Music Courses | മൊഗ്രാലിൽ മാപ്പിളപ്പാട്ട് പഠിക്കാം; സ്കൂൾ ഓഫ് മാപ്പിള ആർട്സിൽ പരിശീലന കോഴ്സുകൾ അടുത്തമാസത്തോടെ തുടക്കമാവും; അപേക്ഷാഫോറം വിതരണം ചെയ്തു തുടങ്ങി
● ജില്ലയിലെ 15 മുതൽ 25 വയസ് വരെയുള്ളവർക്കാണ് പരിശീലനം ലഭ്യമാക്കുക.
● മാപ്പിള കലാകാരന്മാരായ അധ്യാപകർ കുട്ടികൾക്ക് പരിശീലനം നൽകും.
● ആദ്യഘട്ടമായി സംഗീതോപകരണങ്ങളോടുകൂടിയുള്ള മാപ്പിളപ്പാട്ട് ഗാനാലാപന കോഴ്സാണ് ആരംഭിക്കുന്നത്.
മൊഗ്രാൽ: (KasargodVartha) മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയുടെ കീഴിൽ മൊഗ്രാലിൽ മാപ്പിളപ്പാട്ട് പഠനകേന്ദ്രം ആരംഭിക്കുന്നതിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അടുത്ത വർഷം ജനുവരി മാസത്തോടെ ഈ പദ്ധതിക്ക് തുടക്കമാകും. മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് ഓഫീസിൽ താൽക്കാലികമായി പരിശീലനം ഒരുക്കും.
ജില്ലയിലെ 15 മുതൽ 25 വയസ് വരെയുള്ളവർക്കാണ് പരിശീലനം ലഭ്യമാക്കുക. മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി നൽകുന്ന രണ്ടുവർഷത്തെ കോഴ്‌സുകളുടെ അടിസ്ഥാനത്തിലായിരിക്കും പരിശീലനം. മാപ്പിള കലാകാരന്മാരായ അധ്യാപകർ കുട്ടികൾക്ക് പരിശീലനം നൽകും. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ അംഗീകാരത്തോടുകൂടിയ സർട്ടിഫിക്കറ്റ് ലഭിക്കും.
ഇത് വിദ്യാർത്ഥികൾക്ക് കലാരംഗത്തുള്ള വളർച്ചയ്ക്കും,ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനും ഉപകരിക്കുമെന്ന് സംഘാടകർ പറഞ്ഞു. മൊഗ്രാലിൽ 'ഇശൽ ഗ്രാമം ട്രസ്റ്റ്' എന്ന പേരിൽ ഒരു ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. ഈ ട്രസ്റ്റ് മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയുമായി അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കും. ആദ്യഘട്ടമായി സംഗീതോപകരണങ്ങളോടുകൂടിയുള്ള മാപ്പിളപ്പാട്ട് ഗാനാലാപന കോഴ്സാണ് ആരംഭിക്കുന്നത്.
ഫീസ് പിന്നീട് തീരുമാനിക്കും. ആദ്യഘട്ടം എന്ന നിലയിൽ 50 കുട്ടികളെയാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷാഫോറം ട്രസ്റ്റ് ഭാരവാഹികളിൽ നിന്ന് ലഭിക്കും. ബന്ധപ്പെടേണ്ട നമ്പർ: 9633444494, 9895636141, 9633321543.
മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രവാസി വ്യവസായി ഹമീദ് സ്പിക്, സ്കൂൾ ഓഫ് മാപ്പിള ആർട്സ് ചെയർമാൻ ബഷീർ അഹമ്മദ് സിദ്ദീഖിന് അപേക്ഷാ ഫോറം നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. കൺവീനർ കെഎം മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഹമ്മദലി കുമ്പള സ്വാഗതം പറഞ്ഞു. എംപി അബ്ദുൽ ഖാദർ, എം എ മൂസ, താജുദ്ദീൻ മൊഗ്രാൽ, കെവി അശ്റഫ്, എംഎസ് അഷറഫ്, എംഎസ് മുഹമ്മദ് കുഞ്ഞി എന്നിവർ സംബന്ധിച്ചു.
#MappilaSong, #MogralTraining, #MusicCourses, #KeralaCulture, #YouthEducation, #CulturalTraining