക്

തുടക്കത്തിൽ സാധനങ്ങളോടൊപ്പം പാട്ടുപുസ്തകങ്ങളും വിൽക്കാൻ തുടങ്ങിയതോടെയാണ് അക്ഷരം പഠിക്കണമെന്ന ആഗ്രഹം സീതിക്ക് തോന്നിയത്. പിന്നീട് ചെമ്മനാട്ടെ അബ്ദുൽ റഹീം മാസ്റ്ററുടെ കീഴിൽ അക്ഷരങ്ങൾ പഠിച്ചു. അക്ഷരം പഠിച്ചതോടെ എഴുതണമെന്ന ചിന്ത മനസ്സിൽ ശക്തിപ്പെട്ടു. താരാട്ടുപാട്ട് എഴുതിയപ്പോൾ രണ്ടു രൂപയ്ക്ക് അത് വാങ്ങാൻ ആളുണ്ടായതാണ് എം.എച്ച്. സീതിയുടെ എഴുത്തുജീവിതത്തിന് പ്രചോദനമായത്. പിന്നീട് രണ്ടു രൂപ 10 ആയും പത്ത് ഇരുപത്തഞ്ചായും ഉയർന്നു. 100 രൂപ കിട്ടിത്തുടങ്ങിയപ്പോൾ ജീവിതം കരകയറിയെന്ന് അദ്ദേഹം ഓർമ്മിച്ചു. ഇതിനിടയിൽ മദ്രസാധ്യാപകനായും പോസ്റ്റ് മാസ്റ്ററായും അദ്ദേഹം പ്രവർത്തിച്ചു.

MH Seethi honored by Sahitya Vedi members

ടി. ഉബൈദിൻ്റെ അഭിനന്ദനം മുതൽ അടിയന്തിരാവസ്ഥക്കാലം വരെ

കവിതകളും മാപ്പിളപ്പാട്ടുകളും എഴുതിയിരുന്ന, പ്രമുഖ കവി ടി. ഉബൈദിൻ്റെ ശിഷ്യനായിരുന്ന ചെമ്മനാട്ടുകാരൻ എം.എച്ച്. സീതി ഇപ്പോൾ എരുതുംകടവിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ്. കാഴ്ചയ്ക്ക് നേരിയ മങ്ങലുണ്ട്, ചുവടുകൾ ഇടറുന്നുണ്ടെങ്കിലും സീതിച്ചയുടെ ഓർമ്മകൾ പുഴപോലെ ഒഴുകുകയായിരുന്നു. അടിയന്തിരാവസ്ഥക്കാലത്തെ അറസ്റ്റ് മുതൽ ജീവിതത്തിൽ ഒരു തണലായി വളർന്നു നിന്നതുവരെ എത്രയെത്ര ജീവിതകഥകളാണ് അദ്ദേഹം കുറച്ചു സമയം കൊണ്ട് പറഞ്ഞുതീർത്തത്.

അടിയന്തിരാവസ്ഥക്കാലത്ത് കള്ളന്മാർക്കും പിടിച്ചുപറിക്കാർക്കുമൊപ്പം റിമാൻഡിൽ കഴിയേണ്ടി വന്നതും, എഴുത്തുകാരനാണെന്ന് അറിഞ്ഞപ്പോൾ അവരുടെ പെരുമാറ്റത്തിലുണ്ടായ മാറ്റവും അദ്ദേഹം ഓർത്തെടുത്തു. കാസർകോട്ടെ കച്ചവടം നഷ്ടം വന്നപ്പോൾ കാസർകോട് നഗരത്തിൽ അനീസാ ബുക്ക് സ്റ്റാൾ തുടങ്ങിയതും, കെ.എം. അഹ്മദ് പത്ര ഏജൻസി എടുക്കാൻ പ്രേരിപ്പിച്ചതും അദ്ദേഹത്തിൻ്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവുകളായിരുന്നു.

പത്രക്കെട്ടെടുക്കാൻ കാസർകോട് റെയിൽവേ സ്റ്റേഷനിലേക്കുള്ള പുലർക്കാല യാത്രയിൽ തായലങ്ങാടിയിലെത്തിയപ്പോൾ പിറകിൽ നിന്ന് ഒരാൾ തൊട്ടുവിളിച്ച സംഭവം അദ്ദേഹം പ്രത്യേകം ഓർത്തു. താൻ എഴുതി പ്രസിദ്ധീകരിച്ച പുസ്തകം വായിച്ച് ടി. ഉബൈദ് അഭിനന്ദിക്കാൻ വഴിയിൽ തടഞ്ഞുനിർത്തിയതായിരുന്നു അത്. അടുത്ത എഡിഷനിൽ തൻ്റെ അവതാരികയോടുകൂടി അത് ഇറങ്ങണമെന്ന ഉബൈദിൻ്റെ വാക്കുകൾ അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചു. ഉബൈദ് അവതാരിക എഴുതിയ പുസ്തകം ഇന്നും അദ്ദേഹത്തിൻ്റെ ശേഖരത്തിലുണ്ട്. അവാർഡുകളെക്കാൾ വിലമതിക്കുന്നതാണ് ആ പുസ്തകമെന്ന് ഇന്ന് നാടറിയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമൂഹ്യപ്രവർത്തനവും ഫ്രൈഡേ ക്ലബ്ബും

പത്ര ഏജൻസി തുടങ്ങിയതോടെ തിരക്ക് കാരണം എഴുത്ത് നിർത്തിവെക്കേണ്ടി വന്നു. ജമാഅത്ത് ഇസ്ലാമിയുടെ സജീവ പ്രവർത്തകനായപ്പോൾ ഡോ. അബ്ദുൽ ഹമീദിനൊപ്പം ചേർന്ന് ഫ്രൈഡേ ക്ലബ്ബ് രൂപീകരിച്ചു. ജീവകാരുണ്യ പ്രവർത്തനമായിരുന്നു ഈ ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. സമാന മനസ്കരായവർ ഒത്തുചേർന്നപ്പോൾ തുടക്കത്തിൽ 25,000 രൂപ സ്വരൂപിക്കാൻ കഴിഞ്ഞു. എന്നാൽ, ചിലർ ഇത് വിശ്വാസത്തിനെതിരാണെന്ന് പറഞ്ഞ് ആക്ഷേപിച്ചു. എന്നാൽ, വർഷാവർഷം കഴിയുമ്പോൾ ഒൻപതും പത്തും ലക്ഷം രൂപ വന്നുചേരുകയും അശരണർക്ക് ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങൾ വാങ്ങി നൽകുകയും ചെയ്തു. ഒടുവിൽ, ആക്ഷേപിച്ചവരുടെ ശിപാർശ കത്തുമായി ചിലർ മുന്നിൽ വന്നുനിന്നപ്പോൾ തൻ്റെ വഴി ശരിയായിരുന്നു എന്ന ചാരിതാർത്ഥ്യം സീതിച്ചയ്ക്ക് അനുഭവപ്പെട്ടു. അദ്ദേഹത്തിൻ്റെ ചിന്തകളിൽ നിന്നും ആ തെളിച്ചം കണ്ണുകളിലേക്ക് പടർന്നപോലെയും, കൂടിയിരിക്കുന്നവരെ അകക്കണ്ണാൽ മനസ്സിൽ വരിച്ചെടുത്തപോലെയും തോന്നി.

മകന്റെ ഓർമ്മകളും ആദരിക്കൽ ചടങ്ങും

പണ്ട് പെട്ടിയും തലയിൽ ചുമന്ന് നടന്നുപോകുമ്പോൾ പാട്ടുപുസ്തകങ്ങൾ വായിക്കുന്ന ശീലമുണ്ടായിരുന്നുവെന്നും, അങ്ങനെ ഒരു തവണ നടന്നുപോകുമ്പോൾ അയയിൽ തട്ടി വീണ കഥ ഉപ്പ പറയാറുണ്ടെന്നും മകൻ ഖലീലുല്ലാഹ് ചെമ്മനാട് പറഞ്ഞു. ഉപ്പ എഴുതിയ പുസ്തകങ്ങൾ സമ്പൂർണ്ണ പതിപ്പാക്കാനുള്ള ഒരുക്കത്തിലാണ് ഖലീലുല്ലാഹ്. അറബിക് കാലിഗ്രാഫിയിൽ ചിത്രകാരനാണ് ഖലീലുല്ലാഹ്.

സാഹിത്യവേദി പ്രസിഡണ്ട് എ.എസ്. മുഹമ്മദ്കുഞ്ഞി എം.എച്ച്. സീതിക്ക് പൊന്നാടയണിയിച്ചു. എഴുത്തുകാരനായ അഡ്വ. ബി.എഫ്. അബ്ദുൽ റഹ്മാൻ മെമൻ്റോ നൽകി. ജനറൽ സെക്രട്ടറി എം.വി. സന്തോഷ് സ്വാഗതം ആശംസിച്ചു. അഷ്‌റഫലി ചേരങ്കൈ, ടി.എ. ഷാഫി, സി.എൽ. ഹമീദ്, ഷാഫി എ. നെല്ലിക്കുന്ന്, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, കെ.എച്ച്. മുഹമ്മദ്, റഹീം ചൂരി, വേണു കണ്ണൻ, ഡോ. എം.എ. മുംതാസ്, സിദ്ദീഖ് പടപ്പിൽ, രേഖ കൃഷ്ണൻ, ഖലീലുല്ലാഹ് ചെമ്മനാട്, തസ്നീം, ഫരീദ് എന്നിവർ സംസാരിച്ചു. ട്രഷറർ എരിയാൽ ഷെരീഫ് നന്ദി പറഞ്ഞു.

ഈ ഹൃദയസ്പർശിയായ ജീവിതകഥ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ.

Article Summary: Kasaragod's beloved poet MH Seethi honored for his life's journey.

#MHSethi #Kasaragod #MalayalamPoet #SahityaVedi #LifeJourney #Inspirational

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia