ഖബറിടം കുഴിച്ച് മരണം കാത്തിരിക്കുന്ന മറിയുമ്മ ജിന്നുമ്മ
Jul 27, 2012, 11:03 IST
വീട്ടുവളപ്പിലുള്ള പള്ളിയില്‍ പ്രാര്‍ത്ഥനയോ മറ്റോ ഇല്ലെങ്കിലും മൈക്കും മറ്റും ഘടിപ്പിച്ചിട്ടുണ്ട്. പുറത്ത് ഒരു ഭണ്ഡാരപ്പെട്ടിയുമുണ്ട്. മുമ്പ് നൂറുകണക്കിനാളുകള്‍ മറിയുമ്മയുടെ ആശ്വാസ വചനങ്ങള്‍ കേള്‍ക്കാനായി ഈ വീട്ടില്‍ പോകാറുണ്ടായിരുന്നു. ഇവരുടെ വീടിന്റെ വാതില്‍ ഒരിക്കലും അടക്കാറില്ല. ആര്‍ക്കും ഏത് സമയത്തും കടന്നുവരാം പക്ഷേ പുറത്തുനിന്ന് ഉച്ചത്തില്‍ വിളിച്ച് മറിയുമ്മ ജിന്നുമ്മയുടെ അനുവാദം വാങ്ങണമെന്ന് മാത്രം.
ജുലൈ 26ന് ഉച്ചയോടെ നാട്ടുകാരനും സ്ഥിരമായി ഉമ്മയുടെ വീട്ടില്‍ സഹായത്തിന് ചെല്ലുകയും ചെയ്യുന്ന ഷാക്കിറിനൊപ്പം മറിയുമ്മയുടെ വീട്ടിലെത്തിയപ്പോള്‍ മറിയുമ്മ ജിന്നുമ്മ തീരെ അവശനിലയിലായിരുന്നു. ഫോട്ടോയെടുക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ എനിക്കിഷ്ടമല്ലാത്ത കാര്യം ചോദിക്കരുതെന്നായി മറിയുമ്മ. വയ്യായ്കയുണ്ടെങ്കില് കാസര്‍കോട്ട് ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞപ്പോള്‍ താന്‍ മരണം പ്രതീക്ഷിച്ചിരിക്കുകയാണെന്നായിരുന്നു മറിയുമ്മയുടെപ്രതികരണം. മറിയുമ്മ രണ്ട് തവണ ഹജ്ജ് ചെയ്തിട്ടുണ്ട്. ഇറാഖിലെ ബാഗ്ദാദിലും പോയിട്ടുണ്ട്. ബന്ധുക്കളും അയല്‍ക്കാരും കൊണ്ടുവെയ്ക്കുന്ന പഴങ്ങളും മറ്റുമാണ് മറിയുമ്മയുടെ ആഹാരം.
പ്രതാപം വിളിച്ചോതുന്ന തന്റെ വീട്ടില്‍ തനിച്ചു കഴിയാന്‍ ഇവര്‍ക്ക് യാതൊരു പേടിയുമില്ല. ഇവരുടെ ദേഹത്ത് നിറയെ സ്വര്ണാഭരണങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ സ്വര്‍ണമൊന്നും കാണാനില്ലെന്നാണ് പരിസരവാസിയായ സ്ത്രീ പറഞ്ഞത്. ഇതുസംബന്ധിച്ച് നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നതായും അവര്‍ പറയുന്നു. ഇരുനില വീട്ടിലെ ഒന്നാം നിലയിലുള്ള ഒരു മുറിയിലാണ് ഉമ്മയുടെ താമസം. ഈ മുറിയിലേക്ക് ഇടുങ്ങിയ കോണിപ്പടിയാണുള്ളത്. ഈ പടിയിറങ്ങിയാണ് മറിയുമ്മ എപ്പോഴും താഴെയെത്തുകയും തിരിച്ചുപോകുകയും ചെയ്യുന്നത്. ഞങ്ങള്‍ ചെല്ലുന്ന വിവരമറിഞ്ഞ് അയല്പക്കത്തെ സ്ത്രീ മുറിയും പരിസവും വൃത്തിയാക്കിയിരുന്നു. പ്രായം 98 ആയെങ്കിലും ഇവരുടെ സംസാരത്തിലോ പെരുമാറ്റത്തിലോ യാതൊരു അസ്വാഭാവികതയും തോന്നിയിരുന്നില്ല.
ഉച്ചിലംപാടിയിലെ പരേതരായ അബ്ദുല്ലയുടെയും ആമിനയുടെയും മകളാണ് മറിയുമ്മ ജിന്നുമ്മ. ഏഴ് സഹോദരങ്ങളുണ്ട്. കണ്ണൂര്‍ സ്വദേശിയെ വിവാഹം ചെയ്തിരുന്നെങ്കെലും പിന്നീട് ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു.
- Zubair Pallickal
Keywords: Kasaragod, Kumbala, Mariyumma Jinnumma, Kalathur, Mosque, Grave, House.







