Produced | കനത്ത പൊലീസ് കാവലിൽ മാവോയിസ്റ്റ് നേതാവ് സോമനെ കാസര്‍കോട്ടെ കോടതിയിൽ വീണ്ടും എത്തിച്ചു; കാഞ്ഞങ്ങാട് നഗരസഭ ചെയർമാനെ ചെരുപ്പ് മാല അണിയിക്കാൻ ശ്രമിച്ച കേസിൽ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു
● വിക്രം ഗൗഡയുടെ മരണത്തെ തുടർന്ന് കനത്ത സുരക്ഷ ഒരുക്കി
● മാവോയിസ്റ്റ് കബനീദളം നേതാവും കമാൻഡറുമാണ് സോമൻ
● നിരവധി കേസുകളിൽ പ്രതിയാണ് സോമൻ
കാസർകോട്: (KasargodVartha) കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനായിരുന്ന എന്‍ എ ഖാലിദിനെ ചെരുപ്പ് മലയണിയിക്കാൻ ശ്രമിച്ചുവെന്ന കേസില്‍ പ്രതിയായ മാവോയിസ്റ്റ് നേതാവ് സോമനെ കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിൽ (രണ്ട്) ഹാജരാക്കി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. കേസ് വിചാരണ നടപടികൾക്കായി ഈ മാസം 26ലേക്ക് മാറ്റിവച്ചു.
മാവോയിസ്റ്റ് കബനീദളം നേതാവും കമാൻഡറുമായ വിക്രം ഗൗഡയെ കഴിഞ്ഞ ദിവസം ഉഡുപ്പി കാര്‍ക്കളയ്ക്കു സമീപം പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയ സാഹചര്യത്തില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് സോമനെ കാസര്‍കോട്ടെ കോടതിയിൽ എത്തിച്ചത്. 2007ലാണ് കാഞ്ഞങ്ങാട് നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിന് ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ അഴിമതി ആരോപിച്ച് നഗരസഭാ ചെയര്‍മാനായിരുന്ന എന്‍ എ ഖാലിദിനെ ചെരുപ്പ് മാല അണിയിക്കാൻ ശ്രമിച്ചത്.
നഗരസഭാ ഓഫീസിലേക്ക് എത്തുന്നതിനിടയില്‍ മുദ്രാവാക്യം വിളികളുമായി എത്തിയ മാവോയിസ്റ്റ് പ്രവർത്തകരടങ്ങുന്ന സംഘം ചെരുപ്പ് മാല അണിയിക്കാൻ നോക്കുകയും ഖാലിദിനെ ശാരീരികമായി ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് കേസ്. ഈ കേസിൽ വിചാരണ നേരിട്ട മറ്റു പ്രതികളെ വെറുതെവിട്ടിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ സോമനെതിരെ അറസ്റ്റ് വാറണ്ട് നിലനിൽക്കെ 2024 ജൂലൈ 28ന് ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു വച്ചാണ് തണ്ടര്‍ബോള്‍ട്ടും ഭീകരവിരുദ്ധ സേനയും ചേര്‍ന്ന് ഇയാളെ മറ്റൊരു കേസിൽ പിടികൂടിയത്. വയനാട്, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി സോമനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.
#Maoist #Kerala #Soman #Kasaragod #court #crime #news