Restrictions | മാലിദ്വീപിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് നാട്ടിലേക്ക് പണമയക്കുന്നതിന് പ്രതിസന്ധി; തടസങ്ങൾ നീക്കണമെന്ന് ലോക്‌സഭയിൽ ആവശ്യപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി
● 'ഒരു മാസം 700 ഡോളർ മാത്രമേ അയക്കാനാവുന്നുള്ളൂ'
● 'സ്വകാര്യ ഏജൻസികളിലൂടെ അയക്കുമ്പോൾ വലിയ നഷ്ടം'
● എംബസിയോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല'
ന്യൂഡൽഹി: (KasargodVartha) മാലിദ്വീപിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് നാട്ടിലേക്ക് പണം അയക്കുന്നത്തിലുള്ള തടസ്സങ്ങൾ നീക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. മാലിദ്വീപിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് നാട്ടിലേക്ക് പണം അയക്കുന്നതിന് നിലവിൽ പരിധി നിശ്ചയിച്ചിട്ടുണ്ട്. നിയമപ്രകാരം, ഒരു മാസം ബാങ്ക് വഴി 500 ഡോളറും, എടിഎം വഴി 100 ഡോളറും, പെട്രോൾ പമ്പുകളിൽ നിന്ന് എടിഎം വഴി 100 ഡോളറും മാത്രമാണ് പിൻവലിക്കാനും അയക്കാനും അനുവദിക്കുന്നുള്ളൂ. ഇത് ഇന്ത്യക്കാർക്ക് വലിയ പ്രയാസമായിരിക്കുന്നു.
ഇന്ത്യൻ എംബസിയിലൂടെ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പരാതിപ്പെട്ടു. സ്വകാര്യ ഏജൻസികളിലൂടെ പണം അയക്കുമ്പോൾ വലിയ നഷ്ടം സംഭവിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിന്നും മാലിദ്വീപിലേക്ക് ജോലി ആവശ്യർത്ഥവും സന്ദർശനത്തിനും വരുന്നവർക്ക് അവരുടെ നാട്ടിലെ അക്കൗണ്ടിൽ ഉള്ള തുക അവിടെ നിന്നും പിൻവലിക്കുമ്പോൾ ഇവിടുത്തെ പ്രാദേശികമായ രൂപയ്ക്ക് തുല്യമായ തുകയാണ് കിട്ടുന്നത്. ഇന്ത്യയിലും ഇത്തരമൊരു സൗകര്യം ഉണ്ടാക്കണമെന്നും എംപി ആവശ്യപ്പെട്ടു.
മാലിദ്വീപിൽ ജോലി ജോലി ചെയ്യുന്നവരും അതുപോലെ ഇന്ത്യയിലേക്ക് സന്ദർശനത്തിന് വരുന്ന മാലിദ്വീപിലെ പൗരന്മാരുടെയും ഇവിടുത്തെ ബാങ്ക് അക്കൗണ്ടിൽ ഉള്ള തുക എടിഎം കാർഡ് ഉപയോഗിച്ചുകൊണ്ട് ഇന്ത്യയിൽ നിന്നും പിൻവലിക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കുക തുടങ്ങിയ മാലിദ്വീപിലെ ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളാണ് പാർലമെമെന്റിൽ എംപി അവതരിപ്പിച്ചത്.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മാലി ദ്വീപ് സെൻട്രൽ ബാങ്ക് വിദേശത്തേക്ക് പണമയയ്ക്കുന്നതിന് പരിമിതി നിശ്ചയിച്ചിട്ടുണ്ടെന്നും, യുഎസ് ഡോളറിൽ ശമ്പളം വാങ്ങുന്നവർക്ക് പ്രശ്നമില്ലെന്നും മറുപടി നൽകി. എന്നാൽ, ഇന്ത്യൻ ഹൈക്കമ്മീഷൻ ഈ വിഷയം മാലിദ്വീപ് ഗവൺമെന്റിനോട് ഉന്നയിച്ചിട്ടുണ്ടെന്നും, ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിന് പ്രാധാന്യം നൽകി തുടർ നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കിയതായി എംപി അറിയിച്ചു.
കാര്യങ്ങൾ നേരിട്ട് മനസിലാക്കാൻ കാസർകോട് നിന്നുമുള്ള മാലിദ്വീപിലെ വിദേശ ഇന്ത്യക്കാരായ പ്രവാസികൾ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും താമസിയാതെ അതിനുള്ള ശ്രമം നടത്തുമെന്നും എംപി കൂട്ടിച്ചേർത്തു.