city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

2 സംസ്ഥാനം, 3 ഭാഷ; അപൂര്‍വം സബ് രജിസ്ട്രാര്‍ ഓഫീസുകളിലൊന്നായ മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസ് ഇനി പുതിയ കെട്ടിടത്തിലേക്ക്, ഉദ്ഘാടനം 27ന് മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും

മഞ്ചേശ്വരം: (www.kasaragodvartha.com 24.02.2020) ഇന്ത്യയില്‍ അധിനിവേശം നടത്തിയ വൈദേശിക ഭരണകാലത്തിന്റെ ഓര്‍മകളുമായി 1884 മെയ് ഒന്നിന് സ്ഥാപിതമായ മഞ്ചേശ്വരം സബ്രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറാനൊരുങ്ങുന്നു. നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടം ഫെബ്രുവരി 27ന് രാവിലെ പത്തിന് പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും. എം സി ഖമറുദ്ദീന്‍ എം എല്‍ എ അധ്യക്ഷനാകും. ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയാവും.

കേരള സംസ്ഥാനം രൂപീകൃതമാവുന്നതിനും വളരെ മുമ്പ് തന്നെ പ്രവര്‍ത്തിച്ച് തുടങ്ങിയ മഞ്ചേശ്വരം സബ് രജിസട്രാര്‍ ഓഫീസിന് പറയാന്‍ ഒട്ടേറെ അപൂര്‍വമായ നേട്ടങ്ങളുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച കെട്ടിടത്തിലാണ് 136 വര്‍ഷമായി സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിച്ചു വരുന്നത്. രണ്ട് വരി കല്ലുകള്‍ കൊണ്ട് തീര്‍ത്തിരിക്കുന്ന ഓഫീസ് ചുമരുകള്‍ ഇന്നും കാര്യമായ കേടുപാടുകളില്ലാതെ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. ഫാനിന് പകരം പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന തൂക്ക് വിശറിയെ ബന്ധിപ്പിക്കുന്ന കപ്പി ഇന്നും ഇവിടെയെത്തുന്നവര്‍ക്ക് സുപരിചിതമാണ്. പലവിധ ഫല വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും പച്ചക്കറിതോട്ടം മുതലായവ നട്ടുപിടിപ്പിച്ച് പച്ചപ്പാര്‍ന്ന 98 സെന്റ് സ്ഥലം സ്വന്തമായുള്ള സബ്ബ് രജിസ്ട്രാര്‍ ഓഫീസ് കേരളത്തില്‍ തന്നെ അപൂര്‍വമാണ്.

2 സംസ്ഥാനം, 3 ഭാഷ; അപൂര്‍വം സബ് രജിസ്ട്രാര്‍ ഓഫീസുകളിലൊന്നായ മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസ് ഇനി പുതിയ കെട്ടിടത്തിലേക്ക്, ഉദ്ഘാടനം 27ന് മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും

രണ്ട് സംസ്ഥാനം, മൂന്ന് ഭാഷ

കേരളം, കര്‍ണാടക എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങളിലെ രേഖകള്‍ കൈകാര്യം ചെയ്തിരുന്ന അപൂര്‍വം സബ് രജിസ്ട്രാര്‍ ഓഫീസുകളിലൊന്നാണ് മഞ്ചേശ്വരത്ത് സ്ഥിതി ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ സൗത്ത് കാനറയിലെ മംഗലാപുരം താലൂക്കില്‍പ്പെടുന്ന കൈരംഗള, കിന്യാ, കോട്ടെക്കാര്‍, മംജനാടി, നരിംഗാന,തലപ്പാടി എന്നീ ഗ്രാമങ്ങളുള്‍പ്പെടുന്ന 35 ഗ്രാമങ്ങള്‍ മഞ്ചേശ്വരം പരിധിയില്‍ പെട്ടതായിരുന്നു. കേരള സംസ്ഥാന രൂപികരണശേഷം ഇപ്പോള്‍ മഞ്ചേശ്വരം, മംഗല്‍പാടി, പൈവളികെ, മീഞ്ച, വോര്‍ക്കാടി പഞ്ചായത്തുകളില്‍പ്പെടുന്ന 31 ഗ്രാമങ്ങളാണ് ഈ ഓഫീസ് പരിധിയില്‍ വരുന്നത്. മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ മൂന്നു ഭാഷകളിലുള്ള ആധാരങ്ങളും ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.

2019ല്‍ 4663 ആധാരങ്ങളാണ് ഈ ആഫീസില്‍ രജിസ്റ്റര്‍ ചെയ്തത്. 8040 കുടിക്കട സര്‍ട്ടിഫിക്കറ്റുകളും 1910 ആധാര പകര്‍പ്പുകളും 913 ഗഹാന്‍/ഗഹാന്‍ റിലീസുകളും കഴിഞ്ഞ വര്‍ഷം നല്‍കുകയുണ്ടായി. കൂടാതെ ഒമ്പത് രജിസ്റ്റര്‍ വിവാഹങ്ങളും രേഖപ്പെടുത്തുകയുണ്ടായി.  ഓഫീസിന്റെ 2019ലെ വരുമാനം 7,25,81,955 രൂപയാണ്.

കാസര്‍കോട് വികസന പാക്കേജില്‍ 64.66 ലക്ഷം രൂപ

ആധുനിക സാങ്കേതികത വിദ്യ ഉപയോഗിച്ചുള്ള സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് പരിമിതമായ ഭൗതിക സാഹചര്യങ്ങള്‍ അപര്യാപ്തമായതിനാലാണ് പഴയ കെട്ടിടത്തിന് സമീപം പുതിയ കെട്ടിടം നിര്‍മിച്ചത്. ഇതിനായി കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 64.66 ലക്ഷം രൂപയാണ് ചെലവഴിച്ചതെന്ന് സബ് രജിസ്ട്രര്‍ ഓഫീസര്‍ റോബിന്‍ ഡി സില്‍വ പറഞ്ഞു. 2017 നവംബര്‍ 24ന് മന്ത്രി ജി സുധാകരനാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്. ഇത് കൂടാതെ 37,01,775 രൂപ ചെലവില്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് മുഖേന ഏറ്റവും നൂതനമായ മൊബൈല്‍ കോംപാക്ടര്‍ റിക്കാര്‍ഡ് റൂമും ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമായി തയ്യാറാക്കിയ കെട്ടിടത്തില്‍ റാമ്പ് സൗകര്യവും ഉപഭോക്താക്കള്‍ക്കായി കാത്തിരിപ്പ് മുറി, കുടിവെള്ളം, ടെലിവിഷന്‍ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.

മ്യൂസിയമാക്കി സംരക്ഷിക്കണം: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

ഒരു നൂറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചു വരുന്ന മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസ് മ്യൂസിയമാക്കി പരിവര്‍ത്തിപ്പിച്ച് സംരക്ഷിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന് നിവേദനം നല്‍കിയതായി അദ്ദേഹം പറഞ്ഞു. സംഭവബഹുലമായ ഭൂതകാലത്തിന്റെ ഓര്‍മകള്‍ പേറി ഒരുപാട് സ്മരണകള്‍ ഉറങ്ങുന്ന സാമൂഹികയിടത്തെ പൊതുജനത്തിനും ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി നിലനിര്‍ത്തേണ്ടതുണ്ട്. രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചിരുന്ന ചരിത്രപരമായ സ്ഥാപനമാണ് കേരള അതിര്‍ത്തിയിലുള്ള സബ് രജിസ്ട്രാര്‍ ഓഫീസെന്നും അത് പൈതൃക സ്വത്തായി സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod, Kerala, News, Manjeshwaram, Manjeshwaram Sub registrar office inauguration on 27th, Registration, Office, inauguration, Minister,  < !- START disable copy paste -->  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia