Road repair | സംസ്ഥാന പാതയിലെ അറ്റകുറ്റപണി എത്രയും വേഗം തുടങ്ങണമെന്ന് മർച്ചൻ്റസ് അസോസിയേഷൻ
'എല്ലാവർഷവും റോഡിൻ്റെ കുഴി അടച്ച് അറ്റകുറ്റപണികൾ നടത്താറുണ്ടെങ്കിലും അടുത്ത വർഷം മഴക്കാലത്ത് വീണ്ടും തകരുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്'
കാസർകോട്: (KasargodVartha) കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെ അറ്റകുറ്റപണി എത്രയും വേഗം തുടങ്ങണമെന്ന് കാസർകോട് മർച്ചൻ്റസ് അസോസിയേഷൻ. സംസ്ഥാന പാതയിലെ പ്രസ് ക്ലബ് ജംഗ്ഷൻ മുതൽ ചെമ്മനാട് വരെയുള്ള ഭാഗം തകർന്നിട്ട് മാസങ്ങളായി. എല്ലാവർഷവും റോഡിൻ്റെ കുഴി അടച്ച് അറ്റകുറ്റപണികൾ നടത്താറുണ്ടെങ്കിലും അടുത്ത വർഷം മഴക്കാലത്ത് വീണ്ടും തകരുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.
പുലിക്കുന്ന് പ്രദേശത്ത് റോഡിനടിയിൽ നീരുറവ ഉണ്ടാകുന്നത് മൂലമാണ് റോഡ് തകരാൻ കാരണം അതിനാൽ ശാസ്ത്രീയമായ രീതിയിൽ ഈ പ്രദേശത്ത് അറ്റകുറ്റപണി നടത്തേണ്ടിയിരിക്കുന്നു. കഴിഞ്ഞ വർഷം ഇവിടെ കുഴിയിൽ വീണ് ഒരു ജീവൻ പൊലിഞ്ഞിരുന്നു.
ഇനിയുമൊരു ജീവനെടുക്കാൻ കാത്തുനിൽക്കാതെ എത്രയും പെട്ടെന്ന് തന്നെ കുഴികളടച്ച് കൊണ്ട് ശാശ്വതമായ പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് മർച്ചൻ്റസ് അസോസിയേഷൻ പ്രസിഡൻറും ജനറൽ സെക്രട്ടറിയും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയറെ നേരിട്ട് കണ്ട് നിവേദനം നൽകി.