Accident | കടയിലേയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ നടന്നു പോകുകയായിരുന്ന ഗൃഹനാഥന്‍ ജീപ് ഇടിച്ച് മരിച്ചു
അമ്പലത്തറ: (KasaragodVartha) കടയിലേയ്ക്ക് സാധനങ്ങൾ വാങ്ങാൻ റോഡരികിലൂടെ നടന്നു പോകുന്നതിനിടയില്‍ ജീപിടിച്ച് ഗൃഹനാഥന്‍ മരിച്ചു. ഇരിയ മുട്ടിച്ചരല്‍ കോപ്പാളം മൂലയിലെ തമ്പാന്‍ (62) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മുട്ടിച്ചരല്‍ വളവിലാണ് അപകടം സംഭവിച്ചത്.
ഗുരുതരമായി പരുക്കേറ്റ തമ്പാനെ മംഗ്‌ളൂറിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപകടനില തരണം ചെയ്യാത്തതിനാൽ തിരിച്ചയച്ചിരുന്നു. തുടർന്ന് മാവുങ്കാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിച്ചു.
ഭാര്യ: കാര്‍ത്യായനി. മക്കള്‍: അജിത, സജിത. മരുമക്കള്‍: ശശി തണ്ണോട്ട്, മുരളി പൊയ്‌നാച്ചി. ജീപ് ഡ്രൈവർക്കൈതിരെ അശ്രദ്ധയോടെ വാഹനം ഓടിച്ച് അപകടം വരുത്തിയതിന് അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവിടെ അപകടം പതിവാണെന്ന് പ്രദേശവാസികൾ പറഞ്ഞു.