കരിങ്കല്ല് ലഭിക്കാത്തതിനാല്‍ മടക്കര ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മാണം നിലച്ചു
Dec 6, 2012, 19:16 IST
കാസര്‍കോട്: കരിങ്കല്ല് ലഭിക്കാത്തതിനാല്‍ ചെറുവത്തൂര്‍- മടക്കര ഫിഷിംഗ് ഹാര്‍ബറിന്റെ പണി നിലച്ചിരിക്കുകയാണെന്ന് ഹാര്‍ബര്‍ ഡവലപ്‌മെന്റ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കരിങ്കല്ല് ലഭ്യമാക്കാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ പദ്ധതി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാരെന്നും അവര്‍ അറിയിച്ചു. അടിയന്തിര നടപടിയുണ്ടായില്ലെങ്കില്‍ ഹാര്‍ബര്‍ ഡവലപ്‌മെന്റ് കമ്മിറ്റി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. 2013ലാണ് പദ്ധതി പൂര്‍ത്തീകരിക്കേണ്ടത്. ചില ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം എക്‌സ്‌പ്ലോസീവ് ലൈസന്‍സ് ലഭിക്കാത്തതിനാലാണ് കരിങ്കല്ല് എത്തിക്കാന്‍ കഴിയാത്തത്.
പദ്ധതി നിലവില്‍ വരുന്നതോടു കൂടി കോട്ടപ്പുറം- അച്ചാംതുരുത്തി പാലം പൂര്‍ത്തീകരിക്കാനും നീലേശ്വരം ഹൈവേയില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മടക്കര ഹാര്‍ബറില്‍ എത്താനും കഴിയും. ചെറുവത്തൂര്‍ മേല്‍പ്പാലത്തിന്റെ പണി പൂര്‍ത്തിയാക്കുന്നതോടെ മത്സ്യത്തൊഴിലാളികള്‍ക്കും, വാഹനങ്ങള്‍ക്കും യാത്രാസൗകര്യം മെച്ചപ്പെടുകയും ചെയ്യും.
പുതുതായി പണിയുന്ന ഫിഷിംഗ് ഹാര്‍ബര്‍ നവീന രീതിയിലുള്ളതും വാര്‍ഫ് 60 മീറ്റര്‍ നീളത്തില്‍ ലേലപുരയും, ഓഫീസുകള്‍, കാന്റീനുകള്‍, സ്റ്റോര്‍ റൂമുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ അടങ്ങിയതുമാണ്. ചെറുവത്തൂര്‍, നീലേശ്വരം പഞ്ചായത്തുകളുടെ മുഖച്ഛായ മാറ്റാന്‍ പര്യാപ്തമാകുന്ന പദ്ധതിയുടെ പുലിമുട്ടു നിര്‍മാണവും കരിങ്കല്ല് ലഭിക്കാത്തതിനാല്‍ മുടങ്ങിയിരിക്കുകയാണ്. വടക്കുഭാഗം 833 മീറ്ററും, തെക്കുഭാഗം 803 മീറ്ററും നീളത്തിലാണ് പുലിമുട്ട് പണിയുന്നത്. പണി പാതിയില്‍ നിലച്ചതിനാല്‍ അഴിമുഖത്തും മറ്റും രൂപപ്പെട്ട മണല്‍ത്തിട്ടകള്‍ മൂലം മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടുകള്‍ കടലിലിറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
2010ലാണ് 50 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പദ്ധതിക്ക് തറക്കല്ലിട്ടത്. ആദ്യഘട്ടത്തില്‍ അതിവേഗം പുരോഗമിച്ച നിര്‍മാണ ജോലികള്‍ ആറു മാസമായി തീര്‍ത്തും നിലച്ചിരിക്കുകയാണെന്ന് ഹാര്‍ബര്‍ ഡവലപ്‌മെന്‍ഡ് കമ്മിറ്റി ഭാരവാഹികളായ മുനമ്പത്ത് ഗോവിന്ദന്‍, കെ.സി. ബാലകൃഷ്ണന്‍, കെ.സി. കരീം, മൂക്കല്‍ അണ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Keywords: Cheruvathur, Harber, Press meet, Kasaragod, Over bridge, Kerala, Malayalam News, Kottapuram, Achamthuruthi.