മനോജിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കോഴിക്കോട്ടേക്ക് മാറ്റി
Aug 3, 2012, 10:20 IST

കാസര്‍കോട്: ബുധനാഴ്ച നടന്ന ഹര്‍ത്താലിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ച ഡി.വൈ.എഫ്.ഐ. നേതാവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്ട്ടംചെയ്യും. ബേക്കല്‍ കീക്കാനം ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് പി. മനോജാണ് ഹര്‍ത്താല്‍ അക്രമത്തിനിടയില്‍ കൊല്ലപ്പെട്ടത്.
കോഴിക്കോട് മെഡിക്കല്‍കോളേജിലെ വിദഗ്ധ ഫോറന്‍സിക്ക് സര്ജന്മാരുടെ സംഘമായിരിക്കും മൃതദേഹം പോസ്റ്റ്മോര്ട്ടംചെയ്യുന്നത്. മൃതദേഹം വ്യാഴാഴ്ച രാത്രി പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റിയെങ്കിലും മനോജിന്റെ മരണകാരണം സംബന്ധിച്ച് രാഷ്ട്രീയ വിവാദം ഉടലെടുത്ത സാഹചര്യത്തില്‍ മരണത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ കൂടുതല്‍ ശാസ്ത്രീയമായ പോസ്റ്റ്മോര്‍ട്ടത്തിന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
അതിനിടെ മനോജ് മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ആരംഭിച്ച ഹര്‍ത്താലിനോടനുബന്ധിച്ച് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തേണ്ടെന്ന് സി.പി.എം. നേതൃത്വം അണികള്‍ക്ക് നിര്‍ദേശംനല്‍കി. ഹര്‍ത്താല്‍ സമാധാനപരമായിരിക്കണമെന്നും അനിഷ്ടസംഭവങ്ങള്‍ക്ക് വഴിവെക്കാതെ കരുതലോടെയിരിക്കണമെന്നും നേതാക്കള്‍ ആഹ്വാനംചെയ്തു.
സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരന്, ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ രാവിലെ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇന്‍ക്വസ്റ്റിനു ശേഷമാണ് മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. ആദൂര്‍ സി.ഐയാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന്ശേഷം നേതാക്കള്‍ മനോജിന്റെ മൃതദേഹം ഏറ്റുവാങ്ങി വിലാപയാത്രയായി കീക്കാനത്തേക്ക് കൊണ്ടുവരും. മൃതദേഹം രാത്രിക്കുമുമ്പ് കീക്കാനത്തെത്തുമെന്നാണ് പ്രതീക്ഷ.
Keywords: Kasaragod, CPM, Harthal, Kozhikode, Medical College, P. Manoj