city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഴ്ചയുള്ളവരെ പോലും അമ്പരപ്പിച്ച, അന്ധനായ മണിയുടെ പ്രകടനം ഇനി ചെന്നൈയില്‍

കാസര്‍കോട്: (www.kasargodvartha.com 29.07.2014) പ്ലസ്ടു പരീക്ഷയില്‍ കൈവരിച്ച ഉന്നത വിജയത്തെ തുടര്‍ന്ന് ചെന്നൈ ഐ.ഐ.ടി.യില്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് കോഴ്‌സിനു പ്രവേശനം ലഭിച്ച അന്ധവിദ്യാര്‍ത്ഥി കെ.പി. മണിയെ അനുമോദിക്കാനും യായ്രയയക്കാനും അധ്യാപകര്‍ വീട്ടിലെത്തി.

കാസര്‍കോട് ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രധാനാധ്യാപിക അനിതാഭായി, അധ്യാപികയും സ്‌കൂളിലെ കാരുണ്യ സ്പര്‍ശം കോ-ഓര്‍ഡിനേറ്ററുമായ പി.ടി. ഉഷ, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ടി.കെ. സുരേഷന്‍, വിദ്യാനഗര്‍ ഗവ.അന്ധവിദ്യാലയം ഹോസ്റ്റല്‍ വാര്‍ഡന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് പെരുന്നാള്‍ ദിനത്തില്‍ രാവിലെ മണിയുടെ നീലേശ്വരം എരിക്കുളം ക്ഷേത്രത്തിനടുത്ത വീട്ടിലെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 നുള്ള ചെന്നൈ മെയിലിലാണ് മണി പുറപ്പെടുന്നത്. 

കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ലയും മണിയെ പ്രത്യേകം അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ബന്ധുക്കളും നാട്ടുകാരും യാത്രയാക്കാന്‍ വന്നതോടെ മണിയുടെ വീട്ടുമുറ്റം അഭിമാനവും ആനന്ദവും പകര്‍ന്ന വൈകാരിക നിമിഷങ്ങള്‍ക്ക് വേദിയാവുകയായിരുന്നു. കാരുണ്യ സ്പര്‍ശം പദ്ധതിയിലും സ്‌കൂള്‍ സ്റ്റാഫ് വകയായും സമാഹരിച്ച തുക മണിക്ക് കൈമാറുകയും ചെയ്തു.

എട്ടാം തരം മുതല്‍ കാസര്‍കോട് ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായ മണി പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കനായിരുന്നു. എസ്.എസ്.എല്‍.സി.യ്ക്ക് മുഴുവന്‍ വിഷയങ്ങളിലും എ-പ്ലസ് നേടിയ മണിക്ക് പ്ലസ് ടുവില്‍ അത്ര മികവു കാട്ടാന്‍ സാധിച്ചില്ല. മൂന്ന എ- പ്ലസ്, രണ്ട് -എ, ഒരു ബി-പ്ലസ് എന്നിങ്ങനെയാണ് പ്ലസ് ടുവില്‍ ഗ്രേഡ് ലഭിച്ചത്. 2010 മുതല്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ സമ്മാനം നേടിയിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ സുരാജ് വെഞ്ഞാറമൂട് ഈയിടെ സ്‌കൂളില്‍ വന്നപ്പോള്‍ മണിയുടെ പ്രകടനം കണ്ട് അത്ഭുതപ്പെടുകയും അഭിനന്ദനം ചൊരിയുകയുമുണ്ടായി.

ആറാം തരം വരെ വീട്ടിനടുത്ത മടിക്കൈ ആലമ്പാടി ഗവ.യു.പി. സ്‌കൂളില്‍ പഠിച്ച മണി പിന്നീട് ഏഴാം തരത്തില്‍ വിദ്യാനഗര്‍ അന്ധവിദ്യാലയത്തില്‍ താമസിച്ചാണ് പഠിച്ചത്. തുടര്‍ന്ന് കാസര്‍കോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠിച്ചത് അന്ധവിദ്യാലയം ഹോസ്റ്റലില്‍ താമസിച്ചു തന്നെ. ചെന്നൈ ഐ.ഐ.ടി.യില്‍ ഈ വര്‍ഷം പ്രവേശനം ലഭിച്ച 46 കുട്ടികളില്‍ ഒരാളാണ് മണി. നൂറു ശതമാനവും കാഴ്ച ശക്തിയില്ലാത്ത മണിയുടെ കഴിവുകള്‍ കാഴ്ച ശക്തി ഉള്ളവരെപ്പോലും അത്ഭുതപ്പെടുത്തുന്നതാണ്.

കൂലിപ്പണിക്കാരനായ കണ്ണന്റെയും വീട്ടമ്മയായ വിലാസിനിയുടേയും രണ്ട് മക്കളില്‍ മൂത്തവനാണ് മണി. സഹോദരന്‍ വിപിന്‍ എറണാകുളത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ്. മിടുക്കനും സല്‍സ്വഭാവിയുമായ മണിയ്ക്ക് ചെന്നൈ ഐ.ഐ.ടി.യില്‍ സീറ്റ് കിട്ടിയത് സ്‌കൂളിനും നാടിനും ഒരു പോലെ സന്തോഷം പകര്‍ന്നു.
കാഴ്ചയുള്ളവരെ പോലും അമ്പരപ്പിച്ച, അന്ധനായ മണിയുടെ പ്രകടനം ഇനി ചെന്നൈയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia