പാഠങ്ങളും ബോധ്യങ്ങളും പകര്‍ന്ന് മാധ്യമ ശില്‍പശാല
Dec 7, 2012, 18:12 IST
കാസര്‍കോട്: മാധ്യമ പ്രവര്‍ത്തനത്തിന്റെ പാഠങ്ങള്‍ പകര്‍ന്നുകൊടുത്ത് കാസര്‍കോട്ട് നടത്തിയ ശില്‍പശാല പത്ര പ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ക്കും, പത്രപ്രവര്‍ത്തന മേഖലയിലെ തുടക്കക്കാര്‍ക്കും ഹൃദ്യമായ അനുഭവമായി. കാസര്‍കോട് പ്രസ് ക്ലബ്ബിന്റെയും, സുരേന്ദ്രന്‍ നീലേശ്വരം സ്മാരക സമിതിയുടെയും ആഭിമുഖ്യത്തില്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബിലാണ് ഒരു ദിവസത്തെ ശില്‍പശാല നടത്തിയത്.
മാധ്യമ പ്രവര്‍ത്തകന്റെ സാമൂഹ്യ പ്രതിബദ്ധത, അച്ചടി മാധ്യമങ്ങളുടെ ഭാവി, മാധ്യമങ്ങളുടെ നിഷ്പക്ഷത തുടങ്ങിയ വിഷയങ്ങളിലൂന്നി നടന്ന ക്ലാസുകളും സംവാദവും അറിവും ആനന്ദവും പകരുന്നതായി.
മാധ്യമ പ്രവര്‍ത്തനവും മറ്റേതൊരു തൊഴിലും പോലെ ഒരു തൊഴിലാണെന്നും, എങ്കിലും ആ തൊഴില്‍ മേന്മ പുലര്‍ത്തുന്നത് സാമൂഹ്യ പ്രതിബദ്ധതയിലൂന്നി ചെയ്യുമ്പോഴാണെന്നും കേരളാ പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു.
പത്രപ്രവര്‍ത്തന മേഖലയില്‍ അനുദിനം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ സാങ്കേതിക മേഖലയെകുറിച്ച് പത്രപ്രവര്‍ത്തകന് ബോധമുണ്ടാവണം. അച്ചടി മാധ്യമങ്ങളുടെ ആയുസ് കഷ്ടിച്ച് രണ്ട് പതിറ്റാണ്ടുകള്‍ മാത്രമേ നീണ്ടുനില്‍ക്കുകയുള്ളൂ എന്നതാണ് ഇന്നത്തെ സ്ഥിതിവെച്ച് നോക്കുമ്പോള്‍ പറയാന്‍ കഴിയുന്നത്. അമേരിക്ക അടക്കമുള്ള പല വിദേശ രാജ്യങ്ങളിലും ഒട്ടേറെ മികച്ച പ്രസിദ്ധീകരണങ്ങള്‍ നിലച്ചുപോയി. കേരളത്തിലും ആ സ്ഥിതി ആസന്നമാണ്. മലയാളത്തിലെ ഒട്ടുമിക്ക വാരികകളും വിറ്റഴിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ദൃശ്യ മാധ്യമങ്ങളുടെയും, ന്യൂസ് പോര്‍ട്ടലുകളുടെയും കാലമാണിത്- രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
എന്‍.പി. രാജേന്ദ്രന്റെ അഭിപ്രായങ്ങളുടെ പൂരകമെന്ന നിലയിലാണ് തുടര്‍ന്ന് സംസാരിച്ച ദേശാഭിമാനി അസിസ്റ്റന്റ് എസിറ്റര്‍ എ.വി. അനില്‍കുമാര്‍ ക്ലാസെടുത്തത്. മാധ്യമങ്ങള്‍ വേദനിക്കുന്നവരുടെ കൂടെ നില്‍ക്കണമെന്നും, വാര്‍ത്തകള്‍ മലിനമാക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. ഓരോ പത്രപ്രവര്‍ത്തകനും, അറിവിനൊപ്പം, തിരിച്ചറിവും വേണം. പ്രയോഗത്തിലേക്ക് വികസിക്കാനുള്ള തിരിച്ചറിവാണ് മാധ്യമ പ്രവര്‍ത്തകനുണ്ടാകേണ്ടത്. ശുദ്ധ ഹൃദയത്തോടെ പത്രപ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത സ്ഥിതി നമ്മുടെ സമൂഹത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ സംവിധാനത്തില്‍ ദൃശ്യ മാധ്യമങ്ങള്‍ ഗുണപരമായ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് തുടര്‍ന്ന് സംസാരിച്ച ഏഷ്യാനെറ്റ് സീനിയര്‍ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ മാങ്ങാട് രത്‌നാകരന്‍ അഭിപ്രായപ്പെട്ടു. മുമ്പ് രാഷ്ട്രീയ നേതാക്കള്‍ തങ്ങള്‍ പറഞ്ഞ അഭിപ്രായം വിവാദമാകുമ്പോള്‍ മാറ്റി പറയുമായിരുന്നു. ചാനലുകള്‍ വന്നതിനു ശേഷം ആ സാഹചര്യം അവസാനിച്ചു. ശരീര ഭാഷ എന്നൊരു ഭാഷ ദൃശ്യ മാധ്യമങ്ങളുടെ സൃഷ്ടിയാണ്. വാര്‍ത്തകള്‍ ആസ്വാദ്യകരമാകുന്നത് അവയുടെ ഭാഷയും, ആവിഷ്‌കാര രീതിയും കൊണ്ടാണ്. 1992 ലാണ് കേരളത്തില്‍ ഒരു സ്വകാര്യ ചാനല്‍ വരുന്നത്. അതിനു ശേഷം ദൃശ്യമാധ്യമങ്ങളുടെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നുവെന്നും മാങ്ങാട് രത്‌നാകരന്‍ പറഞ്ഞു.
ഭാഷാ വികസനത്തിന് മാധ്യമങ്ങള്‍ നല്‍കിയ സംഭാവനകള്‍ നിര്‍ണായകമാണെന്ന് ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്ത മുന്‍ മന്ത്രിയും ജനയുഗം എഡിറ്ററുമായ ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. പത്ര ഭാഷ സര്‍ഗാത്മകമാവണം, അതേ സമയം കഥ പറയലല്ല പത്രപ്രവര്‍ത്തനം. ജനങ്ങളാണ് മാധ്യമങ്ങള്‍ക്ക് എപ്പോഴും വഴികാട്ടിയാവേണ്ടത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൂഷണത്തിന്റെ മുഖമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്കുള്ളതെന്ന് ദേശാഭിമാനി ലേഖകന്‍ എം.ഒ. വര്‍ഗീസ് അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട കാലമാണിതെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വി.വി. പ്രഭാകരനും അഭിപ്രായപ്പെട്ടു. പത്രങ്ങളെകുറിച്ച് വലിയ പ്രതീക്ഷയൊന്നും പുലര്‍ത്താതെ കൗതുകത്തോടുകൂടി അതു നോക്കിയിരിക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്ന് ചന്ദ്രിക മുന്‍ ബ്യൂറോ ചീഫ് റഹ്മാന്‍ തായലങ്ങാടി അഭിപ്രായപ്പെട്ടു. വായനക്കാര്‍ക്ക് വേണ്ടതു കൊടുക്കാന്‍ നിര്‍ബന്ധിതരാവുകയാണിപ്പോള്‍ പത്രങ്ങള്‍. വായനക്കാരന്റെ രുചി ഭേദങ്ങള്‍ക്കനുസരിച്ച് വാര്‍ത്തയെഴുതാനും പത്രപ്രവര്‍ത്തകന്‍ നിര്‍ബന്ധിതനാവുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രൊഫസര്‍ കെ.പി. ജയരാജന്‍ മോഡറേറ്ററായിരുന്നു. ക്യാമ്പംഗങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും ഉണ്ടായിരുന്നു.
Keywords : Media worker, shilpashala, Press Club, camp, kasaragod, Deshabimani, Chandrika, Binoy viswam, Rahman Thayalangadi, N.P. Rajendran, K.P. Jayarajan, Surendran Neeleshwaram, Kerala, Malayalam News.