city-gold-ad-for-blogger

മടിക്കൈ ബങ്കളം വാർഡിൽ സിപിഎമ്മിലെ പി ശാന്തിനിക്ക് എതിരില്ലാത്ത വിജയം; പിന്തുണ പിൻവലിച്ചതിന് പിന്നിൽ ഭീഷണിയെന്ന് ബിജെപി

CPM candidate P Santhini wins unopposed in Madikai.
Photo: Special Arrangement

● എൻഡിഎ സ്ഥാനാർഥി പി രജിതയെ നിർദേശിച്ചയാൾ കെ ഭാസ്‌കരൻ പിന്തുണ പിൻവലിച്ചതോടെ പത്രിക അസാധുവായി.
● ശനിയാഴ്ച രാവിലെ ഭാസ്‌കരൻ നേരിട്ടെത്തി വരണാധികാരിക്ക് മുമ്പാകെ രേഖാമൂലം പിന്തുണ പിൻവലിച്ചു.
● താമസിക്കാൻ അനുവദിക്കില്ല, കൃഷികൾ നശിപ്പിക്കും തുടങ്ങിയ ഭീഷണികളാണ് സി.പി.എമ്മിൻ്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ആരോപണം.
● ഭാസ്‌കരൻ സി.പി.എം. മടിക്കൈ സൗത്ത് ലോക്കൽ സെക്രട്ടറി കെ പ്രഭാകരൻ്റെ മരുമകനാണെന്ന് സിപിഎം വിശദീകരിച്ചു.
● ബിജെപിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും പിന്തുണ പിൻവലിച്ചത് സ്വമേധയാ ആണെന്നും സിപിഎം പ്രതികരിച്ചു.
● ബിജെപി ജില്ലാ പ്രസിഡൻ്റ് അശ്വിനി എം.എൽ സിപിഎം നടപടി ജനാധിപത്യത്തിന് നിരക്കാത്തതാണെന്ന് പറഞ്ഞു.

കാഞ്ഞങ്ങാട്: (KasargodVartha) തദ്ദേശ തിരഞ്ഞെടുപ്പിൽ മടിക്കൈ ഗ്രാമപ്പഞ്ചായത്തിലെ പത്താം വാർഡായ ബങ്കളത്ത് ഇടതുമുന്നണി സ്ഥാനാർഥിയായ സി.പി.എമ്മിലെ പി. ശാന്തിനി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എതിർസ്ഥാനാർഥിയായി നാമനിർദേശപത്രിക നൽകിയ എൻ.ഡി.എയിലെ പി. രജിതയെ നിർദേശിച്ചയാൾ പിന്തുണ പിൻവലിച്ചതോടെയാണ് ശാന്തിനിക്ക് മുന്നിൽ മറ്റ് എതിരാളികൾ ഇല്ലാതായത്. ഈ വാർഡിൽ യു.ഡി.എഫിന് സ്ഥാനാർഥിയില്ലായിരുന്നു.

ബങ്കളം കുരുഡ് സ്വദേശിയായ കെ. ഭാസ്‌കരനാണ് ബി.ജെ.പി. സ്ഥാനാർഥിയായ പി. രജിതയ്ക്ക് പിന്തുണ നൽകിയിരുന്നത്. ഇദ്ദേഹം ശനിയാഴ്ച രാവിലെ വരണാധികാരിക്ക് മുമ്പാകെ നേരിട്ടെത്തി പിന്തുണ പിൻവലിക്കുന്നതായി രേഖാമൂലം അറിയിക്കുകയായിരുന്നു. ഇതോടെ സൂക്ഷ്മ പരിശോധനയിൽ രജിതയുടെ പത്രിക അസാധുവായി.

സി.പി.എമ്മിൻ്റെ ശക്തികേന്ദ്രം

സി.പി.എമ്മിൻ്റെ ശക്തികേന്ദ്രമാണ് ബങ്കളം വാർഡ്. നാമനിർദേശപത്രിക തള്ളിയ ബി.ജെ.പി. സ്ഥാനാർഥി രജിത, കാരാക്കോട് പ്രദേശത്താണ് താമസിക്കുന്നത്. ഇത് വാർഡിൽ നിന്നും കിലോമീറ്ററുകൾ അകലെയാണ്. സി.പി.എമ്മിൻ്റെ ഉരുക്കുകോട്ടയെന്ന വിശേഷണമുള്ള മടിക്കൈ ഗ്രാമപ്പഞ്ചായത്തിൽ മുൻകാലങ്ങളിലും മിക്കവാറും വാർഡുകളിൽ എതിരില്ലാത്ത വിജയങ്ങളുണ്ടായിരുന്നു. എന്നാൽ ഓരോ തവണയും എതിരില്ലാത്ത വിജയങ്ങളുടെ എണ്ണം കുറഞ്ഞുവരുന്ന പ്രവണതയാണ് കണ്ടിരുന്നത്.

കഴിഞ്ഞതവണ ബങ്കളം ഉൾപ്പെടെ നാലുവാർഡുകളിൽ സി.പി.എം. സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആകെയുള്ള 16 വാർഡുകളിൽ എല്ലായിടത്തും ഇക്കുറി എതിർസ്ഥാനാർഥികൾ ഉണ്ടായിരുന്നു. ബങ്കളമുൾപ്പെടെ 14 വാർഡുകളിൽ എൻ.ഡി.എ. സ്ഥാനാർഥികൾ നാമനിർദേശപത്രിക നൽകിയിരുന്നു. ഇതിലൊന്നാണ് ഇപ്പോൾ അസാധുവായത്. രണ്ട് വാർഡിൽ മാത്രമാണ് യു.ഡി.എഫ്. സ്ഥാനാർഥികളുണ്ടായിരുന്നത്.

ഭീഷണിപ്പെടുത്തി പിൻവലിച്ചതെന്ന് ബിജെപി

ഭാസ്‌കരനെ ഭീഷണിപ്പെടുത്തി പിന്തുണ പിൻവലിപ്പിച്ചതാണെന്ന് ബി.ജെ.പി. നേതൃത്വം ആരോപിച്ചു. ഭാസ്‌കരൻ്റെ വീട്ടിൽക്കയറിയാണ് ഭീഷണിപ്പെടുത്തിയത്. ഭാസ്‌കരനെ മാത്രമല്ല, അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തിയതായും ബി.ജെ.പി. നേതാക്കൾ പറഞ്ഞു.

താമസിക്കാൻ അനുവദിക്കില്ല, പുറത്തേക്ക് വിടില്ല, കൃഷികൾ നശിപ്പിക്കും തുടങ്ങിയ തരത്തിലുള്ള ഭീഷണിയാണ് സി.പി.എമ്മിൻ്റെ ഭാഗത്തുനിന്നുണ്ടായതെന്നും ബി.ജെ.പി. ആരോപിച്ചു. സംഭവം സംബന്ധിച്ച് കളക്ടർക്ക് പരാതി നൽകുമെന്നും ബി.ജെ.പി. സംസ്ഥാന കമ്മിറ്റിയംഗം എ. വേലായുധൻ, നേതാക്കളായ എം. പ്രകാശൻ, ഇ. കൃഷ്ണൻ എന്നിവർ അറിയിച്ചു.

സിപിഎം പ്രതികരണം; ആരോപണം അടിസ്ഥാനരഹിതം

അതേസമയം, ബി.ജെ.പി.യുടെ ആരോപണം സി.പി.എം. നിഷേധിച്ചു. സി.പി.എം. മടിക്കൈ സൗത്ത് ലോക്കൽ സെക്രട്ടറി കെ. പ്രഭാകരൻ്റെ മരുമകനാണ് കെ. ഭാസ്‌കരൻ. അദ്ദേഹം സ്വമേധയാ പിന്തുണ പിൻവലിച്ചതാണെന്നും പാർട്ടിയുടെ ഭാഗത്തുനിന്ന് ഒരു തരത്തിലുമുള്ള സമ്മർദവും ഉണ്ടായിട്ടില്ലെന്നും പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനാർഥി സി.പി.എമ്മിലെ വി. പ്രകാശൻ പറഞ്ഞു.

നടപടി ജനാധിപത്യത്തിന് നിരക്കാത്തതെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ്

നാമനിർദേശകനെ ഭീഷണിപ്പെടുത്തി രേഖാമൂലം എഴുതി വാങ്ങി സ്ഥാനാർഥിത്വം തള്ളിച്ച സി.പി.എം. നടപടി ജനാധിപത്യത്തിന് നിരക്കാത്തതാണെന്ന് ബി.ജെ.പി. കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് അശ്വിനി എം.എൽ. പറഞ്ഞു.

സി.പി.എമ്മിൻ്റെ കോട്ടകളിൽ എതിർ സ്ഥാനാർഥികളെ നിർത്തുന്നത് തടയാൻ സാധിക്കാത്ത സാഹചര്യത്തിലാണ് നാമനിർദേശം ചെയ്തവരെയും അവരുടെ കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുന്നത്. ഇതേ സി.പി.എമ്മാണ് ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും പൗരാവകാശത്തെക്കുറിച്ചും കവലപ്രസംഗം നടത്തുന്നതെന്നും അശ്വിനി എം.എൽ. പ്രതികരിച്ചു.

ഈ രാഷ്ട്രീയ വിവാദത്തിൽ നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് ചെയ്യുക.

Article Summary: CPM wins Madikai Ward unopposed; BJP alleges threat behind proposer's withdrawal.

#Madikai #BangkalanWard #KeralaLocalElection #CPMVictory #BJPAllegation #ThreatPolitics

 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia