Environment | ലോക കണ്ടൽക്കാട് ദിനാചരണം: നീലേശ്വരം പുഴയ്ക്ക് പുതു ജീവൻ
'കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുക, ജൈവവൈവിധ്യം വർദ്ധിപ്പിക്കുക' എന്നതാണ് ലക്ഷ്യം
നീലേശ്വരം: (KasargodVartha) ലോക കണ്ടൽക്കാട് ദിനം ആചരിച്ചു. സീനിയർ ചേമ്പർ ഇൻ്റർനാഷണൽ ലീജിയന്റെ നേതൃത്വത്തിൽ നീലേശ്വരം പുഴയിൽ ഒരു പുതിയ പദ്ധതിക്ക് തുടക്കമായി.
പുഴയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും പരിസ്ഥിതി സംരക്ഷണത്തിന് കൈത്താങ്ങ് നൽകുകയും ചെയ്യുന്ന ലക്ഷ്യത്തോടെയാണ് കണ്ടൽ ചെടികൾ വ്യാപകമായി നട്ടുപിടിപ്പിച്ചത്. ചടങ്ങിൽ പ്രസിഡൻ്റ് എം. നാരായണൻ നായർ അധ്യക്ഷത വഹിച്ചു. ജീവനം നീലേശ്വരം സ്ഥാപകനും പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനുമായ പി.വി ദിവാകരനെ ആദരിച്ചു. മുൻ ദേശീയ അധ്യക്ഷൻ ഡോ: എ മുരളീധരൻ, കെ.രാജ് മോഹനൻ നായർ, ടി.വി വിജയൻ, ഉഷ ദാമോദരൻ, ടി.വി ദാമോദരൻ എന്നിവർ പ്രസംഗിച്ചു. കണ്ടൽക്കാടുകളുടെ പ്രാധാന്യത്തെയും പരിസ്ഥിതി സംരക്ഷണത്തിലെ അവയുടെ പങ്ക് എന്നിവയെ കുറിച്ച് വിശദീകരിച്ചു.
കടലേറ്റം തടയുക, ജൈവവൈവിധ്യം വർധിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുക തുടങ്ങിയ നിരവധി പ്രയോജനങ്ങൾ കണ്ടൽക്കാടുകൾ നൽകുന്നു. നീലേശ്വരം പുഴയിലെ ഈ പദ്ധതി, പ്രദേശത്തെ പരിസ്ഥിതി സന്തുലനം പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു പ്രധാന നടപടിയാണ്.
സെക്രട്ടറി അഡ്വ. സി. ഈപ്പൻ സ്വാഗതവും കെ.ദാമോദരൻ നന്ദിയും പറഞ്ഞു.