Madhuvahini | മധുവാഹിനി പുഴ കരകവിഞ്ഞു; മധൂര്‍ ക്ഷേത്രത്തില്‍ വെള്ളം കയറി; 5 കുടുംബങ്ങളെയും ഓള്‍ഡ് ഏജ് ഹോമിലെയും അന്തേവാസികളെ മാറ്റിപാര്‍പിച്ചു
ഒരു കുടുംബം അന്യസംസ്ഥാന തൊഴിലാളികളാണ്.
വാര്‍പ് ഉരുളികളിലാണ് ക്ഷേത്രത്തിലേക്ക് പൂജയ്ക്കാവശ്യമുള്ള സാധനങ്ങള്‍ എത്തിച്ചത്.
അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
കാസര്‍കോട്: (KasargodVartha) അതിശക്തമായ മഴയില്‍ മധുവാഹിനി പുഴ കരകവിഞ്ഞു. മധൂര്‍ ക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലും വെള്ളം കയറി. സമീപ പ്രദേശങ്ങളിലെ അഞ്ച് കുടുംബങ്ങളെയും ഓള്‍ഡ് ഏജ് ഹോമിലെ അന്തേവാസികളെ മാറ്റിപാര്‍പിച്ചു. മധൂര്‍ ശ്രീ മദനന്തേശ്വര-സിദ്ധിവിനായക ക്ഷേത്ര ശ്രീകോവിലിനുള്ളിലേക്ക് വരെ വെള്ളം എത്തി. പൂജാദികര്‍മങ്ങള്‍ക്ക് തടസ്സം നേരിട്ടു.
വാര്‍പ് ഉരുളികളിലാണ് ക്ഷേത്രത്തിലേക്ക് പൂജയ്ക്കാവശ്യമുള്ള സാധനങ്ങള്‍ എത്തിച്ചത്. മധൂര്‍ പഞ്ചായതിലെ പട്‌ല രണ്ടാം വാര്‍ഡില്‍പെട്ട പട്‌ല, മൊഗര്‍, ബൂഡ് പ്രദേശങ്ങളിലെ അഞ്ച് കുടുംബങ്ങളെയാണ് മാറ്റി പാര്‍പിച്ചത്. ഇതില്‍ ഒരു കുടുംബം അന്യസംസ്ഥാന തൊഴിലാളികളാണ്. ഇവരെ പുനരധിവസിപ്പിക്കാന്‍ പഞ്ചായത് അധികൃതര്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഇവിടുത്തെ ഓള്‍ഡ് ഏജ് ഹോമിലെ അന്തേവാസികളെ ബന്ധുക്കളുടെ വീടുകളിലേക്ക് അയച്ചു. കര്‍ണാടക ഭാഗങ്ങളില്‍ മഴ പെയ്തതുമൂലം ചന്ദ്രഗിരി പുഴയിലും മധുവാഹിനി പുഴയിലും വെള്ളം ഉയരാന്‍ കാരണമായിട്ടുണ്ട്. ഇതും വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ പെയ്താല്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാവും. പ്രദേശത്തെ ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
അതിനിടെ ചട്ടംഞ്ചാല്‍ ദേശീയ പാതയിലെ തെക്കിലില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം ഭാഗികമായി തടസ്സപെട്ടു. മണ്ണ് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഇവിടെ ഇനിയും മണ്ണിടിയാന്‍ സാധ്യതയുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. കുന്നിടിച്ച് ദേശീയപാത നിര്‍മാണം നടത്തിയതാണ് മണ്ണിടിയാന്‍ പ്രധാന കാരണം.