Rescue | 23 കോൽ താഴ്ചയുള്ള കിണറ്റിൽ വീണ യുവാവിന് അത്ഭുതരക്ഷ!
ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വെള്ളരിക്കുണ്ട്: (KasargodVartha) അബദ്ധത്തിൽ കാൽ തെന്നി 23 കോൽ താഴ്ചയുള്ള കിണറിൽ വീണ യുവാവിനെ മണിക്കൂറുകൾ കഴിഞ്ഞ് ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ബിരിക്കുളം നവോദയ നഗറിലെ കിണറ്റിലാണ് കാളിയാനം സ്വദേശിയായ സുനിൽ കുമാർ (35) എന്ന യുവാവ് വീണത്.
ബുധനാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ സുനിൽ കുമാർ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് അന്വേഷണം നടത്തി വരുന്നതിനിടെയാണ് കിണറിൽ വീണ് കിടക്കുന്നനിലയിൽ കണ്ടത്. നാട്ടുകാർ വിവരം പൊലീസിലും ഫയർ ഫോഴ്സിലും അറിയിച്ചു.
വെള്ളരിക്കുണ്ടിൽ നിന്നും പൊലീസും കാഞ്ഞങ്ങാട് നിന്നും ഫയർഫോഴ്‌സും എത്തിയശേഷം സുനിൽ കുമാറിനെ സുരക്ഷിതമായി മുകളിൽ എത്തിക്കുകയായിരുന്നു. കിണറിൽ വെള്ളം ഉണ്ടായിരുന്നതിനാൽ സുനിൽ കുമാറിന് കാര്യമായി പരുക്കുകൾ പറ്റിയിരുന്നില്ല. വെള്ളത്തിൽ വീണ ഉടൻ കിണറ്റിന്റെ അരികിൽ ഉണ്ടായിരുന്ന കല്ലിൽ കയറി ഇരിക്കുകയായിരുന്നു.
23 കോൽ അഴമുള്ള കിണറിൽ വീണിട്ടും പരുക്കുകളൊന്നും ഇല്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ട സുനിൽ കുമാറിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു വിശദമായ ദേഹപരിശോധന നടത്തിയ ശേഷമാണ് വീട്ടുകാർക്ക് ഒപ്പം വിട്ടത്.
#wellrescue #Kerala #accident #rescueoperation #Vellerikkundu #localnews