Awareness | സൈബർ തട്ടിപ്പിനെതിരെ ‘മാവേലി’ക്ക് പറയാനുള്ളത്!
● ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരാകാൻ നിരവധി നിർദ്ദേശങ്ങൾ നൽകി.
● കാഞ്ഞങ്ങാട് നഗരത്തിൽ നടന്ന പരിപാടി വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.
കാഞ്ഞങ്ങാട്: (KasargodVartha) സൈബർ തട്ടിപ്പുകളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഹോസ്ദുർഗ്ഗ് ജനമൈത്രി പോലീസ് സ്റ്റേഷൻ നടത്തിയ ബോധവൽക്കരണ പരിപാടി ശ്രദ്ധേയമായി. ഓണാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരത്തിൽ നടന്ന പരിപാടിയിൽ മാവേലിയുടെ വേഷത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ എത്തി സൈബർ സുരക്ഷയെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകി.
കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ നടന്ന ഉദ്ഘാടനം കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങത്ത് നിർവഹിച്ചു. ഹോസ്ദുർഗ്ഗ് ഇൻസ്പെക്ടർ പി അജിത് കുമാർ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സി.കെ ആസിഫ്, പ്രസ്സ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ, പത്രപ്രവർത്തകൻ മുഹമ്മദ് അസ്ലം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കേരള പൊലീസിനുവേണ്ടി മാവേലി പറഞ്ഞ സുരക്ഷാ നിർദ്ദേശങ്ങൾ ഇവയാണ്:
ഫോണിൽ വരുന്ന അജ്ഞാത ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കുക.
ഓൺലൈൻ ഇടപാടുകളിൽ പണം നഷ്ടപ്പെട്ടാൽ 1930 എന്ന നമ്പരിൽ വിളിച്ച് പരാതി നൽകുക.
സംശയാസ്പദമായ കോളുകൾ അറ്റൻഡ് ചെയ്യരുത്.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാസ്‌വേർഡ് (OTP) ആർക്കും നൽകരുത്.
ഓൺലൈൻ പാർട്ട്‌ടൈം ജോലി വാഗ്ദാനങ്ങളിൽ വീണു പോകരുത്.
അനാവശ്യ ആപ്പുകൾ ഫോണിൽ ഡൗൺലോഡ് ചെയ്യരുത്.
സുരക്ഷിതമായ പാസ്‌വേർഡ് ഉപയോഗിക്കുക.
വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുക.
IMEI നമ്പർ സൂക്ഷിച്ചു വെക്കുക.
ഫോണിലൂടെ അനാവശ്യ ഗെയിമുകൾ കളിക്കരുത്.
ലോൺ ആപ്പുകളിലെ ചതിക്കുഴികളിൽ നിന്ന് ജാഗ്രത പാലിക്കുക.
ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി പരിപാടിക്ക് സ്വാഗതവും, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ബിന്ദു. വി.വി നന്ദിയും പറഞ്ഞു.
ഈ വാർത്ത പങ്കിടുക! പൊലീസിൻ്റെ നന്മ നാടറിയട്ടെ. നിങ്ങളുടെ ഷെയർ, നല്ല വാക്കുകൾ എന്നിവ ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമാണ്.
#cybersecurity #onlinesafety #keralapolice #kannur #maaveli #digitalliteracy #staysafeonline #cybercrimeawareness