മാധ്യമപ്രവര്‍ത്തനം മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്ന രീതിയിലേക്ക് മാറുന്നു: സാദിഖലി തങ്ങള്‍
Jul 2, 2012, 17:54 IST
നവീകരിച്ച ചന്ദ്രിക കാസര്‍കോട് ജില്ലാ ബ്യൂറോ ഉദ്ഘാടനത്തോടനുബന്ധിച്ച് ഹോട്ടല്‍ സെഞ്ച്വറി പാര്‍ക്ക് ബില്‍ഡിംഗില്‍ നടന്ന പൊതുപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ മതസഹിഷ്ണുതയെ പൊളിച്ചെഴുതുന്ന രീതിയിലാണ് ചില മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവരും പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും കഴിഞ്ഞുകൂടുന്ന നല്ല പ്രവണതയുള്ള മണ്ണിനെയാണ് പ്രത്യേക താല്പര്യത്തോടെ ചില മാധ്യമങ്ങള്‍ കളങ്കപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹ്യമനസാക്ഷിയെ വഞ്ചിക്കുന്ന രീതിയിലേക്ക് മാധ്യമ ധര്‍മ്മം തകര്‍ന്നടിയുന്നത് ആപല്‍ക്കരമാണ്. സംസ്‌ക്കാരിതയും സ്വകാര്യതയും പിച്ചിചീന്തുന്ന നിലപാടില്‍ നിന്നും മാധ്യമങ്ങള്‍ സ്വയം വിചാരണ നടത്തി പിന്തിരിയണം. ആളുകളെ ശ്രദ്ധപിടിച്ചുപറ്റുവാനായി നെറികെട്ട രീതിയില്‍ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും തങ്ങള്‍ പറഞ്ഞു.
വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ചന്ദ്രിക ദിനപത്രം എന്നും മതേതര സംരക്ഷണത്തിനും നാടിന്റെ നന്മയക്കും വേണ്ടിയാണ് നിലകൊണ്ടിട്ടുള്ളത്. ഒരു സമൂഹത്തെ അറിവിന്റെയും നന്മയുടെയും തലങ്ങളിലേക്ക് കൈപിടിച്ചതില്‍ ചന്ദ്രികയ്ക്കുള്ള പങ്ക് വിലമതിക്കാനാവാത്തതാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രിക കണ്ണൂര്‍ യൂണിറ്റ് ഗവേണിംഗ് ബോര്‍ഡ് കണ്‍വീനര്‍ എന്‍.എ.അബൂബക്കര്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുല്‍ റസാഖ്, മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുര്‍ റഹ്മാന്‍, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള, ചന്ദ്രിക ഓര്‍ഗ്ഗനൈസര്‍ ഹമീദ് വാണിമേല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുല്‍ റഹ്മാന്‍, കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി, കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കെ.വിനോദ് ചന്ദ്രന്‍, ചന്ദ്രിക കണ്ണൂര്‍ യൂണിറ്റ് റസിഡന്റ് എഡിറ്റര്‍ പി.മമ്മദ് കോയ, റസിഡന്റ് മാനേജര്‍ പി.അബ്ദുല്‍ ഗഫൂര്‍, യു.എ.ഇ. കെ.എം.സി.സി വൈസ് പ്രസിഡണ്ട് യഹ്‌യ തളങ്കര, സെക്രട്ടറി നിസാര്‍ തളങ്കര, ഖത്തര്‍ കെ.എം.സി.സി വൈസ് പ്രസിഡണ്ട് എം.പി.ഷാഫി ഹാജി, ഒ.ഉസ്മാന്‍, അബ്ദുല്ലക്കുഞ്ഞി ഉദുമ സംസാരിച്ചു.
ചന്ദ്രിക സമൂഹത്തിലുണ്ടാക്കിയ മാറ്റം അതുല്യം: ഡോ.പി.എ.ഇബ്രാഹിം ഹാജി
കാസര്‍കോട്: പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചന്ദ്രിക സമൂഹത്തിലും കേരളീയ രാഷ്ട്രീയത്തിലും ഉണ്ടാക്കിയ മാറ്റം അതുല്ല്യമാണെന്ന് ചന്ദ്രിക ഡയറക്ടര്‍ ഡോ. പി.എ ഇബ്രാഹിം ഹാജി പറഞ്ഞു. നവീകരിച്ച ചന്ദ്രിക കാസര്‍കോട് ജില്ലാ ബ്യൂറോ പുതിയ ബസ് സ്റ്റാന്റിനു സമീപത്തെ സെഞ്ച്വറി പാര്‍ക്ക് ബില്‍ഡിംഗില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അജ്ഞതയുടെ ഒരു കാലഘട്ടത്തില്‍ നിന്നുമാണ് ചന്ദ്രിക നിരന്തര പരിശ്രമത്തിലൂടെ നാടിനെയും സമൂഹത്തേയും മുന്നോട്ടു നയിച്ചത്. ലോകത്ത് മാനുഷിക മൂല്യങ്ങള്‍ക്ക് ഇടിവ് സംഭവിക്കുന്ന കാലത്ത് ചന്ദ്രികയ്ക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തനം സമൂഹ നന്മക്കുവേണ്ടിയുള്ളതാണ്. പത്രങ്ങളുടെ ഓരോ ശബ്ദവും നാടിനെയും ജനങ്ങളെയും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സ്വാധീനിക്കുന്നുണ്ട്. കാലത്തിന്റെ മാറ്റത്തോടൊപ്പം പത്രപ്രവര്‍ത്തനത്തിലും പത്രത്തിന്റെ ശൈലിയിലും മാറ്റമുണ്ടാവണമെന്ന് ഡോ.ഇബ്രാഹിം ഹാജി കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod, Sadiq Ali Shihab Thangal, Chandrika, P.A Ibrahim Haji, Yahya Thalangara, M.C Qamarudheen, C.T Ahamad Ali.