Training | ജീവൻരക്ഷാ പരിശീലനവുമായി മംഗലാപുരം ഇൻഡ്യാന ഹോസ്പിറ്റൽ
കോടോം: (MyKasargodVartha) കിസാൻ സർവീസ് സൊസൈറ്റി - കാസർകോട് കമ്മിറ്റിയുടെ ജില്ലാ കൗൺസിൽ യോഗത്തോടനുബന്ധിച്ച് മംഗലാപുരം ഇൻഡ്യാന ഹോസ്പിറ്റലിലെ ട്രോമ ആൻഡ് എമർജൻസി മെഡിസിൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ജീവൻ രക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കായാമ്പൂ ഗാർഡൻസിൽ വച്ച് നടന്ന ചടങ്ങിൽ എമർജൻസി കെയർ വിഭാഗം സീനിയർ കൺസൽട്ടൻ്റ് ഡോ. സൽഫി പി കെ, കൺസൽട്ടൻ്റ് ഡോ. മുസ്സമിൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
ഡോക്ടർമാരെയും പൊതുജനങ്ങളെയും അടിയന്തര ജീവൻ രക്ഷാ ദൗത്യത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഇൻഡ്യാന ഹോസ്പിറ്റൽ രൂപീകരിച്ച ടെക്റ്റ് (ട്രോമ ആൻ്റ് എമർജൻസി കെയർ ട്രെയിനിംഗ്) പദ്ധതിയുടെ രണ്ടാം എഡിഷൻ ആണ് കോടോത്ത് നടന്നത്. മുതിർന്നവരിലും കുഞ്ഞുങ്ങളിലും സി.പി.ആർ നൽകേണ്ട രീതി, തൊണ്ടയിൽ വസ്തുക്കൾ കുടുങ്ങി ശ്വാസതടസം നേരിടുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ, പക്ഷാഘാതം, അപസ്മാരം, തീപൊള്ളൽ, വൈദ്യുതാഘാതം, വെള്ളത്തിൽ മുങ്ങൽ, പാമ്പുകടി, വിഷബാധ തുടങ്ങിയ സന്ദർഭങ്ങളിലെ ജീവൻ രക്ഷാ മാർഗങ്ങൾ, അപകട സ്ഥലത്ത് നിന്ന് രോഗിയെ ആശുപത്രിയിലെത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അറ്റുപോയ ശരീരഭാഗങ്ങൾ കൈകാര്യം ചെയ്യേണ്ട രീതി തുടങ്ങിയവ ക്ലാസിൽ പരിശീലിപ്പിച്ചു.
ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ അറിഞ്ഞിരിക്കേണ്ട പ്രഥമ ജീവൻ രക്ഷാ നിർദേശങ്ങളടങ്ങിയ ബുക്ക് ലെറ്റിൻ്റെ ആദ്യപതിപ്പ് കെ എസ് എസ് ദേശീയ ചെയർമാൻ ജോസ് തയ്യിൽ, സംസ്ഥാന ട്രഷറർ അബ്ബാസ് കല്ലട്ര എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി ജിജോ കെ.സി, പ്രസിഡണ്ട് പി മുരളീധരൻ, കോടോം യൂണിറ്റ് സെക്രട്ടറി ജസ്റ്റിൻ തോമസ്, ഇൻഡ്യാന ഡെപ്യൂട്ടി മാർക്കറ്റിംഗ് മാനേജർ വൈശാഖ് സുരേഷ്, അസി. മാർക്കറ്റിംഗ് മാനേജർ സരിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.