Meeting | ദേശീയപാത വികസനം: മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി; 'വിവിധ പ്രശ്‌നങ്ങളും നിർദേശങ്ങളും ശ്രദ്ധയിൽപ്പെടുത്തി'
● പതിനെട്ടാം ലോക്‌സഭ കാലയളവിലെ ആദ്യ സന്ദർശനമായിരുന്നു ഇത്
● വിവിധ പ്രശ്‌നങ്ങളും നിർദ്ദേശങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയാതായി എംപി
ന്യൂഡെൽഹി: (KasargodVartha) കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ കാസർകോട് ലോക്‌സഭാംഗം രാജ്‌മോഹൻ ഉണ്ണിത്താൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി വ്യാഴാഴ്ച ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി.
പതിനെട്ടാം ലോക്‌സഭ കാലയളവിലെ ആദ്യ സന്ദർശനമായിരുന്നു ഇത്. തെരഞ്ഞെടുപ്പ് കാലത്ത് മണ്ഡലത്തിലെ ജനങ്ങൾ ഉന്നയിച്ച ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങളും നിർദ്ദേശങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയാതായി എംപി അറിയിച്ചു. അന്ന് ലഭിച്ച പരാതികളും, പ്രൊപ്പോസലുകളും എല്ലാം ക്രോഡീകരിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് സമയത്തു മണ്ഡലത്തിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളുടെ ഭാഗമായാണ് ഏറെ തിരക്കിനിടയിലും സമയം കണ്ടെത്തി ഗഡ്കരിയെ കണ്ടതെന്നും എംപി കൂട്ടിച്ചേർത്തു.
കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി മഞ്ചേശ്വരം, കാസർകോട്, ചെർക്കള, കാഞ്ഞങ്ങാട്, പടന്നക്കാട്, നീലേശ്വരം, പയ്യന്നൂർ, പിലാത്തറ, കല്യാശ്വേരി തുടങ്ങിയ പ്രദേശങ്ങളിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളും ആളുകളുടെ ആവശ്യങ്ങളും വിശദമായി അദ്ദേഹം അവതരിപ്പിച്ചു. മണ്ഡലത്തിലെ എംഎൽഎമാർ, നഗരസഭാ, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ, മറ്റ് ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ നൽകിയ നിർദ്ദേശങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
പദ്ധതി നടപ്പിലാക്കുമ്പോൾ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ട് സാങ്കേതികവും സാമ്പത്തികവുമായ സാദ്ധ്യതകൾ കൂടി പരിഗണിച്ച ശേഷം വേണ്ടത് ചെയ്യാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പു നൽകിയതായി എംപി അറിയിച്ചു. മുൻപു നടപ്പിലാക്കിയ പദ്ധതികളുടെ വിജയത്തിന് മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി നന്ദിയും അറിയിച്ചു. ഈ കൂടിക്കാഴ്ച കാസർകോട് മണ്ഡലത്തിലെ ദേശീയപാത വികസനത്തിന് ഒരു വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.
#HighwayDevelopment, #KasaragodMP, #NitinGadkari, #KeralaNews, #Infrastructure, #DelhiMeeting