city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയില്‍ മലമ്പനി രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്

കാസര്‍കോട്: (www.kasargodvartha.com 24/04/2015) ജില്ലയില്‍ മലമ്പനി രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2013 ല്‍ 306 പേര്‍ക്കാണ് മലമ്പനി പിടിപെട്ടതെങ്കില്‍ 2014 ല്‍ ഇത് 344 ഉയര്‍ന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ ആദ്യവാരം വരെയുള്ള കണക്കനുസരിച്ച് 42 പേര്‍ക്കാണ് മലമ്പനി പിടിപെട്ടത്. എന്നാല്‍ 2013, 2014 വര്‍ഷങ്ങളിലെ കണക്കെടുക്കുമ്പോള്‍ ഈ രണ്ട് വര്‍ഷങ്ങളിലും എട്ട് പേര്‍ക്ക് മാത്രമാണ് ജില്ലയില്‍ നിന്ന് നേരിട്ട് മലമ്പനി പിടിപെട്ടിട്ടുള്ളത്. ഈ വര്‍ഷം ഇതുവരെയായി ജില്ലയില്‍ നേരിട്ട് മലമ്പനി പിടിപെട്ടിട്ടുളള ഒരു കേസും റിപോര്‍ട്ട് ചെയ്തിട്ടില്ല.

ജില്ലയില്‍ ഇതര സംസ്ഥാനങ്ങളുമായി ദിനംപ്രതി ബന്ധപ്പെടുന്നവരുടെ എണ്ണം കൂടുന്നതും മലമ്പനി പരത്തുന്ന അനോഫിലസ്  സ്റ്റീഫന്‍സി എന്ന കൊതുകിന്റെ കൂടുതലായുളള സാന്നിധ്യവുമാണ് മലമ്പനി വര്‍ധിക്കുവാനുള്ള കാരണങ്ങളായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മലമ്പനി കൂടുതലുളള ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഇവിടെയെത്തുന്ന തൊഴിലാളികളും രോഗം വ്യാപിക്കാന്‍ കാരണമാകുന്നു.

മഞ്ചേശ്വരം, കുമ്പള, മംഗല്‍പാടി, മധൂര്‍, കാസര്‍കോട് മുനിസിപ്പാലിറ്റി, ചെമ്മനാട് എന്നിവിടങ്ങളിലാണ് കൂടുതലായി മലമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. വിറയലോടുകൂടിയ പനി, ശക്തമായ ശരീരവേദന, തലവേദന, വിറയല്‍ എന്നിവയാണ് മലമ്പനിയുടെ രോഗലക്ഷണങ്ങള്‍. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണത്തിന് കാരണമായേക്കാം. ഫാല്‍സിപാരം മൂലമുണ്ടാകുന്ന മലമ്പനിയാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ 20 മുതല്‍ 25 ശതമാനം വരെ. മാരകമായ ഇത് മരണത്തിലേക്ക് നയിച്ചേക്കാം.

മലമ്പനി ഏറെയുളള സ്ഥലങ്ങളില്‍ പോയി വന്നതിനുശേഷം വിറയലോടുകൂടിയ പനി അനുഭവപ്പെടുന്നുണ്ടെങ്കില്‍ രക്തപരിശോധന നടത്തണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്നു. മലമ്പനി രോഗികള്‍ നിര്‍ബന്ധമായും കൊതുകുവല ഉപയോഗിക്കണം. ഇത് രോഗം മറ്റുള്ളവരിലേക്ക് തടയുന്നതിന് ഒരു പരിധിവരെ സഹായിക്കും. വീടിനും സമീപപ്രദേശങ്ങളിലും വെള്ളം കെട്ടിനില്‍ക്കാനുള്ള  സാഹചര്യം ഒഴിവാക്കുക എന്നത് പ്രതിരോധമാര്‍ഗമാണ്. രോഗബാധിത സ്ഥലങ്ങളിലും രോഗം പടര്‍ന്നുപിടിക്കുന്ന സ്ഥലങ്ങളിലും ആരോഗ്യവകുപ്പ് നടത്തുന്ന് പ്രതിരോധപ്രവര്‍ത്തനങ്ങള്‍, ബോധവത്ക്കരണപ്രവര്‍ത്തനങ്ങള്‍ എന്നിവ മലമ്പനി പടരുന്നത് തടയുന്നു.

ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി ഏപ്രില്‍25ന് വൈകുന്നേരം നാല് മണിക്ക് കാഞ്ഞങ്ങാട് എ.സി കണ്ണന്‍നായര്‍ ഹാളില്‍  മഴക്കാലരോഗ പ്രതിരോധ ശുചിത്വ കര്‍മപരിപാടി സംഘടിപ്പിക്കും. ജില്ലാ ആരോഗ്യവകുപ്പും കാഞ്ഞങ്ങാട് നഗരസഭയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. ദിവ്യ അധ്യക്ഷത വഹിക്കും. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി  കര്‍മപരിപാടി വിശദീകരിക്കും.

റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എന്‍. ദേവീദാസ് അനുമോദനവും പുരസ്‌ക്കാര വിതരണവും നടത്തും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.പി ദിനേഷ്‌കുമാര്‍ ആമുഖപ്രഭാഷണം നടത്തും.  ഡെപ്യൂട്ടി  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ. മോഹനന്‍, കൊതുകുവണ്ടി- ആരോഗ്യസന്ദേശഗാനങ്ങള്‍ സിഡി പ്രകാശനം ചെയ്യും. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.ആര്‍ സന്തോഷ് ആരോഗ്യ സന്ദേശയാത്ര അവലോകനം ചെയ്യും.  ജില്ലാ മലേറിയ ഓഫീസര്‍ വി. സുരേശന്‍ , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ജില്ലയില്‍ മലമ്പനി രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്

Keywords : Kasaragod, Kerala, Patient's, Fever, Health.  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia