Justice | മനുഷ്യാവകാശ കമീഷൻ ഇടപെടൽ; 7 വർഷം മുമ്പ് പൂർത്തിയാക്കിയ പ്രവൃത്തിക്ക് കെട്ടിവച്ച ജാമ്യത്തുക തിരികെ കിട്ടി
കാസർകോട്: (KasargodVartha) 2015 ജൂണിൽ പൂർത്തിയാക്കിയ നിർമാണ ജോലിക്കായി പൊതുമരാമത്തിൽ കെട്ടിവച്ച ഒരു ലക്ഷം രൂപയുടെ ജാമ്യത്തുക കരാറുകാരന് തിരികെ നൽകി. മനുഷ്യാവകാശ കമീഷൻ ജൂഡീഷ്യൽ അംഗം കെ ബൈജൂ നാഥ് ചെറുകിട ജലസേചന വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർക്ക് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മൊഗ്രാൽപുത്തൂർ പഞ്ചായത്തിലുള്ള ഉജീർ കുളത്തിന്റെ അറ്റകുറ്റപണികൾ നടത്തിയ ബി ഐ അബൂബകർ സിദ്ദീഖിന് തുക തിരികെ ലഭിച്ചത്.
ഉജീർ കുളത്തിന്റെ അറ്റകുറ്റപണികൾ നടത്താനാണ് അബൂബകർ സിദ്ദീഖ് കരാറെടുത്തത്. 2015 ജൂൺ 15 ന് പ്രവൃത്തി പൂർത്തിയാക്കി. ജാമ്യത്തുകയായ ഒരു ലക്ഷം രൂപ ലഭിക്കുന്നതിന് കരാറുകാരൻ കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ ഓഫീസിൽ കഴിഞ്ഞ ഏഴ് വർഷമായി ഇറങ്ങിക്കയറുകയാണ്. കമീഷൻ മൈനർ ഇറിഗേഷൻ സൂപ്രണ്ടിംഗ് എൻജിനീയറിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.
കുളം നവീകരണത്തിൽ ക്രമക്കേട് നടന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി കുളത്തിന്റെ താഴെയുള്ള ഭാഗം പരിശോധിക്കാൻ ജലസേചന വകുപ്പിന് നിർദേശം നൽകിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ജലനിരപ്പ് താഴുന്ന മുറയ്ക്ക് മാത്രമേ സ്ഥല പരിശോധന നടത്താൻ കഴിയുകയുള്ളൂ. കുളം വറ്റിച്ച് പരിശോധിക്കണമെങ്കിൽ ഒന്നര ലക്ഷം രൂപ ചെലവു വരും. മാത്രവുമല്ല സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാവുകയും ചെയ്യും.
പ്രസ്തുത പരിശോധന പൂർത്തിയായാൽ മാത്രമേ വിജിലൻസ് കേസിൽ തീരുമാനമാവുകയുള്ളൂ. കേസിൽ തീരുമാനമാകാതെ ജാമ്യത്തുക തിരികെ നൽകാനാവില്ലെന്നായിരുന്നു റിപ്പോർട്ട്. ഇത് തികച്ചും അപഹാസ്യമായ നിലപാടാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്നും ജാമ്യത്തുക തിരികെ നൽകണമെന്നും കമ്മീഷൻ നിർദേശിക്കുകയായിരുന്നു.
#humanrights #kerala #justice #securitydeposit #government #delay #commission #irrigation #construction