മരിച്ച വ്യാപാരിയുടെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി വിട്ടുകൊടുത്തു
May 22, 2012, 15:45 IST

പാണത്തൂര്‍: തിങ്കളാഴ്ച രാത്രി നിര്യാതനായ പാണത്തൂരിലെ ആദ്യകാല വ്യാപാരിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി വിട്ടുകൊടുത്തു.
പാണത്തൂര്‍ നെല്ലിക്കുന്നിലെ പത്മനാഭന്റെ (72) മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ വിട്ടുകൊടുത്തത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് വാര്‍ദ്ധക്യ സഹജമായ അസുഖത്തെതുടര്‍ന്ന് പത്മനാഭന്‍ മരണപ്പെട്ടത്. മുന്‍ എം എല്‍എ എം കുമാരന്റെ അടുത്ത ബന്ധുവും സിപിഎം അനുഭാവിയുമായ പത്മനാഭന്‍ തന്റെ മരണശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് വിട്ടുകൊടുക്കണമെന്ന് നേരത്തെ കരാറുണ്ടാക്കിയിരുന്നു.
ചൊവ്വാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും ആംബുലന്‍സ് എത്തി പത്മനാഭന്റെ മൃതദേഹം കൊണ്ടുപോയി. പാണത്തൂരില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് യൂണിറ്റുണ്ടാക്കാന്‍ മുന്‍കൈയെടുത്തത് പത്മനാഭനായിരുന്നു. പാണത്തൂരിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മരിച്ചയാളുടെ ശരീരം പഠനത്തിനായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിട്ടുകൊടുക്കുന്നത്. ഇത് തികച്ചും മാതൃകാപരമാണെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.
നാരായണിയാണ് പത്മനാഭന്റെ ഭാര്യ. അരുണ, തങ്കമണി, ബീന, സുരേഷ് എന്നിവര്‍ മക്കളാണ്.
പത്മനാഭന്റെ നിര്യാണത്തെതുടര്‍ന്ന് പാണത്തൂരില്‍ വ്യാപാരിവ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ അനുശോചന യോഗം ചേര്‍ന്നു. മുന്‍ എംഎല്‍എ എം കുമാരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
Keywords: Merchant deadbody, Hand over, Periyaram medical college, Panathur, Kasaragod