city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരുമയുടെ തിരുമധുരവുമായി നോമ്പ് തുറയ്ക്ക് സ്‌കൂള്‍കുട്ടികളുടെ ഉണ്ണിയപ്പം വിതരണം

അരയി: (www.kasargodvartha.com 25.07.2014) റംസാന്‍ വ്രതത്തിന് സമാപിക്കാനിരിക്കെ വന്നെത്തിയ ലൈലത്തുല്‍ ഖദ്‌റിനെ അവിസ്മരണീയമായ അനുഭവമാക്കി അരയിയില്‍ ഒരുമയുടെ തിരുമധുരം.

ക്ലാസ്‌റൂം പ്രവര്‍ത്തനത്തെ സാര്‍ത്ഥകമായ നിലയില്‍ സാമൂഹിക പ്രവര്‍ത്തനമാക്കി അവതരിപ്പിക്കാനുള്ള കുട്ടികളുടെ ശ്രമം വിജയം കണ്ടു. വ്രതം അനുഷ്ഠിക്കുന്ന മുഴുവന്‍ മുസ്ലിം വീടുകളിലും സ്‌നേഹത്തിന്റെ പ്രതീകമായ ഉണ്ണിയപ്പം വിതരണം ചെയ്തും ആശംസാ കാര്‍ഡ് നല്‍കിയും അരയി ഗവ. സ്‌കൂളില്‍ സംഘടിപ്പിച്ച സ്‌നേഹമധുരം പരിപാടി അരയി ഗ്രാമത്തിന് നവ്യാനുഭവമായി.

രണ്ടു ദിവസം നീണ്ടുനിന്ന ശ്രമകരമായ പ്രവര്‍ത്തനങ്ങളിലൂടെ അമ്പതിലധികം വരുന്ന അമ്മമാരുടെ കൂട്ടായ്മയിലാണ് നാലായിരം ഉണ്ണിയപ്പം സ്‌കൂളില്‍ വെച്ചുതന്നെ ഉണ്ടാക്കിയത്. പുലര്‍ച്ചെ ആറു മണിക്ക് പതിനഞ്ച് അടുപ്പുകളിലായി വിറകു കൂട്ടി തുടങ്ങിയ പ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍ വൈകുന്നേരം നാല് മണിയായി.

മതസ്പര്‍ദ്ധയും മാനസിക അകല്‍ച്ചയും ഏറിവരുന്ന കാലത്ത് പൊതുസമൂഹത്തില്‍ ഒരുമയുടെ സ്‌നേഹസ്പര്‍ശം അനുഭവിപ്പിക്കുകയാണ് പരിപാടികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രധാനാദ്ധ്യാപകന്‍ കൊടക്കാട് നാരായണന്‍ പറഞ്ഞു. തയ്യാറാക്കിയ അപ്പം പ്രത്യേകം പാക്കറ്റുകളിലാക്കി നൂറ്റിനാല് മുസ്ലിം വീടുകളില്‍ എത്തിക്കുന്നതിനും അമ്മക്കൂട്ടായ്മ നേതൃത്വം വഹിച്ചു. അടുക്കളയില്‍ അധ്യാപകരോടൊപ്പം എത്തിയ ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളിലെ കുട്ടികള്‍ അപ്പത്തിന്റെ ചേരുവയെക്കുറിച്ചും പാചകത്തെക്കുറിച്ചും അമ്മമാരോട് ചോദിച്ചറിഞ്ഞു. നാടിനു ചേര്‍ന്ന ആഹാരരീതിയും ആഹാര ശീലങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ചര്‍ച്ചാവിഷയമാക്കി. ആശംസാകാര്‍ഡ് നിര്‍മ്മാണം, റംസാന്റെ സാസ്‌കാരികമൂല്യം എന്നീ വിഷയങ്ങളില്‍ വരും ദിവസങ്ങളില്‍ മത്സരം സംഘടിപ്പിക്കും.

അപ്പം ഉണ്ടാക്കുന്നതിന് നേതൃത്വം നല്‍കിയ മദര്‍ പി.ടി.എ. പ്രസിഡണ്ട് രജിത കെ.സി, ഗംഗാദേവി എന്നിവരടക്കമുള്ള മുഴുവന്‍ അമ്മമാരേയും പ്രത്യേക ചടങ്ങില്‍ അഭിനന്ദിച്ചു. പി.ടി.എ പ്രസിഡണ്ട് പി.രാജന്‍, പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, പി. വിജയന്‍, വി. രാഘവന്‍, ടി. ഖാലിദ്, വി.കെ. സുരേഷ്ബാബു എന്നിവര്‍ പ്രസംഗിച്ചു.

ഒരുമയുടെ തിരുമധുരവുമായി നോമ്പ് തുറയ്ക്ക് സ്‌കൂള്‍കുട്ടികളുടെ ഉണ്ണിയപ്പം വിതരണം


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia