Language | മലയാളം - കന്നഡ വിവർത്തന ശില്പശാല ശ്രദ്ധേയമായി

● ഓരോ ഭാഷ പഠിക്കുമ്പോഴും നാം പുതിയൊരു ലോകം കൂടി പഠിക്കുകയാണെന്ന് കവി രാധാകൃഷ്ണ കെ. ഉളിയത്തടുക്ക അഭിപ്രായപ്പെട്ടു.
● ഓരോ ഭാഷയ്ക്കും തനതായ പ്രത്യേകതയും സാംസ്ക്കാരിക തലവും ഉണ്ടെന്ന് ക്ലാസെടുത്തവർ പറഞ്ഞു.
● എസ്.എൽ. ഭൈരപ്പ എഴുതിയ കന്നഡ നോവൽ യാനത്തിന്റെ വിവർത്തനത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ കെ.വി.കുമാരൻ മാസ്റ്ററെ ആദരിച്ചു.
● കന്നഡ ഭവൻ ഗ്രന്ഥാലയം സ്ഥാപക അധ്യക്ഷൻ ഡോ.വാമൻ റാവു ബേക്കൽ സ്വാഗതം പറഞ്ഞു.
കാസർകോട്: (KasargodVartha) ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ദ്രാവിഡ ഭാഷാ ട്രാൻസലേറ്റേർസ് അസോസിയേഷനും, നുള്ളിപ്പാടി സീതമ്മ - പുരുഷ നായക കന്നഡ ഭവൻ ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിച്ച മലയാളം - കന്നഡ വിവർത്തന ശില്പശാല ശ്രദ്ധേയമായി. ബഹുഭാഷാസംഗമ വേദിയായ കാസർകോട്ട് നടന്ന ഈ ശില്പശാല മാധ്യമപ്രവർത്തകർ, എഴുത്തുകാർ, വിദ്യാർത്ഥികൾ തുടങ്ങി വിവിധ തുറകളിൽ നിന്നുള്ള അമ്പതോളം പേർക്ക് പുതിയൊരനുഭവമായി മാറി. പ്രായഭേദമെന്യേ നിരവധിപേർ പഠിതാക്കളായി പങ്കെടുത്തു.
അസോസിയേഷൻ പ്രസിഡന്റ് ഡോ.എസ്.സുഷമാശങ്കറിൻ്റെ അധ്യക്ഷതയിൽ പ്രശസ്ത കന്നഡ കവി രാധാകൃഷ്ണ കെ. ഉളിയത്തടുക്ക ശില്പശാല ഉദ്ഘാടനം ചെയ്തു. ഭാഷകൾ പഠിക്കുന്നതിലൂടെ പുതിയ ലോകങ്ങൾ തുറക്കപ്പെടുമെന്നും സാംസ്കാരിക മണ്ഡലം വിപുലമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏതു ഭാഷ പഠിക്കുന്നതിലും ആരും വിമുഖത കാണിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രാഷ്ട്ര കവി മഞ്ചേശ്വരം ഗോവിന്ദ പൈ, കവി ടി.ഉബൈദ്, കയ്യാർ കിഞ്ഞണ്ണ റൈ, വിദ്വാൻ പി. വെങ്കിടരാജ പുണിഞ്ചിത്തായ, സി.രാഘവൻ, കെ.വി.കുമാരൻ തുടങ്ങിയ പ്രഗത്ഭരായ വിവർത്തകർ വടക്കൻ കേരളത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാസർകോട് ഗവ.കോളേജ് കന്നഡ വിഭാഗം അധ്യാപകനും എഴുത്തുകാരനുമായ ഡോ.രത്നാകര മല്ലമൂല മുഖ്യാതിഥിയായി പങ്കെടുത്തു.
പ്രശസ്ത വിവർത്തകനും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കെ.വി.കുമാരൻ മാസ്റ്റർ, കുപ്പം യൂണിവേഴ്സിറ്റിയിലെ കന്നഡ പ്രൊഫസർമാരായ ഡോ.ബി.എസ്.ശിവകുമാർ, പ്രൊഫ.വി.എസ്.രാകേഷ് എന്നിവർ ശില്പശാലയിൽ ക്ലാസുകൾ നയിച്ചു. വിവർത്തനം ചെയ്യുമ്പോൾ ഓരോ ഭാഷയുടെയും തനതായ സാംസ്ക്കാരിക പ്രത്യേകതകൾ മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്നും, അങ്ങനെ ചെയ്താൽ മാത്രമേ വിവർത്തനത്തിന് ജീവൻ നൽകാൻ സാധിക്കുകയുള്ളൂ എന്നും ക്ലാസുകളിൽ അഭിപ്രായമുയർന്നു.
കന്നഡ ഭവൻ ഗ്രന്ഥാലയം സ്ഥാപക അധ്യക്ഷൻ ഡോ.വാമൻ റാവു ബേക്കൽ സ്വാഗതവും, അസോസിയേഷൻ മലയാള വിഭാഗം കോർഡിനേറ്റർ രവീന്ദ്രൻ പാടി നന്ദിയും പറഞ്ഞു. ബി.ടി. ജയറാം, സുഭദ്ര രാജേഷ്, രാജൻ മുനിയൂർ, ദിനേശ് ബല്ലാൾ, റബിൻ രവീന്ദ്രൻ, സന്ധ്യാ റാണി ടീച്ചർ, എം.പി. ജിൽ ജിൽ, പ്രദീപ് ബേക്കൽ, പുരുഷോത്തമ പെർള, കെ.വി.രമേഷ്, എം. ശാരദ മൊളെയാർ, പി.ജി. ജോസഫ്, വസന്ത കെരെമനെ, സുന്ദറ ബാറഡുക്ക, നാരായണൻ കരിച്ചേരി, കാർത്തിക് പഡ്റെ, വനജാക്ഷി ചെമ്പ്രക്കാന, രേഖ റോഷൻ, സൗമ്യ തുടങ്ങിയവർ ശില്പശാലയുടെ വിവിധ സെഷനുകളിൽ പങ്കെടുത്തു അഭിപ്രായങ്ങൾ പങ്കുവെച്ചു. എസ്.എൽ. ഭൈരപ്പയുടെ കന്നഡ നോവൽ യാനത്തിൻ്റെ വിവർത്തനത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ കെ.വി.കുമാരൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. സമാപന സമ്മേളനം കന്നഡ പത്രപ്രവർത്തകൻ രവി നായ്ക്കാപ്പ് ഉദ്ഘാടനം ചെയ്തു. യക്ഷഗാന കലാകാരൻ വെങ്കട്രമണ ഹൊള്ള മുഖ്യാതിഥിയായിരുന്നു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
A Malayalam-Kannada translation workshop was held in Kasaragod, organized by Dravida Bhasha Translators Association and Kannada Bhavan Granthalayam. The workshop was attended by writers, journalists, and students.
#TranslationWorkshop #MalayalamKannada #Kasaragod #LanguageLearning #CulturalExchange #DravidaLanguages