Women's Empowerment | 'സംസ്ഥാനത്ത് ഒരു വനിതാ സംഘടനയും നടത്താത്ത രീതിയിലുള്ള കേരള യാത്രയുമായി മഹിളാ കോൺഗ്രസ്'; എല്ലാ പഞ്ചായത്തിലും സഞ്ചരിക്കും; ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പ്
● തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടാണ് യാത്ര നടത്തുന്നത്.
● ജനുവരി നാലിന് ശനിയാഴ്ച കാസർകോട് ചെർക്കളയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്.
● സംസ്ഥാനത്തെ 1474 മണ്ഡലങ്ങളിലും എത്തിച്ചേരുന്ന യാത്ര സെപ്തംബർ 30 ന് തിരുവനന്തപുരത്ത് സമാപിക്കും.
കാസർകോട്: (KasargodVartha) സംസ്ഥാനത്ത് ഒരു മഹിളാ സംഘടനയും നടത്താത്ത രീതിയിലുള്ള യാത്രയുമായി മഹിളാ കോൺഗ്രസ്. എല്ലാ പഞ്ചായതിലും യാത്ര എത്തുമെന്നതാണ് എട്ടു മാസം നീണ്ടു നിൽക്കുന്ന യാത്രയുടെ പ്രത്യേകതയെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം പി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടാണ് യാത്ര നടത്തുന്നത്. അക്രമവും അഴിമതിയും മുഖമുദ്രയാക്കിയ പിണറായി വിജയൻ സർകാരിനെതിരെ സ്ത്രീകളുടെ പോരാട്ടത്തിനും ചെറുത്ത് നിൽപ്പിനും തുടക്കം കുറിക്കുന്നതാണ് മഹിള സാഹസ് കേരള യാത്രയെന്നും അവർ പറഞ്ഞു. ജനുവരി നാലിന് ശനിയാഴ്ച കാസർകോട് ചെർക്കളയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്.
മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. ജെബി മേത്തർ എം പി മഹിളാ സാഹസ് കേരള യാത്ര നയിക്കും. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും.
എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, യുഡിഎഫ് കൺവീനർ എം എം ഹസൻ, രാജ് മോഹൻ ഉണ്ണിത്താൻ എം പി എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.
സംസ്ഥാനത്തെ 1474 മണ്ഡലങ്ങളിലും എത്തിച്ചേരുന്ന യാത്ര സെപ്തംബർ 30 ന് തിരുവനന്തപുരത്ത് സമാപിക്കും. സമാപന സമ്മേളനം സെപ്റ്റംബർ 30ന് തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഏഴു ഘട്ടമായാണ് യാത്ര. എല്ലാ വിഭാഗം സ്ത്രീകളും കുട്ടികളുമായി സംവദിച്ചും അവരുടെ പരാതികൾ കേട്ടുമുള്ള അതി വിപുലമായ ജന സമ്പർക്ക, ജനപക്ഷ യാത്രയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതാദ്യമായാണ് ഇത്രയും വിപുലവും സമഗ്രവുമായ ഒരു യാത്ര ഒരു മഹിള സംഘടന നടത്തുന്നതെന്ന് നേതാക്കൾ പറഞ്ഞു.
ഈ വർഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും അടുത്ത വർഷത്തെ നിയമസഭ തിരഞ്ഞെടുപ്പിലും യുഡിഎഫിന് വൻ വിജയം സമ്മാനിക്കുക എന്നതോടൊപ്പം കേരളത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും അമ്മമാർക്കും അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യം കൂടി യാത്രക്കുണ്ടെന്ന് ജെബി മേത്തർ പറഞ്ഞു.
സിപിഎമ്മിലെ വനിത സഖാക്കൾക്ക് അഭിമാനത്തോടെ നില കൊള്ളാനുള്ള യാത്ര കൂടിയാണ് ഇത്. സിപിഎമ്മിലെ കുടിപ്പകയുടെ ഇരകളും സ്ത്രീകളാണ്. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന ശേഷം സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. ഒരു ലക്ഷത്തിലേറെ സ്ത്രീ പീഡനങ്ങൾ നടന്നിട്ടുണ്ടെന്നാണ് കണക്ക്.
കൃത്യമായ വിവരം നിയമസഭയിൽപ്പോലും പറയുന്നില്ല. ശിശു വിൽപ്പന വരെ നടത്തിയ സർക്കാരിണിത് (തിരുവനന്തപുരം അനുപമ കേസ്) അക്രമം,വിലക്കയറ്റം എന്നിവ മൂലം ദുരിതമനുഭവിക്കുന്നതും സ്ത്രീകളാണ്. സ്ത്രീകളുടെ കണ്ണീരിന് വില കൽപ്പിക്കാത്ത പിണറായി സർക്കാരിനെ സ്ത്രീകൾ തന്നെ താഴെയിറക്കും.
കാസർകോട്ടെ കൃപേഷിന്റെയും ശരത് ലാലിന്റെയും, ശുഐബിന്റെയും സിദ്ധാർത്ഥിൻ്റെയും അമ്മമാരുടെ കണ്ണീർ കണ്ടോ. പി പി ദിവ്യ ജയിലിൽ നിന്ന് പുറത്തിറക്കുന്നത് വരവേൽക്കാൻ പോയ ഒരു സിപിഎം വനിത നേതാവുപോലും നവീൻ ബാബുവിൻ്റെ വീട്ടിൽ പോയില്ല. സംസ്ഥാനത്തെ സമസ്ത ജന വിഭാഗങ്ങളുടെയും മോചനവും സമാധാനവും നന്മയും ഉന്നം വച്ചുള്ള മഹിള സാഹസ് കേരള യാത്ര ചരിത്ര സംഭവമാകുമെന്നും ജെബി മേത്തർ എം പി പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സംസ്ഥാന മഹിള കോൺഗ്രസ് വൈസ് പ്രസിഡണ്ട് മിനിമോൾ, രജനിരമാനന്ദൻ, സംസ്ഥാന സെക്രട്ടറി പത്മിനി, സിന്ധു, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ, ഡിസിസി സെക്രട്ടറി ഗീതകൃഷ്ണൻ, ധന്യസുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
#KeralaYatra #MahilaCongress #LocalElections #WomenEmpowerment #PoliticalMovement #KasargodNews