Fire Disaster | പെർളയിലെ വൻ തീപ്പിടുത്തം: സമീപ പ്രദേശങ്ങളിൽ ഫയർ സ്റ്റേഷൻ ഇല്ലാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്ന് വ്യാപാരികൾ
● ദുരന്തത്തിൽ ആറ് കടകൾ പൂർണമായും ഒരു കട ഭാഗികമായും നശിച്ചു.
● തീപ്പിടുത്തത്തിൽ 1,83,50,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പറയുന്നു.
● പുലർച്ചെ 12:15 മണിയോടെയാണ് തീപ്പിടുത്തം ശ്രദ്ധയിൽപ്പെട്ടത്.
പെർള: (KasargodVartha) ശനിയാഴ്ച അർധരാത്രി, പെർള ടൗണിലെ ബദിയടുക്ക-പുത്തൂർ റോഡിൽ സ്ഥിതി ചെയ്യുന്ന പൈ ബിൽഡിംഗ് എന്ന കൊമേർഷ്യൽ കോംപ്ലക്സിൽ ഉണ്ടായ തീപ്പിടുത്തം പ്രദേശത്തെ വ്യാപാരികളെ ദുഃഖത്തിലും ആശങ്കയിലുമാഴ്ത്തി. ഈ ദുരന്തത്തിൽ ആറ് കടകൾ പൂർണമായും ഒരു കട ഭാഗികമായും നശിച്ചു.
തൊട്ടടുത്ത പ്രദേശങ്ങളിൽ ഫയർ സ്റ്റേഷൻ ഇല്ലാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്ന് വ്യാപാരികൾ പറയുന്നു. സമീപ പ്രദേശത്ത് ഫയർ ആൻഡ് സേഫ്റ്റി സ്റ്റേഷൻ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ അധികൃതരോട് ആവശ്യപ്പെട്ടു.
പൂജ ഫാൻസി, പൈഗള ക്ലോത് സ്റ്റോർ, ഒരു പേപ്പർ വിതരണ കേന്ദ്രം, പ്രവീൺ ഓടോമൊബൈൽസ്, സാദാത് സ്റ്റോർ, ഗൗതം കോൾഡ് ഹൗസ് തുടങ്ങിയവയാണ് അഗ്നിക്കിരയായ കടകൾ. കെട്ടിട ഉടമ ഗോപിനാഥ് പൈ പൊലീസിൽ നൽകിയ പരാതിയിൽ തീപ്പിടുത്തത്തിൽ 1,83,50,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പറയുന്നു.
പുലർച്ചെ 12:15 മണിയോടെയാണ് തീപ്പിടുത്തം ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ ഉടൻതന്നെ തീയണയ്ക്കാൻ ശ്രമിക്കുകയും അഗ്നിശമന സേനാംഗങ്ങളെ വിവരമറിയിക്കുകയും ചെയ്തു. കാസർകോട്, മഞ്ചേശ്വരം എന്നിവിടങ്ങളിൽ നിന്നടക്കം നിരവധി അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഏകദേശം നാല് മണിക്കൂറോളം നാട്ടുകാരുടെയും അഗ്നിശമന സേനാംഗങ്ങളുടെയും തീവ്രശ്രമഫലമായാണ് തീ നിയന്ത്രണവിധേയമാക്കിയത്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹ്‌മദ് ശരീഫ്, ജനറൽ സെക്രട്ടറി കെ ജെ സജി, വൈസ് പ്രസിഡണ്ട് ഹംസ പാലക്കി, സെക്രട്ടറിമാരായ കുഞ്ചാർ മുഹമ്മദ് ഹാജി, കെ വി ദാമോദരൻ, കെ ദിനേശൻ, അൻവർ സാദത്ത് ടി എ എന്നിവർ കത്തി നശിച്ച കടകൾ സന്ദർശിച്ചു. ജില്ലാ കമ്മിറ്റിയുടെ ദുരിതാശ്വാസ നിധിയിൽ അടിയന്തര സഹായമായി സ്ഥാപനത്തിന് 50000 രൂപ വീതം ജില്ലാ പ്രസിഡന്റ് അനുവദിച്ചു.
#PerlaFire #BusinessLoss #KasaragodNews #FireSafety #TradersDemand #Kerala